മുള്ളൻകൊല്ലി ∙ പഞ്ചായത്തിലെ മാടൽ വാർഡിൽ മത്സരിക്കാൻ 11 സ്ഥാനാർഥികൾ. പാടിച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് 12 പേർ.
സ്ഥാനാർഥി ബാഹുല്യത്തിൽ വലഞ്ഞ കോൺഗ്രസ് നേതൃത്വം വെള്ളംകുടിക്കുന്നു. വാർഡ് കോൺഗ്രസ് കമ്മിറ്റിയിൽ ഉയർന്നുവന്നവരും സ്വയംസ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരുമെല്ലാമുണ്ട് കൂട്ടത്തിൽ.
വരുംദിവസങ്ങളിൽ പലരും പിൻവാങ്ങുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എന്നാൽ അഭിനവ സ്ഥാനാർഥികളിൽ പലരും വീടുകയറി പ്രവർത്തനവുംതുടങ്ങി.
മുൻ പഞ്ചായത്ത് പ്രസിഡന്റ്, മെംബർ, ബാങ്ക് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചവരടക്കം മത്സര രംഗത്തുണ്ട്.പുതുമുഖങ്ങളും വേറെ.
പഞ്ചായത്തിലെ 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ പാടിച്ചിറ മാത്രമാണ് ജനറൽ സീറ്റ്. പഞ്ചായത്ത് സീറ്റ് തരപ്പെടാത്ത പലരുടെയും കണ്ണ് പാടിച്ചിറയിലേക്കാണ്.
അവിടെയും പ്രമുഖർ മത്സരിക്കാൻ തയാറെടുക്കുന്നുണ്ട്. എവിടെയെങ്കിലും മത്സരിക്കണമെന്ന ആഗ്രഹമുള്ള ചില വനിതകളും പാർട്ടിയുടെ ജില്ലാ, ബ്ലോക്ക് ഭാരവാഹികളും സ്ഥാനാർഥിത്വം ആഗ്രഹിച്ച് രംഗത്തുണ്ട്.ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ സ്ഥാനം ആവശ്യപ്പെട്ട് രംഗത്തു വന്നത് മുള്ളൻകൊല്ലിയിലാണ്.
തമ്മിലടിയും കലഹവും ഇപ്പോഴും നിലനിൽക്കുന്ന ഇവിടെ പ്രാദേശിക നേതാക്കളെ നിരാശയിലാക്കും വിധത്തിലായിരുന്നു സംവരണം കയറിവന്നത്.
സ്ഥാനങ്ങൾക്കുവേണ്ടി അടിപിടിയുണ്ടാക്കി പലർക്കും മത്സരിക്കാനിടമില്ല. കൂടുതൽ സ്ഥാനാർഥികളെന്നത് സ്വാഭാവികമാണെന്നും അതെല്ലാം വരുംദിവസങ്ങളിൽ പരിഹരിക്കുമെന്നും നേതൃത്വം പറയുന്നു. പഞ്ചായത്തിലെ 14 വാർഡുകളിലെ സ്ഥാനാർഥികളുടെ പട്ടികയായെന്നും അവർ പ്രവർത്തനം ആരംഭിച്ചെന്നും നേതൃത്വം പറയുന്നു.
2 ദിവസത്തിനകം എല്ലാ സ്ഥാനാർഥികളെയും തീരുമാനിക്കാനാവും.
പാടിച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഇടതു മുന്നണിയിൽ ഒരു തർക്കവുമില്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തത് നേട്ടമായി അവർ കരുതുന്നു. കേരള കർഷക യൂണിയൻ എം ജില്ലാപ്രസിഡന്റ് റെജി ഓലിക്കരോട്ടാണ് ഇടതു സ്ഥാനാർഥി.
ആശാൻകവലയിലൊരു ബോർഡ് ; ജനപ്രതിനിധികളേ നിങ്ങൾക്ക് വോട്ടില്ല
കേണിച്ചിറ∙ പൂതാടി പഞ്ചായത്തിൽ വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് അറുപതോളം കുടുംബങ്ങൾ വോട്ട് ബഹിഷ്ക്കരണത്തിന് ഒരുങ്ങുന്നു. പഞ്ചായത്തിലെ ആശാൻകവല ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ അണ്ണാവയൽ പ്രദേശവാസികളാണ് വോട്ട് ബഹിഷ്ക്കരണത്തിന് ഒരുങ്ങുന്നത്.
ഇതിന് മുന്നോടിയായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വോട്ട് ചോദിച്ച് വരേണ്ടെന്ന തരത്തിലുള്ള ബോർഡ് സ്ഥാപിച്ചു. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും വില്ലേജ് രേഖ പ്രകാരം 5 മീറ്റർ വീതിയുള്ള റോഡ് വീതി കൂട്ടാനോ ടാറിങ് ചെയ്യാനോ തയാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം. ഇതിന് ശാശ്വത പരിഹാരം കാണുന്നതുവരെ വോട്ട് ചോദിച്ചു ആരും വരേണ്ടതില്ല എന്നാണ് ജനകീയ കൂട്ടായ്മ സ്ഥാപിച്ച ബോർഡിലുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

