കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യം തുടരുമെന്ന് ഉത്തരവ്. വിചാരണ നടപടികളുടെ ഭാഗമായി പ്രതികൾ ഇന്ന് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി.
പോലീസ് രജിസ്റ്റർ ചെയ്ത ആകെ 41 കേസുകളിൽ 12 എണ്ണമാണ് കോടതി ഇന്ന് പരിഗണിച്ചത്. നേരത്തെ സമർപ്പിച്ച കുറ്റപത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ഇന്നത്തെ കോടതി ഹാജരാകൽ.
ഇതോടെ കേസിന്റെ വിചാരണ നടപടികൾ വേഗത്തിൽ ആരംഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട
വഞ്ചനാകേസിൽ പ്രതികൾക്ക് കഴിഞ്ഞ ദിവസം കോടതിയിൽ തിരിച്ചടിയുണ്ടായി. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഓഗസ്റ്റ് 3 ന് ഹൈക്കോടതി തള്ളിയിരുന്നു.
കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി വരുന്ന തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ ചോറ്റാനിക്കര കോടതി പ്രതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിലും ചോറ്റാനിക്കരയിലുമുള്ളത് ഒരേ കുറ്റകൃത്യത്തിന്മേലുള്ള കേസുകളാണെന്നും അതിനാൽ ഇവയെല്ലാം ഒന്നായി പരിഗണിക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം.
എന്നാൽ ചോറ്റാനിക്കരയിലെ വഞ്ചനാകേസിന് വയനാട് മരംമുറി കേസുമായി യാതൊരു ബന്ധവുമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഈ വാദം പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കോടതി സ്റ്റേ ആവശ്യം തള്ളിക്കളഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

