സംസ്ഥാനത്തെ ദേശീയപാത 66 (എൻഎച്ച് 66) നിർമാണം പൂർത്തിയാകുന്നതോടെ കാറിൽ കാസർകോട് നിന്നു തിരുവനന്തപുരം വരെ യാത്ര ചെയ്ത് തിരിച്ചെത്താൻ ഏകദേശം 6000 രൂപയോളം ടോൾ ഇനത്തിൽ മാത്രം നൽകേണ്ടി വരും. 2024 ലെ കണക്കുകൾ പ്രകാരം കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള റൂട്ടിൽ 11 ടോൾ പ്ലാസകളിലായി ഒരു ഭാഗത്തേക്ക് മാത്രം 1650 രൂപയാണ് ടോൾ നൽകേണ്ടിയിരുന്നത്.
എന്നാൽ പുതുതായി രണ്ട് ടോൾ പ്ലാസകൾ കൂടി നിർമിക്കുന്നതിന് പുറമേ, മൊത്തത്തിലുള്ള ടോൾ നിരക്ക് 3000 രൂപ വരെയായി വർധിപ്പിക്കുമെന്നാണ് ദേശീയപാത അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ ഇരുവശങ്ങളിലേക്കുമുള്ള കാർ യാത്രയ്ക്ക് 6000 രൂപയിലധികം ടോൾ നൽകേണ്ട
സാഹചര്യം രൂപപ്പെടും. നിർമാണത്തിലെ കാലതാമസവും ചില ഭാഗങ്ങളിലെ നിർമാണരീതിയിലുണ്ടായ മാറ്റങ്ങളുമാണ് ചെലവ് വർധിക്കാൻ കാരണമായി ദേശീയപാത അതോറിറ്റി ചൂണ്ടിക്കാണിക്കുന്നത്.
ശരാശരി 60 കിലോമീറ്റർ ഇടവിട്ടായിരിക്കും ടോൾ ബൂത്തുകൾ പ്രവർത്തിക്കുക. എങ്കിലും നിർമാണരീതിയും റീച്ചുകളും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം.
ഉയരപ്പാതകൾ, വയഡക്ടുകൾ, തുരങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭാഗങ്ങളിൽ സാധാരണ നിരക്കിന്റെ പത്തിരട്ടി വരെ ഈടാക്കാനാണ് സാധ്യത. നിലവിലെ ടോൾ നിരക്കുകൾ ഇങ്ങനെ:
നിലവിൽ 5 ടോൾ ബൂത്തുകളാണ് ഈ പാതയിലുള്ളത്.
ഇവ കടന്നുപോകാൻ ഒരു കാറിന് ഒരു ദിശയിലേക്ക് മാത്രം 585 രൂപയാണ് ഈടാക്കുന്നത്.
* കൊളശ്ശേരി (കണ്ണൂർ) – 80 രൂപ
* കുമ്പളം (എറണാകുളം) – 50 രൂപ
* തിരുവല്ലം (തിരുവനന്തപുരം) – 160 രൂപ
* വെട്ടിച്ചിറ (മലപ്പുറം) – 160 രൂപ
* ഒളവണ്ണ (കോഴിക്കോട്) – 135 രൂപ
പുതുതായി നിർമാണത്തിലിരിക്കുന്ന ടോൾ പ്ലാസകൾ:
* ചാലിങ്കാൽ (കാസർകോട്)
* കല്യാശ്ശേരി (കണ്ണൂർ)
* അഴിയൂർ (കോഴിക്കോട്)
* നാട്ടിക (തൃശൂർ)
* എരമല്ലൂർ – ഉയരപ്പാത (ആലപ്പുഴ)
* കൃപാസനം ജംക്ഷൻ (ആലപ്പുഴ)
* ഓച്ചിറ (കൊല്ലം)
* കല്ലുവാതുക്കൽ (കൊല്ലം)
ഏറ്റവുമധികം ടോൾ നിരക്ക് എരമല്ലൂരിൽ
അരൂർ– തുറവൂർ ഉയരപ്പാതയിലെ എരമല്ലൂരിൽ പുതിയ ടോൾ പ്ലാസ വരുന്നുണ്ട്. എംഎൽഎഫ്എഫ് (മൾട്ടിലെയ്ൻ ഫ്രീ ഫ്ലോ) രീതിയിലുള്ള ഈ പ്ലാസയിലാണ് ഏറ്റവുമധികം തുക ടോൾ നൽകേണ്ടി വരുക.
ഇവിടെ വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ നൽകാം. റോഡിനു മുകളിൽ സ്ഥാപിക്കുന്ന ക്യാമറകൾ വഴി ഫാസ്റ്റ്ടാഗിൽ നിന്ന് നേരിട്ട് പണം ഈടാക്കുന്ന രീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്.
വന്ദേഭാരത് ടിക്കറ്റിനെക്കാളും കൂടുതൽ ടോൾ
കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലെ എക്സിക്യൂട്ടീവ് ക്ലാസിലെ നിലവിലെ ടിക്കറ്റ് നിരക്ക് ഒരാൾക്ക് 2,860 രൂപയാണ്. ഇരുവശത്തേക്കും ചേർത്ത് ഇത് 5,720 രൂപ വരും.
എന്നാൽ ടോൾ നിരക്ക് ഉയരുന്നതോടെ, എൻഎച്ച് 66 ലൂടെ കാറിൽ കാസർകോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് തിരിച്ചുവരുന്ന ഒരാൾക്ക് ട്രെയിൻ ടിക്കറ്റിനെക്കാൾ കൂടുതൽ തുക ടോൾ ഇനത്തിൽ മാത്രം നൽകേണ്ടി വന്നേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

