പുളിഞ്ഞാൽ ∙ യാത്രാ സൗകര്യം ഇല്ലാതെ പുളിഞ്ഞാലും സമീപ പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലായി വർഷങ്ങൾ പിന്നിടുമ്പോഴും നടപടിയെടുക്കാതെ അധികൃതർ.
ഇവിടേക്കുള്ള റോഡുകളെല്ലാം പൂർണമായും തകർന്നിട്ട് വർഷങ്ങളായി. ഗതാഗത സംവിധാനവും താറുമാറായതാണു പ്രദേശം ഒറ്റപ്പെടാൻ കാരണം. പ്രവൃത്തി ആരംഭിച്ചിട്ട് 5 വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്ത വെള്ളമുണ്ട–പുളിഞ്ഞാൽ–മൊതക്കര റോഡ് ആണ് പ്രദേശത്തേക്കുള്ള പ്രധാന പാത.
പാടേ തകർന്ന റോഡ് നവീകരണത്തിനായി പൊളിച്ചതോടെ യാത്രാ ദുരിതം ഇരട്ടിയായി.
പ്രതിഷേധങ്ങൾ പതിവാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു നടപടികളില്ലാത്തതാണു റോഡ് പണി അനന്തമായി നീളാൻ കാരണം. പ്രതിഷേധം ശക്തമാകുമ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ തട്ടിക്കൂട്ട് പണി നടത്തി അധികൃതർ മുങ്ങുകയാണ് പതിവെന്ന് പരാതിയുണ്ട്.
പൊടി ശല്യവും ചെളിയും കാരണം വലയുകയാണെന്നു നാട്ടുകാർ പറഞ്ഞു. വെള്ളമുണ്ട പഞ്ചായത്തിലെ 4,2,21,20,18,16 വാർഡുകളിലൂടെ പോകുന്ന റോഡ് നൂറുകണക്കിന് കുടുംബങ്ങൾക്ക് പുറം ലോകത്ത് എത്താനുള്ള പ്രധാന മാർഗമാണ്.
റോഡിന്റെ തകർച്ച കാരണം ഏക ബസ് സർവീസും നിർത്തലാക്കി.
ഇപ്പോൾ പുളിഞ്ഞാൽ, നാരോക്കടവ്, നെല്ലിക്കച്ചാൽ, ആലക്കണ്ടി പ്രദേശങ്ങളിലുള്ളവർ ഏറെ ദുരിതം സഹിച്ചാണ് പുറം ലോകത്ത് എത്തുന്നത്. റോഡിന്റെ ശോച്യാവസ്ഥ കാരണം വാഹനങ്ങൾ ഓട്ടം വരാത്ത അവസ്ഥയുമുണ്ട്.
അപൂർവമായി എത്തുന്ന വാഹനങ്ങൾക്ക് അധിക കൂലി നൽകേണ്ട സ്ഥിതിയുമാണ്.
യാത്രാ ഇനത്തിൽ മാത്രം ഭീമമായ നഷ്ടമാണ് നാട്ടുകാർക്കുള്ളത്. രോഗികളെ വിവിധ ഇടങ്ങളിൽ ചികിത്സയ്ക്ക് എത്തിക്കാനും മാർഗമില്ലാതെ നാട്ടുകാർ കുഴങ്ങുന്നു. റോഡ് പ്രവൃത്തിയുടെ ഭാഗമായി മൊതക്കരയിൽ പാലം പുതുക്കിപ്പണിയണം.
റോഡ് പണിയുടെ ഭാഗമായി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയെങ്കിലും പല കാരണങ്ങളാൽ പ്രവൃത്തി ആരംഭിച്ചിരുന്നില്ല.
നിലവിൽ പാലം പുനർ നിർമിക്കാൻ ടെൻഡർ നൽകിയതായി പറയപ്പെടുന്നു. സമയബന്ധിതമായി അത് പൂർത്തീകരിച്ചില്ലെങ്കിൽ യാത്രാക്ലേശം ഇനിയും തുടരാനാണു സാധ്യത. മൊതക്കര മുതൽ പുളിഞ്ഞാൽ വരെയുള്ള ഭാഗത്ത് 2 മാസം മുൻപു ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും പൊളിഞ്ഞു തുടങ്ങി. പുളിഞ്ഞാൽ മുതൽ വെള്ളമുണ്ട
വരെയുള്ള ഭാഗത്ത് ടാറിങ് നടത്തുന്നതിന്റെ ഭാഗമായി സോളിങ് ചെയ്തിട്ടുണ്ട്.
എന്നാൽ, കാലതാമസം നേരിട്ടതോടെ പലയിടങ്ങളിലും കല്ലിളകി അപകടാവസ്ഥയായി. പുളിഞ്ഞാൽ പ്രദേശത്തേക്കുള്ള മറ്റു യാത്രാ മാർഗങ്ങളായ മാങ്ങോട്–മടത്തുംകുനി–നെല്ലിക്കച്ചാൽ റോഡ്, വെള്ളമുണ്ട–മംഗലശ്ശേരി റോഡ് എന്നിവയും കാൽനട യാത്ര പോലും അസാധ്യമായ വിധത്തിലാണ്. പ്രധാന റോഡ് അടഞ്ഞതോടെ ഇവ താൽക്കാലികമായെങ്കിലും ഗതാഗതയോഗ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.
വർഷങ്ങളായി തുടരുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കമ്പളക്കാട് – കൊഴിഞ്ഞങ്ങാട് റോഡ് തകർച്ച:പ്രതിഷേധം ശക്തം
കമ്പളക്കാട്∙ തകർന്നു തരിപ്പണമായ കമ്പളക്കാട് – കൊഴിഞ്ഞങ്ങാട് റോഡ് നന്നാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാട്ടുകാർ വോട്ട് ബഹിഷ്കരണം അടക്കമുള്ള പ്രതിഷേധ പരിപാടികൾ ആവിഷ്കരിച്ചിരിക്കെ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
കമ്പളക്കാട് – കൊഴിഞ്ഞങ്ങാട് റോഡ് ഗതാഗത യോഗ്യമാക്കുക, ജില്ലാ പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക എന്ന് എഴുതിയ ബാനറുകൾ കഴിഞ്ഞദിവസം സിപിഐ കൊഴിഞ്ഞങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ റോഡിൽ പലയിടത്തായി സ്ഥാപിച്ചു.
ഗോത്ര വിഭാഗങ്ങൾ അടക്കം നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്നതും കമ്പളക്കാട് ടൗണിനെ കൊഴിഞ്ഞങ്ങാട്, പുളിക്കൽകുന്ന്, അരിവാരം പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതുമായ റോഡാണിത്. കമ്പളക്കാട് ഗവ.യുപി സ്കൂളിലേക്ക് അടക്കം വിദ്യാർഥികളുടെയും പ്രദേശവാസികളുടെയും ഏക ആശ്രയമായ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായെങ്കിലും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് സിപിഐ പ്രവർത്തകർ അടക്കം ആരോപിക്കുന്നത്.
ജില്ലാ പഞ്ചായത്ത് രണ്ടു തവണ 30 ലക്ഷം രൂപ മുടക്കി കുറഞ്ഞ ഭാഗം ടാറിങ്ങും സൈഡ് കോൺക്രീറ്റും ചെയ്തതല്ലാതെ ബാക്കിയുള്ള ഭാഗത്തെ കുഴികൾ പോലും അടയ്ക്കാൻ പോലും നടപടി എടുത്തില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. കണിയാമ്പറ്റ പഞ്ചായത്തിലെ പ്രധാനപ്പെട്ട
മൂന്ന് വാർഡുകളിലൂടെ പോകുന്ന റോഡിലൂടെയുള്ള യാത്രാക്ലേശം പരിഹരിക്കാൻ അധികൃതരുടെ ശ്രമിക്കണമെന്നാണു നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

