പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻന്റെ ചണ്ഡീഗഢിലെ ഔദ്യോഗിക ക്യാംപ് ഓഫിസിലും അദ്ദേഹത്തിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്ഡി) രാജ്ബീർ സിങ് ഘുമൻന്റെ വസതിയിലും സിബിഐ റെയ്ഡ്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട
അഴിമതി ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്താൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് സിബിഐയുടെ അടിയന്തര നീക്കം. സിബിഐ നടപടിയോടു കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചത്.
‘‘ബിജെപി വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്റെ ക്യാംപ് ഓഫിസിൽ സിബിഐ റെയ്ഡ് നടത്തി.
പഞ്ചാബ് സർക്കാരിനെയും എന്നെയും അപകീർത്തിപ്പെടുത്താൻ ഇനി ഇ.ഡിയെയും സിബിഐയെയും അവർ ദുരുപയോഗം ചെയ്യും. ജനങ്ങളിൽനിന്ന് എനിക്കു ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ബിജെപി പരിഭ്രാന്തിയിലാണ്’’ – ഭഗവന്ത് മൻ എക്സിൽ കുറിച്ചു.
സിബിഐ അന്വേഷണത്തിന് തിങ്കളാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. പഞ്ചാബ് സർക്കാരിലെ ഉദ്യോഗസ്ഥരുടെ തസ്തിക മാറ്റങ്ങൾക്കും പ്രധാന നിയമനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതർ സ്വാധീനം ചെലുത്തുകയും വൻ തുക കൈക്കൂലി വാങ്ങുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം.
ഹൗസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട കേസിൽ, ഭൂമിയുടെ ഉപയോഗം മാറ്റുന്നതിനുള്ള അനുമതികൾ നൽകാൻ വ്യാജ സമ്മതപത്രങ്ങൾ ചമയ്ക്കുകയും അഴിമതി നടത്തുകയും ചെയ്തു.
സർക്കാർ ടെൻഡറുകളിലും മറ്റ് ഇടപാടുകളിലും സ്വാധീനം ചെലുത്താൻ സ്വകാര്യ വ്യക്തികളും ഇടനിലക്കാരും അടങ്ങുന്ന ശൃംഖല മുഖ്യമന്ത്രിയുടെ ഓഫിസിനു ചുറ്റും പ്രവർത്തിച്ചിരുന്നു എന്നിവയാണ് കണ്ടെത്തലുകൾ. കേസിൽ പ്രധാനമായി പരാമർശിക്കപ്പെട്ടിട്ടുള്ള വ്യക്തിയായിട്ടും, ഒഎസ്ഡി രാജ്ബീർ സിങ് ഘുമനെ, പഞ്ചാബ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഉൾപ്പെടുത്താതിരുന്നതിനെ കോടതി ശക്തമായി വിമർശിച്ചിരുന്നു.
അഭിഭാഷകനായ നിഖിൽ സറഫ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. കേസിനാസ്പദമായ വിവരങ്ങളിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യങ്ങൾ നടന്നതായി വ്യക്തമാണെന്നു നിരീക്ഷിച്ച കോടതി, കേന്ദ്ര ഏജൻസിയെ സഹായിക്കാൻ പഞ്ചാബ് സർക്കാരിനും സംസ്ഥാന പൊലീസിനും നിർദേശം നൽകുകയായിരുന്നു.
അതേസമയം, ഹൈക്കോടതി ഉത്തരവിതിരെ പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

