പനമരം∙ പഞ്ചായത്തിൽ താഴെ പാതിരിയമ്പത്തും കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചെഞ്ചടിയിൽ നെൽക്കൃഷി നശിപ്പിച്ചതിന് പിന്നാലെയാണ് 3 കിലോമീറ്റർ അകലെയുള്ള താഴെ പാതിരിയമ്പത്തും കാട്ടാന നെൽക്കൃഷി നശിപ്പിച്ചത്. പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽ നിന്ന് ഇന്നലെ രാത്രി ഒന്നരയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയാണു കണ്ണൂർ സ്വദേശിയായ അളകനന്ദ ഉദയഭാനു കൃഷിയിറക്കിയ സുഗന്ധ നെൽക്കൃഷിയിലിറങ്ങി നാശം വിതച്ചത്.
വനംവകുപ്പും കർഷകരും ഒരുക്കിയ പ്രതിരോധ മാർഗങ്ങൾ മറികടന്നാണ് കാട്ടാന വയലിൽ ഇറങ്ങിയത്.
കഴിഞ്ഞ ദിവസം പാതിരി സൗത്ത് സെക്ഷനിലെ പാത്രമൂലയിൽ നിന്ന് വനംവകുപ്പ് നിർമിച്ച കന്മതിൽ ചാടിക്കടന്ന് ചെഞ്ചടി പാടശേഖരത്തിലെത്തിയ ഒറ്റയാൻ കർഷകരുടെ കതിരായ നെല്ല് വ്യാപകമായി തിന്നു തീർത്തിരുന്നു. ഇവിടെ കർഷകർ കാവൽ ശക്തമാക്കിയതോടെയാണ് കാട്ടാന ഇതിന് അടുത്ത പ്രദേശമായ താഴെ പാതിരിയമ്പത്ത് എത്തിയത്.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് താഴെ പാതിരിയമ്പത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത്.
അടുത്തകാലത്ത് കാട്ടാന ഇറങ്ങാത്തതിനാൽ ഏക്കറുകണക്കിന് നെൽക്കൃഷിയുള്ള ഇവിടെ കർഷകർ കാവൽ ആരംഭിച്ചിരുന്നില്ല.
ഇതുകൊണ്ടു തന്നെ ആനയിറങ്ങിയ വിവരം അറിയാൻ വൈകിയതാണ് കൃഷി വ്യാപകമായി നശിപ്പിക്കാനിടയായത്. വനാതിർത്തിയോട് ചേർന്ന പാടശേഖരങ്ങളിൽ നെല്ല് പരക്കെ കതിരായി തുടങ്ങിയതോടെയുള്ള കാട്ടാനശല്യം പ്രതിരോധിക്കാൻ പ്രദേശത്ത് വാച്ചർമാരെ നിയമിക്കണമെന്നും കർഷകർ വർഷങ്ങളായി അനുഭവിക്കുന്ന കാട്ടാനശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നുമാണ് കർഷകരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

