പാവറട്ടി ∙ സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയും (ഏപ്രിൽ 25നും 26നും) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോ അറിയിച്ചു. ചാവക്കാട് ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാവറട്ടി സെന്ററിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചിറ്റാട്ടുകര പോൾമാസ്റ്റർ പടി, കിഴക്കേത്തല, എളവള്ളി പാറ, പെരുവല്ലൂർ വഴി പറപ്പൂർ റോഡിലേക്ക് പ്രവേശിക്കണം.
പറപ്പൂരിൽനിന്ന് പാവറട്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ താമരപ്പിള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ചിറ്റാട്ടുകര ജനശക്തി വഴി പോകണം.
കാഞ്ഞാണി ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ മുല്ലശേരിയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പുളിക്കക്കടവ് പാലം കടന്ന് ഹൈവേയിൽ പ്രവേശിക്കണം. ഇൗ ഭാഗത്തുനിന്നു ചാവക്കാട് ഭാഗത്തേക്കുള്ള സ്വകാര്യ വാഹനങ്ങൾ കൂമ്പിള്ളി പാലം വഴി ഇടത്തോട്ട് തിരിഞ്ഞ് ഇടിയഞ്ചിറ പാലത്തിലെത്തി തീരദേശ റോഡ് വഴി പോകണം.
കാഞ്ഞാണി ഭാഗത്തുനിന്ന് വരുന്ന ബസുകൾ പൂവത്തൂരിൽനിന്ന് വലത്തോട്ട് തിരഞ്ഞ് താമരപ്പിള്ളി, ചിറ്റാട്ടുകര ജനശക്തി റോഡ് വഴി പോകണം. ചാവക്കാട്ടുനിന്നു തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ സാധാരണ പോകുന്ന പാവറട്ടി – പൂവത്തൂർ റോഡ് വഴി പോകണം.
പാവറട്ടി സെന്ററിലും പരിസരത്തെ പ്രധാന റോഡുകളിലും വശങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചിട്ടുണ്ട് തിരുനാളിനെത്തുന്നവരുടെ വാഹനങ്ങൾ അനുവദിച്ച പാർക്കിങ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം.
തിരുനാൾപ്രഭയിൽ പാവറട്ടി
പാവറട്ടി ∙ ലക്ഷക്കണക്കിന് വൈദ്യൂത ദീപങ്ങൾ പ്രകാശം ചൊരിഞ്ഞതോടെ പാവറട്ടി സെന്റ് ജോസഫ്സ് തീർഥാടന കേന്ദ്രം വിശുദ്ധ യൗസേപ്പിതാവിന്റെ ശതോത്തര സുവർണ ജൂബിലി ശോഭയിലായി. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറെ പുതുമകളോടെയാണ് ഇത്തവണ ദീപാലങ്കാരം ഒരുക്കിയത്.
വിശുദ്ധ യൗസേപ്പിതാവിന്റെ അത്ഭുത തിരുസ്വരൂപം പാവറട്ടിയിലെത്തി അനേകായിരങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയതിന്റെ ചരിത്രം പറയുന്ന വീഡിയോ ചിത്രീകരണമാണ് ദീപാലങ്കാരത്തിന്റെ പുതുമ. വിവിധ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയും വിശുദ്ധ യൗസേപ്പിതാവിന്റെ അത്ഭുതങ്ങളും വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ദീപാലങ്കാരത്തിൽ മിന്നിത്തെളിഞ്ഞു.
ഇന്നലെ വൈകിട്ട് നടന്ന നവനാൾ കുർബാനയ്ക്ക് ശേഷം സെന്റ് തോമസ് ആശ്രമം പ്രിയോർ ഫാ.ജോസഫ് ആലപ്പാട്ട് ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു. 3 ലക്ഷം എൽഇഡി പിക്സൽ ബൾബുകൾ ഉപയോഗിച്ച് സിജെ ലൈറ്റ് ആൻഡ് സൗണ്ടിലെ സഹോദരങ്ങളായ ജെൻസൺ വയനാടൻ, ജെനീഷ് വയനാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദീപാലങ്കാരം ഒരുക്കിയത്.
തീർഥാടനകേന്ദ്രം റെക്ടർ ഫാ.ആന്റണി ചെമ്പകശേരി, ഫാ.ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കൽ, ഫാ.അമൽ ചാഴൂർ, ട്രസ്റ്റിമാരായ ഒ.ടി.ജോസഫ് ലിയോ, കെ.എ.ജോസൻ, ജെയ്സൺ വടുക്കൂട്ട്, കെ.ജെ.ബാബു, ഇലൂമിനേഷൻ കമ്മിറ്റി ഭാരവാഹികളായ സി.ജെ.വിൻസന്റ്, എ.പി.ഷാജൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഒ.ജെ.ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തിരുമുറ്റ മേളം ആയിരങ്ങളെ ആവേശത്തിലാഴ്ത്തി. ഇന്നും നാളെയുമാണ് പ്രധാന തിരുനാൾ ആഘോഷം.
ഇന്ന് രാവിലെ 10ന് ഫാ.വിപിൻ വേരൻപിലാവിന്റെ കാർമികത്വത്തിലുള്ള കുർബാനയ്ക്ക് ശേഷം വിശുദ്ധന്റെ നേർച്ച ഉൗട്ട് വിതരണം തുടങ്ങും. നേർച്ച ഉൗട്ട് റെക്ടർ ഫാ.ആന്റണി ചെമ്പകശേരി ആശീർവദിക്കും.
ഇന്ന് രാവിലെ തുടങ്ങുന്ന നേർച്ച ഉൗട്ട് നാളെ ഉച്ചവരെ ഇടതടവില്ലാതെ തുടരും. അരി,അവിൽ, നേർച്ച ഉൗട്ട് എന്നിവ പാഴ്സലായും ലഭിക്കും.
ഇതിനായി ഉൗട്ടുശാലയ്ക്ക് സമീപം പ്രത്യേകം കൗണ്ടറുകൾ തയാറാക്കിയിട്ടുണ്ട്. ശതോത്തര സുവർണ ജൂബിലി പ്രമാണിച്ച് നവീകരിച്ച തീർഥകേന്ദ്രം വൈകിട്ട് 5.30ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശീർവദിക്കും.
തുടർന്ന് ബിഷപ്പിന്റെ കാർമികത്വത്തിൽ സമൂഹ കുർബാന.
ഇതിനു ശേഷമാണ് തിരുനാളിന്റെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നായ കൂടുതുറക്കൽ ശുശ്രൂഷ. വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പുറത്തെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് പ്രതിഷ്ഠിച്ച ശേഷം ദേവാലയത്തിനകത്ത് വിശുദ്ധന്റെ രൂപക്കൂട് തുറന്ന് നൊവേന അർപ്പിക്കും.
ഇതോടെ തിരുനാൾ സൗഹൃദവേദിയുടെ നേതൃത്വത്തിൽ 101 വാദ്യ കലാകാരന്മാരെ അണിനിരത്തി തിരുനടയ്ക്കൽ മേളം അരങ്ങേറും. രാത്രി കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള വളയെഴുന്നള്ളിപ്പുകൾ ദേവാലയത്തിലെത്തി സമാപിക്കും.
നാളെ രാവിലെ 4.30, 5.30, 6.30, 7.30 എന്നീ സമയങ്ങളിൽ കുർബാന, 9ന് ഇംഗ്ലിഷ് ഭാഷയിൽ കുർബാന. 10ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കാർമികനാകും.
മേജർ ആർച്ച് ബിഷപ്പിന് 9.30ന് സ്വീകരണം നൽകും. വൈകിട്ട് 3ന് തമിഴ് ഭാഷയിൽ കുർബാന.
4ന് നടക്കുന്ന കുർബാനയ്ക്ക് ശേഷമാണ് തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. രാത്രി 7ന് കുർബാന ഉണ്ടാകും.
വിവിധ ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രമുഖ ബാൻഡ് വാദ്യ സംഘങ്ങളുടെ അകമ്പടിയോടു കൂടിയ മെഗാ വളയെഴുന്നള്ളിപ്പുകൾ രാത്രി ദേവാലയത്തിലെത്തും.
വെടിക്കെട്ട് ഉപേക്ഷിച്ചു
പാവറട്ടി ∙ സെന്റ് ജോസഫ്സ് തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ടുകൾ ഉപേക്ഷിച്ചതായി റെക്ടർ ഫാ.ആന്റണി ചെമ്പകശേരി, മാനേജിങ് ട്രസ്റ്റി ഒ.ടി.ജോസഫ് ലിയോ, വെടിക്കെട്ട് കമ്മിറ്റി ഭാരവാഹികളായ സുബിരാജ് തോമസ്, ബാബു ആന്റണി എന്നിവർ പറഞ്ഞു. മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഉപേക്ഷിച്ചത്.
അപകടത്തിൽ മരണം സംഭവിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും തീർഥകേന്ദ്രം അധികൃതർ പറഞ്ഞു. തിരുനാളിന്റെ മറ്റു പരിപാടികളെല്ലാം മാറ്റമില്ലാതെ നടത്തും.
ഇന്നലെയും ഇന്നും നാളെയുമാണ് തിരുനാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്.
ബഹുനില പന്തൽ ഒരുക്കി വ്യാപാരികൾ
പാവറട്ടി ∙ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് മോടി കൂട്ടുവാൻ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ ബഹുനില ദീപാലങ്കാര പന്തൽ ഉയർന്നു. കൊടിമരത്തിന് സമീപം 90 അടി ഉയരത്തിൽ 4 നിലകളിലായാണ് പന്തൽ.
ആറാട്ടുപുഴ പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം നിർമിച്ച പന്തലിൽ സിജെ ലൈറ്റ് ആൻഡ് സൗണ്ടാണ് ദീപാലങ്കാരം ഒരുക്കിയത്. ഒരു ലക്ഷം എൽഇഡി പിക്സൽ ബൾബുകൾ ഉപയോഗിച്ചിട്ടുണ്ട്.
ദീപാലങ്കാരം തീർഥകേന്ദ്രം റെക്ടർ ഫാ.ആന്റണി ചെമ്പകശേരി സ്വിച്ച് ഓൺ ചെയ്തു മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.ജെ.വർഗീസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ, പഞ്ചായത്ത് അംഗം വി.ജെ.വർഗീസ്, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സി.എൽ.റാഫേൽ, എ.സി.ജോർജ്, ഇ.വി.വിനോദ്, പി.ഐ.റാഫേൽ, സിജിൽ വർഗീസ്, ലിസ.കെ.പോൾ എന്നിവർ പ്രസംഗിച്ചു.
വടക്കുഭാഗത്തിന്റെ ബാൻഡുവാദ്യ മത്സരം
പാവറട്ടി ∙ തിരുനാളിനോടനുബന്ധിച്ച് വടക്ക് ഭാഗം തിരുനാൾ ആഘോഷ കമ്മിറ്റി ബാൻഡുവാദ്യ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ സാംസൺ ചിരിയങ്കണ്ടത്ത്, ഷാജു ചിറമ്മൽ, പി.ഡി.ജിമ്മി, എൻ.ജെ.ലിയോ, സി.ടി.ജോസഫ് എന്നിവർ പറഞ്ഞു.
27ന് വൈകിട്ട് 6.30ന് തിരുനാൾ കലാസന്ധ്യയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ബാൻഡ് വാദ്യം. പ്രമുഖ ട്രൂപ്പുകളായ രാഗദീപം മുണ്ടത്തിക്കോടും കൈരളി ചാലക്കുടിയും തമ്മിലാണ് മത്സരം.
3 മണിക്കൂർ നീളും.
പൂക്കൾ ഫ്രം ബെംഗളൂരു
പാവറട്ടി ∙ സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള അൾത്താര അലങ്കാരത്തിനുള്ള പൂക്കൾ ബെഗളൂരുവിൽ നിന്നെത്തി. ഇത്തവണ പച്ച ബോർഡറിൽ പിങ്കും വെള്ളയും നിറങ്ങളിലുള്ള പൂക്കൾ സമന്വയിപ്പിച്ചാണ് അലങ്കാരം.
ഇതിനായി ലില്ലിയാം, കൽക്കത്ത ക്രിസാന്തം, വൈറ്റ് ബട്ടൺ, പിങ്ക് ബട്ടൺ, ഓർക്കിഡ്, സിൽവർ ഡോളർ, ജിപ്സോ, ഇസ്റ്റോമ, ബിയോപി ലീഫ്, കാമിനി പാത്ത്, സ്പ്രേ കാർണിഷ്, ഹൈഡ്രാഞ്ചിയ, സ്നാപ് ഡ്രാഗൺ എന്നീ ഇനങ്ങളിലുള്ള പൂക്കളും ഇലകളുമാണ് എത്തിയിട്ടുള്ളത്. അൾത്താരയും മദ്ബഹയും വചനപീഠവും പുറത്ത് മുഖമണ്ഡപവുമാണ് ഫ്രഷ് പൂക്കളാൽ അലംകൃതമായത്.
ജോസി വടക്കൻ, ഇ.ജി.സജി, ഡെൽസൺ സാബു, ഇ.ജി.ജെൻസൺ, സി.ജെ.ഡെന്നി, ഡൊമിനി ഫ്രാൻസിസ്, സി.സി.റാഫേൽ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുക്കൾ അലങ്കാരം ഒരുക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

