തൃശൂർ കോർപറേഷന്റെ കീഴിലുള്ള കൂർക്കഞ്ചേരി സോണൽ ഓഫിസിൽ മോഷണശ്രമം നടന്നതായി റിപ്പോർട്ട്. രാവിലെ ജോലിക്കായി ജീവനക്കാർ ഓഫിസിലെത്തിയപ്പോഴാണ് ഓഫിസിന്റെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
ഓഫിസിനുള്ളിലെ അലമാരകളും മേശവലിപ്പുകളും കുത്തിത്തുറന്ന് ഫയലുകൾ അലക്ഷ്യമായി വാരിയിട്ട നിലയിലാണ്.
ഓഫിസിലുണ്ടായിരുന്ന ലാപ്ടോപ് പുറത്ത് വലിച്ചെറിഞ്ഞ സാഹചര്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഓഫിസിൽ പണം സൂക്ഷിക്കാറില്ലാത്തതിനാൽ, മോഷണത്തിന് പിന്നിൽ പണം ലക്ഷ്യമിട്ടാണോ അതോ ഔദ്യോഗിക ഫയലുകൾ കൈക്കലാക്കാനാണോ എന്നതിൽ സംശയം ഉയർന്നിട്ടുണ്ട്.
പൊതുമരാമത്ത്, റവന്യു, ആരോഗ്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.
സിസിടിവി ക്യാമറകൾ സ്ഥാപിക്കാത്തത് കേസ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി മേയർ എ.പ്രസാദ് പ്രതികരിച്ചത് ഇങ്ങനെയാണ്: “കോർപറേഷനിലും സംസ്ഥാനത്തും 10 വർഷമായി ഉണ്ടായിരുന്ന ഭരണം അവസാനിച്ചതോടെ ചിലർക്കെങ്കിലും ഭയമുണ്ടാകുമെന്ന് ഡപ്യൂട്ടി മേയർ എ.പ്രസാദ് പറഞ്ഞു. ഇവിടെയുള്ള പല ഫയലുകളുമായി ബന്ധപ്പെട്ടും പരാതികളുണ്ട്.
ഓഡിറ്റ് ഒബ്ജക്ഷൻ നിലനിൽക്കുന്നതും വിജിലൻസ് അന്വേഷണം നടക്കുന്നതുമായ ഫയലുകളുമുണ്ട്. ഇതിൽ ഏതെങ്കിലും ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു.” വിഷയത്തിൽ മേയർ നിജി ജസ്റ്റിൻ ഓഫിസിലെത്തി ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
നെടുപുഴ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക നിഗമനത്തിൽ മോഷണശ്രമം മാത്രമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും, വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

