ചേർപ്പ് ∙ പൂരം, ഉത്സവങ്ങൾ അതിനോടനുബന്ധിച്ച് നടക്കുന്ന മേളം, വെടിക്കെട്ട്, പൂരത്തിനെത്തുന്ന ആനകൾ, വ്യത്യസ്തമായ ആനച്ചമയങ്ങൾ. ഇവ എത്ര കണ്ടാലും മതിവരാതെ ഇതിനു പിന്നാലെയുള്ള ഓട്ടമായിരുന്നു മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തിൽ മരിച്ച ചിറക്കൽ ഇഞ്ചമുടി സ്വദേശി ബിജീഷിന്റെ ജീവിതം.
ഇതിനെല്ലാം കൂടെ കൂടാനും ഒപ്പം നടക്കാനും സമാനചിന്താഗതിക്കാരായ ഒരുകൂട്ടം സുഹൃത്തുക്കളും ബിജീഷിനുണ്ടായിരുന്നു. ഒരു വെടിക്കെട്ട് ദുരന്തത്തിൽ ബിജീഷ് ഈ ലോകം വിട്ടുപോയി എന്നു വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് സുഹൃത്തുക്കൾ.
അടുത്ത സുഹൃത്തും അയൽവാസിയുമായ കണ്ണൻ എന്ന സുധീറിനൊപ്പമായിരുന്നു പൂരപ്പറമ്പുകളിലേക്കുള്ള ബിജീഷിന്റെ യാത്രകൾ ഏറെയും.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന്റെ ഒരുക്കങ്ങൾ നടക്കുമ്പോൾ ബിജീഷും കണ്ണനും പണിക്കാരെ സഹായിക്കുവാൻ പോകുന്നത് വർഷങ്ങളായുള്ള ശീലമായിരുന്നു. അങ്ങനെ ഉള്ള ഒരു ദൗത്യത്തിനിടയിലായിരുന്നു അപകടം ഉണ്ടായതും ബിജീഷ് മരിച്ചതും.
നാല് ദിവസമായി ബിജീഷിനൊപ്പം താനും വെടിക്കെട്ട് പുരയിലേക്ക് പണിക്കാരെ സഹായിക്കുവാൻ പോയിരുന്നതായി സുഹൃത്ത് കണ്ണൻ പറയുന്നു. അപകടം നടന്ന ദിവസം തന്റെ ഒരു സുഹൃത്തിന്റെ വിദേശത്തേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് പോകാൻ സാധിക്കാതിരുന്നതിനാലാണ് അപകടത്തിൽ നിന്നു രക്ഷപ്പെടാൻ കാരണമായതെന്ന് കണ്ണൻ നടുക്കത്തോടെ ഓർക്കുന്നു.
താൻ ഇല്ലാത്തതിനാൽ ബിജീഷും വെടിക്കെട്ട് പുരയിലേക്ക് പോയിട്ടുണ്ടാകില്ല എന്നായിരുന്നു കണ്ണൻ വിശ്വസിച്ചിരുന്നത്.
അപകട ദിവസം ഉച്ചയ്ക്ക് 1.50ന് താൻ വെടിക്കെട്ടുപുരയിൽ സഹായത്തിനായി ഉണ്ട് എന്ന് അറിയിച്ചുകൊണ്ട് സുഹൃത്തിന് സന്ദേശം മൊബൈലിൽ നിന്ന് അയച്ചിരുന്നു.
സന്ദേശം കണ്ട് കുറച്ചുനേരം കഴിഞ്ഞ് ബിജീഷിനെ ഈ സുഹൃത്ത് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നപ്പോൾ തന്നെ സുഹൃത്തുക്കൾ അപകടം മണത്തു. സംഭവസ്ഥലത്ത് എത്തിയ സുഹൃത്തുക്കൾ ബിജീഷിന്റെ കയ്യിൽ ഉണ്ടായിരുന്ന ആനവാൽ മോതിരവും കാതിലെ കടുക്കനും കണ്ടാണ് മരിച്ചത് ബിജീഷ് തന്നെയാണ് എന്ന് തിരിച്ചറിഞ്ഞത്.
കേരളത്തിലെ എല്ലാ പ്രധാന ഉത്സവങ്ങളും നേരിൽ കണ്ടിട്ടുള്ള അപൂർവ വ്യക്തികളിൽ ഒരാളായിരിക്കും ബിജീഷ് എന്ന് കണ്ണൻ പറയുന്നു.
സ്വന്തം പോക്കറ്റിൽ നിന്നു പണം ചെലവാക്കിയാണ് കണ്ണനും ബിജീഷും സുഹൃത്തുക്കളും ഉത്സവപ്പറമ്പുകളിൽ എത്തി വെടിക്കെട്ട് പണിക്കാർക്കും പൂര കമ്മിറ്റിക്കാർക്കും വേണ്ട സഹായങ്ങൾ ചെയ്തു നൽകിയിരുന്നത്.
ഉത്സവങ്ങൾ നന്നായി നടക്കണം എന്നതിന് പുറമേ ആനക്കാരും കമ്മിറ്റിക്കാരും വെടിക്കെട്ടുകാരുമായി അടുത്ത സൗഹൃദം പുലർത്തിയാൽ മേളവും ഉത്സവങ്ങളും വെടിക്കെട്ടുകളും ഏറ്റവും അടുത്തുനിന്ന് ആസ്വദിച്ച് കാണാം എന്നതായിരുന്നു ഈ പൂരപ്രേമികളുടെ സന്തോഷം. ഇനി ബിജീഷ് ഇല്ലാതെയാണ് ഉത്സവപ്പറമ്പുകളിലേക്ക് തങ്ങൾക്ക് യാത്ര ചെയ്യേണ്ടി വരിക എന്ന് ആലോചിക്കുമ്പോൾ തന്നെ ഹൃദയം തകരുന്ന വേദനയിലാണ് ഒരു സംഘം സുഹൃത്തുക്കൾ.
തലപൊട്ടി; നെഞ്ചുപൊട്ടുന്ന വിവരമറിയാതെ സുഭദ്ര
മുണ്ടത്തിക്കോട് ∙ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടുന്നതിനിടയിൽ തലയിൽ അമിട്ടിന്റെ അവശിഷ്ടം പതിച്ചാണ് കോട്ടയിൽ സുഭദ്രയ്ക്ക് തലയിൽ പരുക്കേറ്റത്.
മൂന്ന് തുന്നിക്കെട്ടുകൾ വേണ്ടിവന്നു. ഒപ്പമുണ്ടായിരുന്ന ഭവാനിക്ക് ഓടുന്നതിനിടയിൽ വീണു കാലിന്റെ എല്ലുപൊട്ടി.
അവരിപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് വർഷമായി ഇവിടെ തിരി ഉണ്ടാക്കുന്നതുൾപ്പെടെ വിവിധ ജോലികളിൽ ഏർപ്പെട്ട് വരികയായിരുന്നു. എല്ലാറ്റിനും സഹായത്തിനുണ്ടായിരുന്ന സൂപ്പർവൈസർ വെന്നൂർ സ്വദേശി സുദർശനെ കാണാനില്ലെന്ന വാർത്തയാണ് സുഭദ്രയെ ഇപ്പോൾ വിഷമിപ്പിക്കുന്നത്. എന്നാൽ സുദർശൻ അപകടത്തിൽ മരിച്ച വാർത്ത സുഭദ്ര ഇപ്പോഴും അറിഞ്ഞിട്ടില്ല.
സുദർശനന്റെ വിയോഗത്തിൽ വിങ്ങി വെന്നൂർ ഗ്രാമം
പഴയന്നൂർ ∙ മുണ്ടത്തിക്കോട് വെടിമരുന്നു ദുരന്തത്തിൽ മരിച്ച വെന്നൂർ പറക്കുണ്ടിൽ സുദർശനന്റെ സംസ്കാരം നടത്തി. വീട്ടിലെ പൊതുദർശനത്തിനു ശേഷം പാമ്പാടി പൊതു ശ്മശാനത്തിൽ നടന്ന ചടങ്ങിൽ മകൻ സുബിൻ ചിതയ്ക്കു തീ കൊളുത്തി.
കെ.രാധാകൃഷ്ണൻ എംപി, എ.സി.മൊയ്തീൻ എംഎൽഎ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നൂറു കണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിൽ എത്തിയിരുന്നു. പതിറ്റാണ്ടുകളായി കരിമരുന്നു ജോലിയിൽ ഏർപ്പെട്ടിരുന്ന സുദർശനൻ അസുഖത്തെ തുടർന്ന് 3 വർഷത്തോളം കരിമരുന്നു പണിക്കു പോയിരുന്നില്ല.
ഈ സീസണിലാണു വീണ്ടും പണിക്കു പോയി തുടങ്ങിയത്. വിഷുത്തലേന്ന് വീട്ടിൽ എത്തുകയും പിറ്റേന്നു രാവിലെ തിരിച്ചു പോകുകയും ചെയ്തു. പിന്നീട് പാലക്കാട് കോട്ടായിക്ക് അടുത്തുള്ള ഭാര്യ വീട്ടിലെ വിഷു വേലയ്ക്കു 17ന് പങ്കെടുത്ത ശേഷം 18നു വെന്നൂരിലെ വീട്ടിൽ എത്തിയാണു കരിമരുന്നു നിർമാണശാലയിലേക്കു മടങ്ങിയത്.
നടപടിക്രമങ്ങൾ വേഗത്തിലെന്ന് മന്ത്രി രാജൻ
തൃശൂർ ∙ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനം സംബന്ധിച്ച് മെഡിക്കൽ ബോർഡുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങൾ വേഗത്തിലാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ചിന്നിച്ചിതറിയ മൃതദേഹ ഭാഗങ്ങളാണ് ലഭിക്കുന്നത്.
ഡിഎൻഎ സാംപിളുകൾ പരിശോധിച്ചാൽ മാത്രമേ മരിച്ച വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു. അതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. മന്ത്രിമാരായ ആർ.ബിന്ദു, വി.എൻ.വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.ബി.രാജേഷ്, കലക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും കാര്യങ്ങൾ വിശദീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

