തൃശൂർ ∙ ഇനിയൊരു വെടിക്കെട്ടിനില്ലെന്നു മുണ്ടത്തിക്കോട് സതീഷ് തീരുമാനിച്ചിരുന്നു. ‘ഇത്തവണത്തെ പൂരം അടിപൊളിയാക്കണം.
അതോടെ ഞാനീ പരിപാടി നിർത്തും’ സഹോദരിമാരോടും സുഹൃത്തുക്കളോടും സതീഷ് പറഞ്ഞ വാക്കുകൾ. തൃശൂർ പൂരത്തിനു തിരുവമ്പാടിയുടെ വെടിക്കെട്ടൊരുക്കാൻ കരാറെടുത്ത് എല്ലാ സന്നാഹവും പൂർത്തിയാക്കി നിൽക്കെയാണ് അപകടത്തിൽ ഗുരുതര പരുക്കേറ്റത്.
ഈ സീസണിൽ ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കി വെടിക്കെട്ട് ജോലി അവസാനിപ്പിക്കാൻ സ്വയം തീരുമാനമെടുത്തെങ്കിലും അതിനുള്ള സാവകാശം ലഭിക്കും മുൻപേ സതീഷ് യാത്രയായി.
കടുത്ത പ്രമേഹം മൂലം കാൽവിരൽ മുറിച്ചു നീക്കേണ്ടി വന്നപ്പോൾ വെടിക്കെട്ടിന്റെ ഉത്തരവാദിത്തങ്ങളിലേക്ക് ഉദ്ദേശിച്ച രീതിയിൽ ഓടിയെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു സതീഷ്. എന്നാൽ, കുട്ടിക്കാലം മുതൽ മുതൽ കണ്ടും ചെയ്തും പരിചയിച്ച തൊഴിലിനോടു വിടപറയാൻ വിധി അവസരം കൊടുത്തില്ല.
വെടിക്കെട്ടു ജോലിയിൽ അപകടം എപ്പോഴും കൂടെയുണ്ടെന്ന ബോധ്യം സതീഷിനുണ്ടായിരുന്നു. അപകടവിവരമറിഞ്ഞതിനു ശേഷം വീട്ടിലെ കണ്ണീർ തോർന്നിട്ടില്ല.
സഹോദരിമാരായ സതിയും അനിതയും മുണ്ടത്തിക്കോട്ടുള്ള വീടിന്റെ ഉമ്മറത്തിരുന്നു പറഞ്ഞു: ‘അവനെ ഞങ്ങളാണു വളർത്തിയത്.
കുട്ടിക്കാലത്തേ അച്ഛനൊപ്പം പണിക്കിറങ്ങിയതാണ്. ഞങ്ങളെല്ലാവരും അന്നു വെടിക്കെട്ടുപുരയിൽ പണിക്കിറങ്ങും.
അന്നൊന്നും വെടിക്കോപ്പുകൾ തയാറാക്കുന്ന ജോലി അവൻ ചെയ്യില്ല. എന്നാൽ പണം വാങ്ങാനും സാധനങ്ങൾ സ്വരൂക്കൂട്ടാനുമെല്ലാം പോകും.
വെടിക്കെട്ടു ജോലികൾ ഏറെയുള്ള വേനൽക്കാലത്തു സ്കൂളിൽ പോകാനേ പറ്റിയിട്ടില്ല. അങ്ങനെ ഒൻപതാം ക്ലാസിൽ മൂന്നു വർഷമാണു പഠിച്ചത്.
അച്ഛൻ കാൻസർ ബാധിതനായി മരിക്കും മുൻപ് അവന്റെ പേരിലേക്കു ലൈസൻസ് മാറ്റിക്കൊടുത്തു. മറ്റൊരു ജോലിയും അവന് അറിയില്ലായിരുന്നു.’
സതീഷ് തന്നെയാണു രണ്ടു സഹോദരിമാരുടെയും വിവാഹം നടത്തിയത്.
പേരാമംഗലത്താണ് ഇരുവരുടെയും വീട്. മുണ്ടത്തിക്കോട്ടുണ്ടായ സ്ഫോടനത്തിന്റെ ശബ്ദം 10 കിലോമീറ്ററോളം അകലെയുള്ള പേരാമംഗലത്തെ വീട്ടിലിരുന്നു താൻ കേട്ടുവെന്നു സഹോദരി സതി പറയുന്നു.
കേട്ടപ്പോൾ തന്നെ അപകടമാണെന്നു തിരിച്ചറിഞ്ഞു. ഉടൻ സതീഷിന്റെ വീട്ടിലേക്കു വിളിച്ചുവെന്നും സതി പറയുന്നു.
കതിന പൊട്ടുന്നതിന്റെയും വെടിക്കെട്ടിന്റെയും വെടിക്കെട്ടുപുരയ്ക്കു തീപിടിച്ചുണ്ടാകുന്ന സ്ഫോടനത്തിന്റെയുമെല്ലാം ശബ്ദങ്ങൾ വ്യത്യസ്തമാണെന്നു ജനിച്ചുവീണതു മുതൽ വെടിക്കെട്ടുപുര കണ്ടുവളർന്ന സതിയുടെ സാക്ഷ്യം. ഉച്ചയ്ക്കു വീട്ടിലെത്തിയ സതീഷ് വെടിക്കെട്ടുപുരയിലേക്കു മടങ്ങിപ്പോയെന്നറിഞ്ഞതും ഉള്ളെരിഞ്ഞു.
അടുത്തുതന്നെ താമസിക്കുന്ന സഹോദരി അനിതയെയും കൂട്ടി സതീഷിന്റെ വീട്ടിലേക്കു പാഞ്ഞെത്തുമ്പോഴേക്കും ദുരന്തവാർത്തയെത്തി.
സതീഷിന്റെ ഗുരുതരാവസ്ഥ ആദ്യം സഹോദരിമാരെയോ ഭാര്യയെയോ അറിയിച്ചിരുന്നില്ല. കഴിഞ്ഞ വിഷുദിനത്തലേന്നും സഹോദരിമാർക്കു കൈനീട്ടവുമായി സതീഷ് പേരാമംഗലത്തെത്തിയിരുന്നു.
പിറ്റേന്ന് ഇവർ സതീഷിന്റെ വീട്ടിലേക്കു വന്നു.
വിഷു ആഘോഷത്തിനു ശേഷം ഇരുവരും മടങ്ങാൻ ഒരുങ്ങുമ്പോഴാണു സതീഷ് വെടിക്കെട്ടു പുരയിലേക്കു പോയത്. പൂരത്തിന്റെ തിരക്കുകൾ ഏറെയുണ്ടെന്നു പറഞ്ഞാണു പിരിഞ്ഞതെന്നും സഹോദരിമാർ പറയുന്നു.
സതീഷിന്റെ ഭാര്യ പ്രജിയും അമ്മ കമലാക്ഷിയും മക്കളായ നേഹ, നവമി എന്നിവരും കണ്ണീർ തോരാതെ വീട്ടിലുണ്ട്.
അവശതകൾ മറന്ന അധ്വാനം; അനവസരത്തിൽ അപകടം
മുണ്ടത്തിക്കോട് ∙ വെടിക്കെട്ടുപുരയിൽ അപകടമുണ്ടായപ്പോൾ അതിവേഗം ഓടിരക്ഷപ്പെടാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല സതീഷ്. ഗുരുതര പ്രമേഹരോഗം ബാധിച്ചതിനാൽ രണ്ടു കാലുകൾക്കും ബലക്ഷയമുണ്ടായിരുന്നു.
കാൽവിരൽ മുറിച്ചുനീക്കേണ്ടിയും വന്നിരുന്നു. നിരന്തര ചികിത്സകൾക്കൊടുവിൽ ജോലിസ്ഥലത്തേക്കു തിരിച്ചെത്തിയിട്ട് ഒരുമാസമാകുന്നേയുള്ളൂ.
ദുരന്തമുണ്ടായ ദിവസം ഉച്ചയ്ക്കു സതീഷ് വെടിക്കെട്ടുപുരയിൽ നിന്നു വീട്ടിലെത്തിയിരുന്നു. വീടിന്റെ അടുക്കളയിൽ നവീകരണ ജോലികൾ ചെയ്യാൻ പണിക്കാരെ നിർത്തിയിരുന്നു.
വൈകിട്ടു വെടിക്കോപ്പുകൾ വണ്ടിയിൽ കയറ്റിവിടേണ്ട
ജോലിയുള്ളതിനാൽ ഉച്ചയ്ക്കു തന്നെ ഇവർക്കു കൂലി കൊടുക്കാനായിരുന്നു വരവ്. യാത്രപറഞ്ഞു മടങ്ങിയ സതീഷിനു വീട്ടിലേക്കു തിരിച്ചുവരാനായില്ല.
ആദ്യകാല വെടിക്കെട്ടു നടത്തിപ്പുകാരനായ അച്ഛൻ മണിയിൽ നിന്നാണു സതീഷ് വെടിക്കെട്ടുനിർമാണവിദ്യ പഠിച്ചെടുത്തത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജോലി തുടങ്ങി.
അച്ഛനും മകനും കഠിനാധ്വാനത്തിലൂടെയാണു വെടിക്കെട്ടു രംഗത്തെ ‘ബ്രാൻഡ്’ ആയി മാറിയത്. സൗമ്യമായ പെരുമാറ്റത്തിലൂടെ സ്വന്തക്കാർക്കും ഒപ്പം ജോലിചെയ്യുന്നവർക്കും ഏറെ പ്രിയപ്പെട്ടയാളായിരുന്നു.
ജോലിയിലെ അപകടസാധ്യത നന്നായി അറിയുന്നതുകൊണ്ടു തന്നെ തികഞ്ഞ സൂക്ഷ്മതയും കരുതലും കണിശതയും പുലർത്തി. അപകടരഹിതമായി, വർണ–ശബ്ദ ഭംഗിയോടെ വെടിക്കെട്ട് നടത്തുന്നയാളെന്ന നിലയിൽ വെടിക്കെട്ട് നടത്തിപ്പിന് അവസരം തേടി ഒരിടത്തും അലയേണ്ടിവന്നിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

