യൂറോപ്യൻ വിപണിയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിലെ വിമാനത്താവള നടത്തിപ്പ് രംഗത്തേക്ക് ചുവടുവെക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ഇറ്റലിയിലെ പ്രമുഖ വിമാനത്താവളമായ കറ്റാനിയ എയർപോർട്ടിന്റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എയർപോർട്ട് ഹോൾഡിങ്സ് ശ്രമിക്കുന്നത്.
പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. കറ്റാനിയ വിമാനത്താവളത്തിന്റെ നിലവിലെ ഉടമസ്ഥരായ സാക് (SAC) കുറഞ്ഞത് 51 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
2022-ൽ തുടക്കമിട്ട പൊതുമേഖലാ വിമാനത്താവള സ്വകാര്യവൽക്കരണ നടപടികളിലൂടെ ഏകദേശം 6500 കോടിയോളം രൂപ സമാഹരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇറ്റലിയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമാണിത്. വലിയ മത്സരമാണ് കറ്റാനിയ എയർപോർട്ടിന്റെ ഭൂരിപക്ഷ ഓഹരികൾക്കായി നടക്കുന്നത്.
അദാനിയെക്കൂടാതെ മറ്റ് 9 പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ കൂടി റേസിലുണ്ട്. വാൻസീ എയർപോർട്സ്, റോയൽ സ്കിഫോൾ ഗ്രൂപ്പ്, കോർപറേഷ്യോൻ അമേരിക്ക എയർപോർട്സ്, മൂൺഡീസ്, സാവെ, മാഗ് ഓവർസീസ് ഇൻവെസ്റ്റ്മെന്റ്, ഡൂഏയി എയറോപോർട്ടീ, ഒമാൻ എയർപോർട്സ് മാനേജ്മെന്റ് കമ്പനി, മക്വയറി യൂറോപ്യൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നിവയോടാണ് അദാനി മത്സരിക്കുന്നത്.
ഇന്ത്യയിൽ തിരുവനന്തപുരം, മംഗളൂരു, മുംബൈ, നവിമുംബൈ, ഗുവാഹതി, ലക്നൗ, അഹമ്മദാബാദ്, ജയ്പുർ എന്നീ എട്ട് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും വികസനവും നിലവിൽ നിർവഹിക്കുന്നത് അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് ആണ്. ആഗോളതലത്തിലേക്ക് വ്യോമയാന മേഖലയിലെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലിയിലെ വിമാനത്താവളവും ലക്ഷ്യമിടുന്നത്.
അതിനിടെ, ബ്രിട്ടനിലെ വൻകിട തുറമുഖ ഓപ്പറേറ്ററായ അസോഷ്യേറ്റഡ് ബ്രിട്ടിഷ് പോർട്സിന്റെ (ABP) ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാനും അദാനി ഗ്രൂപ്പിന്റെ പോർട്ട് വിഭാഗമായ അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
എബിപിയുടെ 63.9% ഓഹരികൾ സ്വന്തമാക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 21 തുറമുഖങ്ങളാണ് എബിപിക്ക് കീഴിലുള്ളത്.
ബ്രിട്ടന്റെ മൊത്തം സമുദ്രവ്യാപാരത്തിന്റെ 25 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ തുറമുഖങ്ങളാണ്. നിലവിൽ ഇന്ത്യയിൽ 15 തുറമുഖങ്ങളും ഇസ്രയേൽ, ശ്രീലങ്ക, ഓസ്ട്രേലിയ, ടാൻസനിയ തുടങ്ങിയ രാജ്യങ്ങളിൽ രാജ്യാന്തര തുറമുഖങ്ങളും അദാനി ഗ്രൂപ്പ് വിജയകരമായി പ്രവർത്തിപ്പിച്ചു വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

