തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെയ്ക്ക് തിരിച്ചടിയായി നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വൈകുന്നു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ഓഗസ്റ്റിൽ നടക്കില്ല.
തമിഴ്നാട്ടിലെ ഈ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഓഗസ്റ്റ് 28 വരെ നീട്ടിയത്.
നേരത്തെ ജൂലൈ 31 വരെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുന്നതോടെ, ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ടിവികെയുടെ നീക്കങ്ങൾക്കാണ് ഇതുമൂലം തടസ്സമുണ്ടായിരിക്കുന്നത്.
നിലവിൽ കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജികൾ നിലവിലുണ്ടെന്ന കാരണത്താണ് കമ്മീഷനെ വിലക്കിയ ഉത്തരവ് കോടതി നീട്ടിയത്. ഇന്നലെ ഈ ഹർജികൾ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു.
തിരുച്ചി ഈസ്റ്റ്, പെരുന്തുറ, അംബാസമുദ്രം, വിരലിമലൈ, കരൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, ഈ മണ്ഡലങ്ങളിലെ മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ കോടതിയുടെ പരിഗണനയിലുണ്ട്.
ഹർജികളിൽ വിധി വരുന്നതിന് മുൻപ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് നിയമക്കുരുക്കുകൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഈ നടപടി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും വിശദീകരണം തേടിയ കോടതി, വിഷയം വിശദമായി വാദം കേൾക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഹർജികൾ ഉണ്ടെന്ന പേരിൽ ഉപതെരഞ്ഞെടുപ്പ് വൈകിക്കുന്ന പുതിയ രീതിയാണ് പയറ്റുന്നതെന്ന വിമർശനവും ഇതിനിടയിൽ ഉയരുന്നുണ്ട്. സംസ്ഥാനത്ത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന വലിയ ആരോപണങ്ങൾക്കിടയിലാണ് ഉപതെരഞ്ഞെടുപ്പ് നടപടികൾ വൈകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

