ദേശീയപാത 544-ലെ കുതിരാൻ തുരങ്കപ്പാതയുടെ കവാടത്തിനു മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധസംഘം പ്രദേശം സന്ദർശിച്ചു പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ കലക്ടർ ശിഖ സുരേന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സീനിയർ ജിയോളജിസ്റ്റുകളായ എ.രമേശ് കുമാർ, എസ്.നിശാന്ത് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയത്.
തുരങ്കമുഖവും അതിനു മുകളിലുള്ള കുന്നിൻചെരിവും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇവിടത്തെ നിലവിലെ ചെരിവ്, പ്രദേശത്തിന്റെ സ്ഥിരത, മണ്ണ്-പാറ എന്നിവയുടെ സ്വഭാവം, ജലനിർഗമന സൗകര്യങ്ങൾ, ഭാവിയിലുണ്ടായേക്കാവുന്ന അപായ സാധ്യതകൾ തുടങ്ങിയ നിർണായക വിവരങ്ങൾ സംഘം ശേഖരിച്ചു.
തുടർപഠനങ്ങളുടെ ഭാഗമായി, തുരങ്ക നിർമാണ സമയത്ത് തയാറാക്കിയ ഡിസൈൻ രേഖകൾ, വിശദമായ പദ്ധതി രേഖ (ഡിപിആർ), ഭൗമസാങ്കേതിക പഠന റിപ്പോർട്ടുകൾ എന്നിവ ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികൃതരോട് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ രേഖകൾ കൂടി വിശദമായി പരിശോധിച്ച ശേഷം, മേഖലയിലെ അപകടസാധ്യത പൂർണ്ണമായി ഒഴിവാക്കാനും പ്രദേശം സുരക്ഷിതമാക്കാനുമുള്ള അന്തിമ പരിഹാര നിർദേശങ്ങൾ സംഘം സർക്കാരിന് സമർപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

