സംസ്ഥാനത്തെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. പാചകവാതകത്തിന്റെയും പച്ചക്കറികളുടെയും വിലയിലുണ്ടായ കുതിച്ചുചാട്ടം വ്യാപാരികളെയും സാധാരണക്കാരെയും ഒരുപോലെ വലയ്ക്കുകയാണ്.
കഴിഞ്ഞ ഒന്നിന് വാണിജ്യ സിലിണ്ടറിന് 68 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2873 രൂപയായി ഉയർന്നു.
ജൂൺ മാസം മുതൽ കുറഞ്ഞുതുടങ്ങിയ സിലിണ്ടർ വിലയാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും വർധിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ വിലക്കയറ്റമെന്നാണ് വിലയിരുത്തൽ.
ഇതിനിടയിലാണ് വിപണിയിൽ പച്ചക്കറി വിലയും കുത്തനെ ഉയർന്നത്. ആഴ്ചകൾക്ക് മുൻപ് വരെ 18 രൂപയായിരുന്ന സവാള വില നിലവിൽ 55 രൂപയായാണ് വർധിച്ചത്.
ചെറിയ ഉള്ളി കിലോഗ്രാമിന് 70 രൂപയിലും വെളുത്തുള്ളി കിലോഗ്രാമിന് 160 രൂപയിലും എത്തിനിൽക്കുന്നു. തക്കാളി വില 20 രൂപയിൽ നിന്ന് ഒറ്റയടിക്ക് 26 രൂപ വർധിച്ച് 46 രൂപയിലെത്തി.
മറ്റ് പച്ചക്കറികളുടെ വിലയിലും വലിയ വർധനയുണ്ടായിട്ടുണ്ട്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയാണ് ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലക്കയറ്റത്തിന് കാരണം.
കൂടാതെ, ഈ പച്ചക്കറികളുടെ വിളവെടുപ്പ് സീസൺ കഴിഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ഈ വിലക്കയറ്റം പിടിച്ചുനിർത്തിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് ഹോട്ടൽ വ്യാപാരികൾ വ്യക്തമാക്കുന്നു.
ഭക്ഷണത്തിന് ഇനിയും വില കൂടുമോ? സിലിണ്ടർ, പച്ചക്കറി വിലകൾ വർധിച്ചതോടെ ഭക്ഷണസാധനങ്ങളുടെ വിലയും വീണ്ടും കൂടുമോ എന്ന ആശങ്കയിലാണ് പൊതുജനം. നിലവിൽ തന്നെ സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വിലയാണ് ഹോട്ടൽ ഭക്ഷണത്തിനെന്ന ആക്ഷേപം ശക്തമാണ്.
പല ഹോട്ടലുകളിലും ചായയ്ക്ക് 12 മുതൽ 15 രൂപ വരെയും, ഊണിന് 50 മുതൽ 80 രൂപ വരെയും, ബിരിയാണിയ്ക്ക് 160 മുതൽ 190 രൂപ വരെയുമാണ് ഈടാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു വാണിജ്യ സിലിണ്ടർ വില ഉയർന്നപ്പോൾ തന്നെ ഹോട്ടൽ വ്യാപാരികൾ ഭക്ഷണസാധനങ്ങളുടെ വില കൂട്ടിയിരുന്നു.
എന്നാൽ പിന്നീട് പാചകവാതക സിലിണ്ടർ വില കുറഞ്ഞിട്ടും ഹോട്ടൽ ഭക്ഷണത്തിന്റെ വില കുറയ്ക്കാൻ തയ്യാറായിരുന്നില്ല. പുതിയ സാഹചര്യത്തിൽ വില കൂട്ടാനില്ലെന്നാണ് ഹോട്ടൽ വ്യാപാരികളുടെ നിലപാട്.
ഒരു അളവിൽ കൂടുതൽ ഭക്ഷണത്തിനു വില വർധിപ്പിച്ചാൽ ഹോട്ടലുകളിലേക്ക് ആളുകൾ എത്താത്ത സാഹചര്യം ഉണ്ടാകും. ജൂൺ മുതൽ വാണിജ്യ സിലിണ്ടർ വില കുറഞ്ഞെങ്കിലും അത് ചെറിയ തുക മാത്രമായിരുന്നതിനാലാണ് ഭക്ഷണ വില കുറയ്ക്കാതിരുന്നത്.
ഹോട്ടൽ മുറി വാടകയും തൊഴിലാളികളുടെ ശമ്പളവും ഉൾപ്പെടെ നടത്തിപ്പ് ചെലവുകൾ വൻതോതിൽ വർധിച്ചിട്ടുണ്ടെങ്കിലും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളിലേക്ക് കടക്കില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

