പത്തനംതിട്ടയിൽ ലഭ്യമാകുന്ന വിവരപ്രകാരം, ആഗോള താപന ഫലമായി മഞ്ഞുപാളികൾ ഉരുകുന്നതിന് ഒപ്പം 11 വർഷം മുൻപുണ്ടായ ഹിമാലയൻ ഭൂചലനവും (തീവ്രത: 7.8) നേപ്പാളിൽ ഹിമപർവത തെന്നിമാറൽ ദുരന്തത്തിനു കാരണമായതായി നിഗമനം. കാലാവസ്ഥാ ഗവേഷക സംഘടനയായ വേൾഡ് വെതർ ആട്രിബ്യൂഷൻ പുറത്തിറക്കിയ വിശകലനത്തിലാണ് ഈ സൂചനയുള്ളത്.
കാർബൺ–പെട്രോളിയം വമനം മൂലമുണ്ടായ മനുഷ്യനിർമിത താപനം മഞ്ഞുപാളികളെ ഉരുക്കുന്നതിന് ഒപ്പം ഹിമാലയൻ മലനിരകളെ ദുർബലമാക്കുന്നതായും പഠനം നടത്തിയ ലണ്ടൻ ഇംപീരിയൽ കോളജിലെ ബെൻ ക്ലർക് വ്യക്തമാക്കി. തീവ്രമഴയുടെ ഫലമല്ല നേപ്പാൾദുരന്തം.
അന്തരീക്ഷ താപവർധന മൂലം മഞ്ഞുപാളികൾ വർഷം തോറും മില്ലീമീറ്റർ കണക്കിനാണെങ്കിലും ശോഷിക്കുന്നുണ്ട്. പാറയും മണ്ണും മഞ്ഞും ചേർന്ന് യുഗങ്ങൾക്കു മുൻപേ തുടങ്ങിയ ഭൗമബന്ധത്തെ ഇതു ദുർബലപ്പെടുത്തുന്നു.
അഞ്ചായിരം മീറ്ററിനു മുകളിൽ, വർഷം മുഴുവൻ മഞ്ഞു മൂടിക്കിടന്നിരുന്ന ഇടങ്ങളിൽ ഗവേഷകർ സ്ഥാപിച്ചിരുന്ന പല മഞ്ഞുമാപിനികളും ചില മാസങ്ങളിലെങ്കിലും മഞ്ഞില്ലാക്കുന്നുകളിലെ നോക്കുകുത്തികളായി മാറിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഇത്രയും കാലം പൂജ്യം ഡിഗ്രിയിൽ മഞ്ഞിനടിയിലായിരുന്ന പാറകളിലേക്ക് സൂര്യവെളിച്ചം പതിക്കുന്നു എന്നു പറയുമ്പോൾ വരാൻ പോകുന്ന മഞ്ഞുരുക്കത്തെപ്പറ്റി ചിന്തിക്കാവുന്നതേയുള്ളൂ എന്ന് ഗ്രാസ് സർവകലാശാലയിലെ ഹിമാലയൻ ഭൗമ ഗവേഷകനായ ജേക്കബ് സ്റ്റെയിനർ അഭിപ്രായപ്പെട്ടു.
ഹിമത്തിന്റെ ആലയം എന്ന പേര് അന്വർഥമാക്കുന്ന തരത്തിലുള്ള മഞ്ഞുപാളികളുടെ സാന്നിധ്യം ഓരോ 10 വർഷം കഴിയുന്തോറും 100 മീറ്റർ വീതം മുകളിലേക്ക് കയറിപോവുകയാണ്. 2025 നവംബറിൽ ശക്തമായ ഹിമപാതം മൂലം ധാരാളം ശൈത്യജലം സംഭരിക്കപ്പെട്ടിരുന്നു.
നേപ്പാളിലെ ഹിമാലയൻ പർവത താപനിലയിലും നേരിയ വർധനവുണ്ട്. ഇങ്ങനെ കാലാവസ്ഥാപരമായ പല ഘടകങ്ങൾ ചേർന്ന് വൻദുരന്തത്തിനു വഴിതുറക്കുകയായിരുന്നു എന്നും വെതർ ആട്രിബ്യൂഷൻ റിപ്പോർട്ട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

