തൃശൂർ ∙ ദേശീയപാത നിർമാണ മേഖലകളിൽ മേഖല തിരിച്ചു സുരക്ഷ ‘സൈറ്റ് സേഫ്റ്റി ടീം’ ഉറപ്പാക്കണമെന്നും ഗതാഗതം പൂർണമായി മറ്റു റൂട്ടുകളിലൂടെ തിരിച്ചുവിടണമെന്നും ഇന്ത്യൻ റോഡ്സ് കോൺഗ്രസിന്റെ കർശന നിർദേശമുണ്ടെങ്കിലും പാലിക്കാതെ കരാർ കമ്പനികൾ. 9 വർഷം മുൻപു മണ്ണുത്തി – വടക്കഞ്ചേരി റൂട്ടിൽ ദേശീയപാത നിർമാണം നടക്കുന്ന സമയത്തു മുപ്പതിലേറെ സുരക്ഷാ പ്രശ്നങ്ങളാണു ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ കണ്ടെത്തിയത്.
കോടതിയുടെ കർശന മേൽനോട്ടമാണു പിന്നീട് അപകടങ്ങളില്ലാതെ കുതിരാൻ തുരങ്കമടക്കം പൂർത്തിയാക്കാൻ വഴിയൊരുക്കിയത്. എന്നാൽ, കോടതി ഉത്തരവും റോഡ്സ് കോൺഗ്രസ് മാനദണ്ഡങ്ങളും പാലിക്കാൻ കരാറുകാർ തയാറല്ലാത്തത് അരൂരിലേതു പോലുള്ള അപകടങ്ങൾ തുടർക്കഥയാക്കുന്നു.
നിർമാണം തുടങ്ങുന്നതിനു മുൻപു തന്നെ ഓരോ വർക്ക് സോണിലും കരാറുകാർ കൃത്യമായ ട്രാഫിക് മാനേജ്മെന്റ് പ്ലാൻ തയാറാക്കണമെന്നു റോഡ്സ് കോൺഗ്രസ് മാനദണ്ഡങ്ങളിൽ പറയുന്നു.
യോഗ്യതയുള്ള സേഫ്റ്റി ഓഫിസർക്കു കീഴിൽ സൈറ്റ് സുരക്ഷാ ടീമിനെ നിയോഗിക്കണം. തീവ്രതയേറിയ റെട്രോ റിഫ്ലക്ടീവ് മുന്നറിയിപ്പു ബോർഡുകൾ, ഒരു മീറ്റർ ഉയരമുള്ള കോണുകൾ, റിഫ്ലക്ടീവ് ബാൻഡുകൾ തുടങ്ങിയവ ഉപയോഗിച്ചു രാത്രിയും പകലും കൃത്യമായ ജാഗ്രതാ സംവിധാനം തയാറാക്കണം.
റിഫ്ലക്ടീവ് പെയിന്റ് പൂശിയ ഇരുമ്പ് ബാരിക്കേഡുകൾ ഉപയോഗിച്ചു വാഹനങ്ങളെ നിർമാണ മേഖലയിൽനിന്ന് അകറ്റി നിർത്തണം.
നിർമാണം നടക്കുന്ന മേഖല ഒഴിവാക്കി ഹൈവേയുടെ മറ്റു ഭാഗങ്ങളിലൂടെയോ പൂർണമായി ബദൽ റൂട്ടുകൾ വഴിയോ ഗതാഗതം തിരിച്ചുവിടണം. വഴിതിരിച്ചുവിടുന്ന റോഡുകൾ നിശ്ചിത വീതിയിലും കനത്തിലും ടാർ ചെയ്തു ഗതാഗത യോഗ്യമാക്കുക, നിർമാണ മേഖലയിൽ പൊടി നിയന്ത്രിക്കാൻ വെള്ളം തളിച്ചുകൊണ്ടിരിക്കുക, ആംബുലൻസും പാരാമെഡിക്കൽ സ്റ്റാഫുകളെയും സജ്ജമാക്കി നിർത്തുക, അപകടമുണ്ടായാൽ ദ്രുതപ്രതികരണ സംവിധാനം ഒരുക്കുക, മെക്കാനിക്കലും ഇലക്ട്രിക്കലുമായ സുരക്ഷാ മുൻകരുതലെടുക്കുക തുടങ്ങിയ മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെങ്കിലും ഇവയൊന്നും മിക്കപ്പോഴും പാലിക്കപ്പെടാറില്ല.
29 കിലോമീറ്റർ പരിശോധനയിൽ അന്ന് കണ്ടെത്തിയത് മുപ്പതോളം കുഴപ്പങ്ങൾ!
∙ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത നിർമാണം നടക്കുന്ന സമയത്തു 2017ൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ 29.6 കിലോമീറ്റർ നിർമാണ മേഖലയിൽ നടത്തിയ പരിശോധനയിൽ കണ്ടതു മുപ്പതോളം സുരക്ഷാ പ്രശ്നങ്ങൾ!
ഇരട്ടക്കുഴൽ തുരങ്കങ്ങളടക്കം നിർമിക്കുന്നത് അപകടകരമായ രീതിയിലാണെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ഷാജി ജെ.കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജി പരിഗണിച്ചാണു കോടതി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷൻ നൽകിയ റിപ്പോർട്ട് പരിഗണിച്ചു കോടതി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കരാറുകാരോട് ഉത്തരവിട്ടു.
സുരക്ഷ പാലിക്കുന്നുണ്ടെന്നു പരിശോധിക്കാൻ തൃശൂർ, പാലക്കാട് പൊലീസ് മേധാവികളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷമാണു നിർമാണമേഖലയിലെ അപകടങ്ങൾ കുറയ്ക്കാനായത്.
മുരിങ്ങൂരിൽ പൈപ്പ് പൊട്ടി;വാഹനങ്ങൾ കുരുക്കിൽപെട്ടു
മുരിങ്ങൂർ ∙ ദേശീയപാതയിൽ അടിപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനോടു ചേർന്നു ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെ ഗതാഗതക്കുരുക്കുണ്ടായി.
മണിക്കൂറുകൾക്കു ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം പരിഹരിച്ചത്. പൈപ്പ് പുനഃസ്ഥാപിച്ച ശേഷമാണ് ഗതാഗതക്കുരുക്കിന് നേരിയ അയവുണ്ടായത്.ഇന്നലെ ഇരു ദിശകളിലേക്കും ഗതാഗതക്കുരുക്ക് പല സമയത്തും രൂപപ്പെട്ടു.
മുരിങ്ങൂരിനു പുറമേ ചിറങ്ങരയിലും ഗതാഗതക്കുരുക്ക് ജനത്തെ വലച്ചു.
കൊടുങ്ങല്ലൂർ-തൃശൂർ റോഡ് നിശ്ചിത സമയത്തിനുള്ളിൽ നവീകരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ-തൃശൂർ സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനങ്ങൾ 2026 ഫെബ്രുവരി മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതു ഉറപ്പാക്കണമെന്നു കലക്ടർക്കും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടർക്കും ഹൈക്കോടതി നിർദേശം നൽകി. കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെ റോഡിനു വീതികൂട്ടി കോൺക്രീറ്റ് നടത്താനുള്ള പ്രവൃത്തികൾ 2021ലാണ് തുടങ്ങിയത്.
റോഡ് വിവിധ സ്ഥലങ്ങളിലായി കുത്തി പൊളിച്ചതിനാൽ യാത്രാ ദുരിതങ്ങളും വാഹന അപകടങ്ങളും വർധിച്ചു. ഈ സാഹചര്യത്തിലാണ് പൊതുപ്രവർത്തകരായ പി.എ.സീതി, പി.എ.കരുണാകരൻ എന്നിവർ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന ഹൈക്കോടതിയെ സമീപിച്ചത്.
റോഡിലെ ശോചനീയാവസ്ഥ ചിത്രങ്ങൾ സഹിതം കോടതിയുടെ ശ്രദ്ധയിൽപെടുത്തി. തുടർന്നു ഹൈക്കോടതി നിർദേശ പ്രകാരം ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം കലക്ടർ വിളിച്ചു കൂട്ടി അടുത്ത ഫെബ്രുവരിക്കുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കുമെന്നു കോടതിയിൽ ഉറപ്പു നൽകി. സമയ പരിധിക്കുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് വീഴ്ച വരുത്തുന്നുണ്ടോ എന്നു കലക്ടർ ഗൗരവമായി നിരീക്ഷിക്കണം. ഇതു സംബന്ധിച്ച റിപ്പോർട്ട് 2026 മാർച്ച് മൂന്നിനു സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

