വയനാട് ജില്ലയിലെ വിവിധ അങ്കണവാടികളിൽ അരിവിതരണം തടസ്സപ്പെട്ടത് കുട്ടികളുടെ ഭക്ഷണക്രമത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് ജില്ലയിൽ അരിവിതരണം നിലച്ചത്.
കേന്ദ്ര സർക്കാർ അരിവിഹിതം വെട്ടിക്കുറച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ എല്ലാ കേന്ദ്രങ്ങളിലും ഈ പ്രശ്നമില്ലെന്നും ചിലയിടങ്ങളിൽ മാത്രമാണ് അരിവിതരണം മുടങ്ങിയിട്ടുള്ളതെന്നും ജീവനക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ ഹാജർ നില പോക്ഷൻ ആപ്പ് വഴി കൃത്യസമയത്ത് അപ്ലോഡ് ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് വിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു. ഏപ്രിൽ മാസത്തെ ഹാജർ നില അടിസ്ഥാനമാക്കിയാണ് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ അരിവിഹിതം അനുവദിക്കുന്നത്.
ഈ കാലയളവിൽ പുതിയ മൊബൈൽ ഫോണുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാർ സമരത്തിലായിരുന്നു. അതിനാൽ തന്നെ ഹാജർ വിവരങ്ങൾ ഓൺലൈനായി നൽകാൻ കഴിഞ്ഞിരുന്നില്ല.
ഒരു കുട്ടിക്ക് പ്രതിദിനം 100 ഗ്രാം അരിയാണ് വിതരണം ചെയ്യേണ്ടത്. സമരം പിൻവലിക്കാൻ യൂണിയനുകളോട് ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ലെന്ന് ഐസിഡിഎസ് അധികൃതർ അറിയിച്ചു.
ഫോണുകൾ ലഭ്യമാക്കിയില്ലെങ്കിലും ജീവനക്കാർക്ക് പുതിയ സിം കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. മുട്ട
ബിരിയാണി, പുലാവ്, അട, കൊഴുക്കട്ട തുടങ്ങിയ പോഷകാഹാരങ്ങൾ കുട്ടികൾക്ക് നൽകാനാണ് സർക്കാരിന്റെ നിർദേശം.
നിലവിൽ ജീവനക്കാർ സ്വന്തം പണം ചെലവഴിച്ചാണ് കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ജില്ലയിലെ 800 അങ്കണവാടികളിലായി ഏകദേശം 10000 കുട്ടികളാണ് ഉള്ളത്.
ഗോത്രമേഖലകളിൽ ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു. അരിവിതരണം നിലച്ച സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് അവശ്യസാധനങ്ങൾ വാങ്ങേണ്ടി വരുമെങ്കിലും ഇതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണെന്ന് അവർ വ്യക്തമാക്കുന്നു.
സ്മാർട്ട് ഫോണുകളുടെ ലഭ്യതക്കുറവ് അങ്കണവാടികളുടെ സുഗമമായ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു. സമരവുമായി മുന്നോട്ട് പോകേണ്ടി വന്നത് അനിവാര്യമായ സാഹചര്യത്തിലാണ്.
നിലവിൽ പുതിയ സിം മാത്രമാണ് ലഭിച്ചിട്ടുള്ളത്. പോക്ഷൻ ആപ്പ് പ്രവർത്തിക്കണമെങ്കിൽ സ്മാർട്ട് ഫോൺ അത്യാവശ്യമാണ്.
പല ജീവനക്കാരുടെയും പക്കൽ സ്മാർട്ട് ഫോണുകൾ ഇല്ല. സ്വന്തം ആവശ്യങ്ങൾക്കായി വാങ്ങിയ ഫോണുകളിൽ അങ്കണവാടിയുടെ സിം ഉപയോഗിച്ചാണ് പലരും ആപ്പ് പ്രവർത്തിപ്പിക്കുന്നത്.
കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നെറ്റ്വർക്ക് പ്രശ്നങ്ങളും നിലവിലുണ്ട്. അവസാനമായി സ്മാർട്ട് ഫോണുകൾ ലഭിച്ചത് 2018 ലാണ്.
അതിൽ ഭൂരിഭാഗം ഫോണുകളും ഇപ്പോൾ പ്രവർത്തനരഹിതമാണ്. അങ്കണവാടികളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് പുതിയ സ്മാർട്ട് ഫോണുകൾ അനിവാര്യമാണെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

