കൊല്ലത്ത് വാടകത്തർക്കത്തെ തുടർന്ന് ദമ്പതികൾ താമസിച്ചിരുന്ന കെട്ടിടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി. കഴിഞ്ഞ എട്ട് വർഷമായി കടമുറിയിൽ കച്ചവടം നടത്തിവരികയായിരുന്ന അബ്ദുൾ വാഹിദ്–സൂറ ബീവി ദമ്പതികളെ ഒഴിപ്പിക്കുന്നതിനായാണ് ഉടമകൾ ജെസിബി ഉപയോഗിച്ച് കെട്ടിടം പൂർണ്ണമായി തകർത്തത്.
ഈ കടമുറിയിൽ തന്നെയായിരുന്നു ദമ്പതികളുടെ താമസവും. കെട്ടിടം ഒഴിഞ്ഞു നൽകണമെന്ന് ആവശ്യപ്പെട്ട് ആറു മാസം മുൻപ് ഉടമകൾ നോട്ടീസ് നൽകിയിരുന്നെങ്കിലും വാടകക്കാർ ഇതിനു തയ്യാറായിരുന്നില്ല.
തുടർന്ന് വിഷയം കോടതിയുടെ പരിഗണനയിലാണുള്ളത്. കഴിഞ്ഞ രണ്ടര വർഷമായി ദമ്പതികൾ വാടക നൽകിയിരുന്നില്ലെന്നാണ് ഉടമകളുടെ പ്രധാന ആരോപണം.
എന്നാൽ, കെട്ടിടത്തിൽ തുടരുന്നതിന് അനുകൂലമായി കോടതിയുടെ സ്റ്റേ ഉത്തരവ് നിലവിലുണ്ടെന്ന് വാടകക്കാർ വ്യക്തമാക്കി. ഉടമകളെ അസഭ്യം പറഞ്ഞു എന്നാരോപിച്ച് സൂറ ബീവിയെയും അബ്ദുൾ വാഹിദിനെയും ചിതറ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
ഇരുവരും സ്റ്റേഷനിൽ ഹാജരായ സമയത്താണ് ഉടമകൾ ജെസിബി ഉപയോഗിച്ച് കെട്ടിടം തകർത്തത്. പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് കെട്ടിടം പൂർണ്ണമായും തകർന്നു കിടക്കുന്ന വിവരം ഇവർ അറിയുന്നത്.
കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പ്രധാന രേഖകളും സ്വർണാഭരണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ പൂർണമായി നശിച്ചതായി വാടകക്കാർ പരാതിപ്പെട്ടു. സംഭവത്തെ തുടർന്ന് ഇരുവരും പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.
നിലവിൽ ആൻഡമാനിൽ താമസിക്കുന്ന സജീർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. അദ്ദേഹത്തിന്റെ ബന്ധുക്കളാണ് കെട്ടിടത്തിന്റെ കാര്യങ്ങൾ നോക്കിനടത്തുന്നത്.
കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടപ്പോൾ വാടകക്കാർ തങ്ങളെ അസഭ്യം പറഞ്ഞതുകൊണ്ടാണ് കെട്ടിടം തകർത്ത് ഒഴിപ്പിക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

