പീച്ചി ∙ വാഴാനി കാട്ടിലെത്തിയ കാട്ടാനകളെ തിരിച്ചു പീച്ചി കാട്ടിലേക്കെത്തിക്കുന്നതിനു നടപടികളുമായി വനം വകുപ്പ്. കുതിരാൻ തുരങ്കം പ്രവർത്തന സജ്ജമായതോടെയാണ് വാഴാനി കാട്ടിലേക്ക് ആനകൾ പ്രവേശിച്ചത്.
ഇതോടെ വടക്കാഞ്ചേരി, ചേലക്കര, പഴയന്നൂർ പ്രദേശങ്ങളിലേക്ക് കാട്ടാനകളെത്തി. പീച്ചി–വാഴാന വന്യജീവി സങ്കേതം ഒറ്റ വനപ്രദേശമാണെങ്കിലും പഴയ ദേശീയപാതയിലൂടെ നിരന്തരമായി വാഹനങ്ങൾ കടന്നു പോകുന്നതിനാൽ കാട്ടാനകൾക്ക് വാഴാനി കാട്ടിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കുതിരാൻ തുരങ്കത്തിലൂടെ വാഹനങ്ങൾ കടന്നു പോവുകയും പഴയ ദേശീയപാതയുടെ ഒരു ഭാഗം അടയ്ക്കുകയും ചെയ്തതോടെ കാട്ടാനകളുടെ സഞ്ചാരപഥമായ ആനത്താര സജീവമായി.
ഇതോടെ 2 വർഷത്തിനിടെ ഒട്ടേറെ ആനകൾ വാഴാനി കാട്ടിലേക്ക് പ്രവേശിച്ചതായാണ് അനുമാനം.
കുതിരാൻ തുരങ്കം നിർമിച്ചതിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് ആനത്താര സജീവമാക്കുക എന്നതു കൂടിയായിരുന്നു. എന്നാൽ കാട്ടാനശല്യം പരിചിതമല്ലാതിരുന്ന വാഴാനി കാടിനോടു ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് നടപടികൾക്ക് ആലോചന തുടങ്ങിയത്.
ആദ്യഘട്ടത്തിൽ വാഴാനി കാട്ടിലെ ആനകളുടെ എണ്ണവും സഞ്ചാരപാതകളും സംബന്ധിച്ചു പഠനം നടത്തും. ജനവാസമേഖലയ്ക്കു ദോഷമില്ലാത്ത രീതിയിലായിരിക്കും കാട്ടാനകളെ മടക്കിക്കൊണ്ടു വരുന്നത്.
ആലോചനാ യോഗത്തിൽ ചീഫ് കൺസർവേറ്റർ ആർ.ആടലരശൻ അധ്യക്ഷത വഹിച്ചു.
വൈൽഡ് ലൈഫ് സിസിഎഫ് ടി.ഉമ, വൈൽഡ് ലൈഫ് ഡിഎഫ്ഒ എം.കെ.രഞ്ജിത്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ, ഡിഎഫ്ഒ മാർട്ടിൻ ലോവർ, കെഎഫ്ആർഐ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

