ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ നായികയായി സ്മൃതി മന്ദാനയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ ഹര്‍മന്‍പ്രീത് കൗര്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്കാണ് ഈ നിയമനം.
വരാനിരിക്കുന്ന സിംബാബ്വെക്കെതിരായ പരമ്പരയിലായിരിക്കും താരം മുഴുവൻ സമയ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുക. ഒക്ടോബർ 16 മുതൽ 28 വരെ റായ്പൂരിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലും ട്വന്റി-20 ഫോർമാറ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ മുൻപന്തിയിലാണ് ഈ ഇടങ്കയ്യൻ ബാറ്റർ. നേതൃപാടവത്തില്‍ വലിയ പരിചയസമ്പത്തുള്ള താരമാണ് സ്മൃതി മന്ദാന.
മുമ്പ് 18 ട്വന്റി-20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും അവർ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കൂടാതെ വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 2024-ലും 2026-ലും കിരീടത്തിലേക്ക് നയിച്ചതും സ്മൃതിയുടെ ക്യാപ്റ്റൻസി മികവിലായിരുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ മുൻനിര താരങ്ങളിലൊരാളായ സ്മൃതി മന്ദാന ടീമിന്റെ എല്ലാ ഫോർമാറ്റുകളിലെയും മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിസിസിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2013 മുതൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ സ്മൃതി വലിയ അനുഭവസമ്പത്തുമായാണ് ഈ സുപ്രധാന ചുമതല ഏറ്റെടുക്കുന്നതെന്നും, ടീം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഈ നിർണായക സമയത്ത് നേതൃത്വം നൽകാൻ അവർ തികച്ചും യോഗ്യയാണെന്നും ബോർഡ് കൂട്ടിച്ചേർത്തു.
സിംബാബ്വെക്കെതിരായ ഏകദിന, ടി20 ടീമുകളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ഹര്‍മന്‍പ്രീത് കൗര്‍ ഇരു ടീമുകളിലെയും നിർണായക സാന്നിധ്യമായി തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

