വിവാഹ ചടങ്ങുകളിൽ മുൻകൂട്ടി പണം വാങ്ങി ഭക്ഷണം എത്തിക്കാതെ വഞ്ചിച്ച സംഭവത്തിൽ കാറ്ററിങ് സ്ഥാപന ഉടമ പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹൻ ആണ് കസ്റ്റഡിയിലായത്.
മുണ്ടക്കയം, കഞ്ഞിക്കുഴി, എറണാകുളം എന്നിവിടങ്ങളിൽ നടന്ന മൂന്ന് വിവാഹങ്ങൾക്കാണ് ഇയാൾ ഭക്ഷണം മുടക്കിയത്. വിവാഹ ചടങ്ങുകളിൽ കൃത്യസമയത്ത് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം സ്ഥാപനം മുങ്ങുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാർ ഉദയം കാറ്ററിങ്ങ് സർവീസിനെ കുറിച്ച് വിവരങ്ങൾ അറിയുന്നത്. കാറ്ററിങ് നടത്തിപ്പുകാരനായ വിഷ്ണുവിന് ഇവർ മുൻകൂറായി ഒരു ലക്ഷം രൂപ വീതം നൽകിയിരുന്നു.
എന്നാൽ പെരുമ്പാവൂർ സ്വദേശികളിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയാണ് ഇയാൾ തട്ടിയത്. വിവാഹ ചടങ്ങുകൾ അവസാനിച്ചിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് വഞ്ചിക്കപ്പെട്ട
വിവരം ബന്ധുക്കളുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് മറ്റ് ഹോട്ടലുകളിൽ നിന്നും ഭക്ഷണം വരുത്തിയാണ് അതിഥികൾക്ക് നൽകിയത്.
വിവാഹവീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഞ്ഞിക്കുഴിയിലെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസും ചോറ്റിയിലെ പരാതിയിൽ മുണ്ടക്കയം പൊലീസുമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിന് പിന്നാലെ പെരുമ്പാവൂർ സ്വദേശികളും സമാന പരാതിയുമായി രംഗത്തെത്തുകയായിരുന്നു. വീട്ടുകാരെ കബളിപ്പിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ സമാനമായ രീതിയിൽ ഉദയം കാറ്ററിങ്ങിന്റെ ഭാഗത്തുനിന്നും മുൻപും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന തരത്തിൽ നിരവധി വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

