പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് ജൂലൈ മാസം 4.45 ശതമാനമായി ഉയർന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഒരു ശതമാനത്തിലധികമാണ് ഇതിലുണ്ടായ വർധന.
മേയ് മാസത്തിൽ 3.48 ശതമാനവും ജൂൺ മാസത്തിൽ 4.38 ശതമാനവുമായിരുന്നു പണപ്പെരുപ്പ നിരക്ക്. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെയും ഇന്ധത്തിന്റെയും വിലയിലുണ്ടായ വർധനയാണ് ഈ കണക്കുകളിൽ പ്രകടമാകുന്നതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.
തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്തെ വിലക്കയറ്റ നിരക്ക് 4 ശതമാനമെന്ന പരിധി കടക്കുന്നത്. വിലക്കയറ്റ നിരക്ക് 4 ശതമാനത്തിനു താഴെ നിലനിർത്തുക എന്നതാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം.
ഈ നിരക്ക് 6 ശതമാനം വരെ ഉയർന്നാലും അത് റിസർവ് ബാങ്കിന്റെ സഹന പരിധിക്കുള്ളിൽ തന്നെ തുടരും. എന്നാൽ ഇതിലും വർധിച്ചാൽ അടിസ്ഥാന പലിശ നിരക്ക് ഉയർത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത തിരുത്തൽ നടപടികളിലേക്ക് കേന്ദ്ര ബാങ്ക് കടന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജൂലൈ മാസത്തിലെ വിലക്കയറ്റ നിരക്ക് 4.4 ശതമാനം ആയിരിക്കുമെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരും മുൻകൂട്ടി പ്രവചിച്ചിരുന്നത്. രാജ്യത്തെ ഭക്ഷ്യവിലക്കയറ്റ നിരക്ക് ജൂണിലെ 5.32 ശതമാനത്തിൽ നിന്ന് ഉയർന്ന് 5.52 ശതമാനത്തിലെത്തി.
ഇതിനു മുൻപുള്ള മാസങ്ങളിൽ, അതായത് ഏപ്രിലിൽ 4.2 ശതമാനവും മേയിൽ 4.78 ശതമാനവും ആയിരുന്നു ഭക്ഷ്യവിലക്കയറ്റം. നീണ്ടകാലമായി പണപ്പെരുപ്പ നിരക്കിൽ മുൻനിരയിലുണ്ടായിരുന്ന കേരളം ഇത്തവണ ദേശീയ ശരാശരിയേക്കാളും താഴെയാണ് നിൽക്കുന്നത്.
കേരളത്തിലെ മൊത്തത്തിലുള്ള വിലക്കയറ്റത്തോത് 4.01 ശതമാനമാണ്. എങ്കിലും സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെ വിലക്കയറ്റ നിരക്ക് ദേശീയ ശരാശരിയേക്കാൾ അൽപം കൂടുതലാണ്.
ദേശീയതലത്തിൽ ഗ്രാമങ്ങളിൽ 4.84 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ ഇത് 4.91 ശതമാനമാണ്. നഗരപ്രദേശങ്ങളിൽ യഥാക്രമം 3.96 ശതമാനവും 3.27 ശതമാനവുമാണ് വിലക്കയറ്റ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് ആന്ധ്രപ്രദേശിലാണ് (5.72 ശതമാനം). തെലങ്കാന, തമിഴ്നാട്, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഈ നിരക്കിന് തൊട്ടുപിന്നിലായുണ്ട്.
അതേസമയം, ഡൽഹി, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് വിലക്കയറ്റത്തോത് ഏറ്റവും കുറവുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

