പാലക്കാട് ∙ വേനൽച്ചൂടിനൊപ്പം പാലക്കാട്ടുകാർക്ക് ഭീതിയായി പാമ്പുശല്യവും. കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മൂർഖൻ, വെള്ളിക്കെട്ടൻ (ശംഖുവരയൻ, എട്ടടിവീരൻ, വളവളപ്പൻ, മോതിരവളയൻ, വളകഴപ്പൻ എന്നെല്ലാം പേരുകളുണ്ട്), ചേനത്തണ്ടൻ (തേക്കിലപ്പുള്ളി, വട്ടക്കൂറ എന്നീ പേരുകളുണ്ട്), ചുരുട്ടമണ്ഡലി (ഈർച്ചവാൾ ശൽക്ക അണലി, രക്തയണലി), മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് പ്രധാന വിഷപ്പാമ്പുകൾ. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കെട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം അത്യാഹിതങ്ങളും സംഭവിച്ചിട്ടുള്ളത്.
∙ വീടിനോട് ചേർന്നുള്ള പുൽക്കാടുകൾ, കരിയിലക്കൂട്ടങ്ങൾ, വിറക് കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങൾ എന്നിവ വൃത്തിയാക്കുക.
∙ വാതിലുകൾക്കും ജനാലകൾക്കും താഴെയുള്ള വിടവുകൾ അടയ്ക്കുക. ∙ ജനലുകൾ തുറന്നിടുമ്പോൾ നെറ്റുകൾ ഉപയോഗിക്കുന്നത് പാമ്പുകൾ ഉള്ളിൽ കടക്കുന്നത് തടയും ∙ ഭക്ഷണാവശിഷ്ടങ്ങൾ എലികളെ ആകർഷിക്കുമെന്നതിനാൽ പാമ്പുകൾ വീടിനുള്ളിൽ എത്തും.
∙ കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുക, ∙ ഡ്രെയ്നേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം ∙ കെട്ടിടത്തിന്റെ മുൻ, പിൻവാതിലുകളുടെ കീഴെ വിടവ് ഇല്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം. കാരണം വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകൾക്കു കെട്ടിടത്തിലേക്കു പ്രവേശിക്കാം.
∙ കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും പാമ്പുകളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റു പ്രവേശന സ്ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീൽ ചെയ്യുക.
അഗ്നിരക്ഷാസേനയുടെ നിർദേശങ്ങൾ
കടിച്ച പാമ്പിനെ ജീവനോടെയോ തല്ലിക്കൊന്നോ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യമില്ല.
പാമ്പിനെ എടുക്കുകയോ കുടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. വിഷമുള്ള ചത്ത പാമ്പായാൽ പോലും കൈകാര്യം ചെയ്യരുത്.
കടിയേറ്റാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെ കാത്തിരിക്കാതെ വൈദ്യസഹായം തേടുക. വരിഞ്ഞ് മുറുക്കി കെട്ടരുത്, മുറിവ് വീണ്ടും മുറിക്കരുത്, വിഷം വലിച്ചെടുക്കാൻ ശ്രമിക്കരുത്, ഐസ് പുരട്ടുകയോ മുറിവ് വെള്ളത്തിൽ മുക്കുകയോ ചെയ്യരുത്, വേദന സംഹാരിയായി മദ്യം കുടിക്കരുത്, വേദനസംഹാരികൾ കഴിക്കരുത്.
ഷൂസിടും മുൻപ് ജാഗ്രത
വേനൽക്കാലത്ത് തറയിൽ പായ വിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.
വെള്ളിക്കെട്ടൻപോലുള്ള പാമ്പുകൾ തണുപ്പ് തേടി കിടക്കയിലേക്ക് കയറാൻ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം.
വീടിന്റെ വരാന്തയിലും ഉമ്മറത്തും വച്ചിരിക്കുന്ന ചെടിച്ചട്ടികൾക്കിടയിൽ നനവും തണുപ്പും ഉള്ളതിനാൽ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുളളതിനാൽ ജാഗ്രത പാലിക്കണം. ചെരിപ്പും ഷൂസും ധരിക്കും മുൻപ് പാമ്പുകൾ അകത്തു കയറിയിട്ടില്ലെന്ന് ഉറപ്പാക്കുക.
ഷൂസിനുള്ളിൽ കൈ കടത്താതെ നിലത്ത് കൊട്ടിയതിനു ശേഷമേ ഉപയോഗിക്കാവൂ.
പാമ്പിൻകുഞ്ഞുങ്ങളെ സൂക്ഷിക്കുക
പാമ്പിൻ കുഞ്ഞുങ്ങൾ ജനിച്ച് കുറച്ചുനാൾ സ്വന്തമായി മേഖല കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടുതന്നെ അവയെ പുറത്തുകാണാൻ സാധ്യത കൂടുതലാണ്.
ഫെബ്രുവരിയിൽ തുടങ്ങി ഇടവപ്പാതി കാലത്തു വരെ ഇങ്ങനെ പാമ്പിൻകുഞ്ഞുങ്ങളെ കാണാറുണ്ട്.
പാമ്പുകടിയേറ്റാൽ പ്രഥമശുശ്രൂഷ ഇപ്രകാരം
പാമ്പുകടിയേറ്റാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നത് തടയുന്നതിനുളള പ്രഥമ ശുശ്രൂഷയാണ് ചെയ്യേണ്ടത്. കടിയേറ്റെന്ന് മനസ്സിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ ചെയ്യരുത്.
പേടിച്ചാൽ രക്തയോട്ടം കൂടുന്നതു വഴി വിഷം പെട്ടെന്ന് വ്യാപിക്കും.ശരീരം അനക്കാതെ സൗകര്യപ്രദമായി വ്യക്തിയെ ഇരുത്തുക. ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ തറയിൽ ചരിച്ചു കിടത്തണം.
മുറിവുള്ള ഭാഗം (അല്ലെങ്കിൽ കടിയേറ്റ ഭാഗം) ഒന്നും ചെയ്യരുത്. ചെരിപ്പുകൾ, ബെൽറ്റ്, മോതിരങ്ങൾ, വാച്ച്, ആഭരണങ്ങൾ അല്ലെങ്കിൽ ഇറുകിയ വസ്ത്രങ്ങൾ എന്നിവ മുറിവേറ്റ ഭാഗത്ത് നിന്നു മാറ്റുക.
പാമ്പുകടിയേറ്റ വ്യക്തിയെ ഇടതുവശം ചെരിഞ്ഞ്, വലതു കാൽ വളച്ച്, കൈകളിൽ മുഖം ചേർത്ത് കിടത്തണം. മുറിവിന് മുകളിലായി കയറോ, തുണിയോ മുറുക്കി കെട്ടേണ്ടതില്ല, ഇത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിന് കാരണമാകും.
കടിയേറ്റ ആളെ എത്രയും വേഗം ആന്റി സ്നേക് വെനം ലഭ്യമായ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം.
ജില്ലയിൽ വിഷചികിത്സ ലഭ്യമായ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ ചുവടെ കൊടുക്കുന്നു
∙ പാലക്കാട് ജില്ലാ ആശുപത്രി
∙ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രി
∙ പാലക്കാട് ഗവ. മെഡിക്കൽ കോളജ്
∙ മണ്ണാർക്കാട,് ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് ആശുപത്രികൾ
∙ അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്പെഷ്യൽറ്റി കോട്ടത്തറ
അടിയന്തര ഘട്ടത്തിൽ അംഗീകൃത പാമ്പുരക്ഷാ പ്രവർത്തകരെ വിളിക്കാം ഫോൺ : 18004254733
സംസ്ഥാനത്താകെ ആയിരത്തി ഇരുനൂറിൽപരം അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകർ ഉണ്ട്.
കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാൽ കേരള വനംവകുപ്പിന്റെ അംഗീകൃത രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടുക.18004254733 ൽ (24 മണിക്കൂർ ടോൾ ഫ്രീ നമ്പർ) വിളിക്കാം.
പാമ്പുകടിയേറ്റാൽ അടിയന്തര സഹായം ഉറപ്പാക്കാനായി വനം വകുപ്പിന്റെ ‘സർപ്പ’ ആപ്
പാമ്പുകടിയേറ്റാൽ അടിയന്തര സഹായം ഉറപ്പാക്കാനായി കേരള വനംവകുപ്പ് സജ്ജമാക്കിയ ആപ്പാണ് ‘സർപ്പ’ (SARPA-Snake Awareness Rescue and Protection App). പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം, ശാസ്ത്രീയ രീതിയിലുള്ള രക്ഷപ്പെടുത്തൽ, വിദഗ്ധ ചികിത്സ എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

