ബത്തേരി ∙ സ്കൂളുകളും കുട്ടികളും എത്രത്തോളം സുരക്ഷാ കവചം അർഹിക്കുന്നതു എന്നതു സംബന്ധിച്ചും സ്കൂളുകളിലും വിദ്യാർഥികളുടെ കാര്യത്തിലും സ്കൂൾ അധികൃതരും വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും അനുവർത്തിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചും വിശദമായ സർക്കുലർ ആരോഗ്യ വകുപ്പ് പുറത്തിറക്കി.
പുതിയ അധ്യയന വർഷം മുതൽ ഇക്കാര്യങ്ങളിൽ കർശന പരിശോധന സ്കൂളുകളിലുണ്ടാകും. വിവിധ വകുപ്പുകളുടെ കത്തുകളും മുഖ്യമന്ത്രിയുടെ ഇടപെടലും ബത്തേരി സർവജന സ്കൂളിലെ പാമ്പുകടി മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ കുളത്തൂർ ജെയസിങ്ങിന്റെ പൊതു താൽപര്യ ഹർജിയും പരിഗണിച്ചാണ് ആരോഗ്യവകുപ്പ് കഴിഞ്ഞ 9ന് സർക്കുലർ ഇറക്കിയിട്ടുള്ളത്.ഇക്കഴിഞ്ഞ സെപ്റ്റംബർ 1ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനങ്ങൾക്ക് അനുസൃതമായി പൊതു വിദ്യാഭ്യാസ വകുപ്പ്, വനം വന്യജീവി വകുപ്പ്, തദ്ദേശഭരണവകുപ്പ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴ എന്നിവയുമായും കൂടിയാലോചിച്ചും ഹൈക്കോടതി നിർദേശത്തിനനുസരിച്ചുമാണ് സർക്കുലർ.
സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റിങ് നിർബന്ധം
മുഴുവൻ അടിസ്ഥാന സൗകര്യങ്ങളുടെയും സമഗ്രമായ സുരക്ഷാ ഓഡിറ്റിങ് നടത്തണം.
കെട്ടിടങ്ങളുടെ സ്ഥിരത, ക്ലാസ്മുറികളുടെ അവസ്ഥ, ശുചിത്വ സൗകര്യങ്ങൾ, വൈദ്യുത സൗകര്യങ്ങൾ, ചുറ്റളവ്, വേലി എന്നിവയുടെ പരിശോധന നടത്തണം. തുറന്ന കുഴികൾ, തകർന്ന കെട്ടിടങ്ങൾ, തുറന്ന വയറിങ്, സുരക്ഷിതമല്ലാത്ത വാതിലോ ജനലോ അടക്കമുള്ള എല്ലാ ഭൗതിക അപകടങ്ങളും ഉടൻ നന്നാക്കണം.
സ്കൂൾ പരിസരത്തെ കാടുകൾ വെട്ടിനീക്കുകയും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുകയും വേണം.
സ്കൂൾ ജീവനക്കാർ പരിശീലനം നേടണം
സ്കൂളുകളിൽ പ്രഥമശുശ്രൂഷ കിറ്റും അതിനുള്ള മുറിയും ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അടുത്തുള്ള ആശുപത്രിയുമായി സഹകരിച്ചു കുറഞ്ഞത് 2 ജീവനക്കാർക്കെങ്കിലും സിപിആർ, മുറിവു ശുശ്രൂഷ പരിശീലനം നൽകണം.
സമീപത്തെ ആശുപത്രികൾ, പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ, ആംബുലൻസുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ സ്കൂളിലും പ്രിൻസിപ്പലിന്റെ മുറിയിലും പ്രദർശിപ്പിക്കണം. പാമ്പുവിഷ ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ വിവരങ്ങളും വേണം.
കുട്ടികൾക്കുള്ള മെഡിക്കൽ പരിചരണം വേഗത്തിൽ ലഭിക്കുന്നതിന് അടുത്തുള്ള താലൂക്ക് ആശുപത്രിയുമായോ ആരോഗ്യ കേന്ദ്രവുമായോ ധാരണയുണ്ടാക്കണം.പുതുക്കിയ വിഷവിരുദ്ധ ആശുപത്രികളുടെ പട്ടിക പ്രദർശിപ്പിക്കണം. അംഗീകൃത പാമ്പുപിടിത്തക്കാരെ നിയോഗിക്കുന്നതിനു വനംവകുപ്പുമായി ധാരണയുണ്ടാകണം.
അവരുടെ വിവരങ്ങൾ പ്രദർശിപ്പിക്കണം.
പാമ്പുകൾ, പ്രാണികൾ, മറ്റ് ഉരഗങ്ങൾ എന്നിവയുടെ പ്രവേശന കവാടങ്ങൾ തിരിച്ചറിയുന്നതിനും മുദ്ര വയ്ക്കുന്നതിനും സ്കൂൾ അധികൃതർ സമഗ്രമായ പരിശോധന നടത്തണം. മതിലുകൾ, സംഭരണ സ്ഥലങ്ങൾ പൂന്തോട്ടങ്ങൾ, വിടവുകൾ, ദ്വാരങ്ങൾ എന്നിവയെല്ലാം അതിൽപെടും.
വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതുമായ ശുചിമുറികളാണെന്നു ഉറപ്പു വരുത്തണം. അടിയന്തര ചികിത്സ വിജയകരമാക്കാൻ (ഗോൾഡൻ അവർ) ആദ്യമണിക്കൂറിൽ തന്നെ ഉറപ്പാക്കണം.
പാമ്പുകടി, തീപിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം എന്നിവയുണ്ടായാലുള്ള തയാറെടുപ്പുകൾ ഉറപ്പാക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുമായും തദ്ദേശ വകുപ്പുമായും ആലോചിച്ച് സ്കൂളുകളിൽ മോക്ഡ്രില്ലുകളും നടത്തണം.
കൂടൊരുക്കരുത് പാമ്പുകൾക്ക്; പരിസരം വൃത്തിയാക്കണം
ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടാൻ ഇടയാക്കരുത്. എലികൾ വരുന്നതോടെ പാമ്പും വരുമെന്നതിനാൽ ഓരോ പാദത്തിലും ഒരിക്കൽ സ്കൂൾ പരിസരം മുഴുവനായി വൃത്തിയാക്കണം.
തദ്ദേശ സ്ഥാപനങ്ങൾ അത് ഉറപ്പാക്കണം. പാമ്പുകൾക്ക് ഒളിക്കാനുള്ള ദ്വാരങ്ങളും വിടവുകളും പ്ലാസ്റ്റർ ചെയ്ത് അടയ്ക്കണം.
വിറക്. ഇഷ്ടിക, നിർമാണ വസ്തുക്കൾ എന്നിവ കൂട്ടിയിടരുത്.
കുറ്റിക്കാടുകൾ വെട്ടിനീക്കണം. കുട്ടികളെ നിശ്ചിത പാതകളിലൂടെ മാത്രം നടക്കാൻ അനുവദിക്കണം.
നഗ്നപാദരായി പുല്ലിലും കുറ്റിക്കാട്ടിലും ഇറക്കി വിടരുത്. ശുചിത്വം പാലിക്കണം.
സ്കൂൾ സമയം കഴിഞ്ഞാലുടൻ വാതിലുകളും ജനാലകളും അടച്ചിടണം. പാമ്പു കയറാൻ സാധ്യതയുള്ള കുട്ടികളുടെ ഷൂകളും ബാഗുകളും ക്ലാസിനു പുറത്തു ശ്രദ്ധയില്ലാതെ സൂക്ഷിക്കരുത്.
ബോധവൽക്കരണ പരിപാടികൾ, മോക്ഡ്രില്ലുകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെ പരിശീലനം എന്നിവ നൽകണം.എൻസിസി കെഡറ്റുകളുടെ കൈപ്പുസ്തകത്തിൽ ഉൾപ്പെടെ പാഠ്യ പദ്ധതിയിൽ പാമ്പു കടിയേറ്റാലുള്ള പ്രതിരോധ മാർഗങ്ങൾ ഉൾപ്പെടുത്തണം. സ്കൂൾ തുറക്കുമ്പോൾ സർപ്പ സുരക്ഷ എന്ന പേരിൽ സർപ്പ വൊളന്റിയർമാർ ബോധവൽക്കരണ പരിപാടി നടത്തണം.
തദ്ദേശ സ്ഥാപനങ്ങൾ, വനംവകുപ്പ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ എന്നിവ സംയുക്തമായി മോക് ഡ്രില്ലുകൾ നടത്തണം. സർപ്പആപ്പും, സ്നേക്ക് പീഡിയ ആപ്പും എല്ലാ അധ്യാപകർക്കും പരിചിതമാക്കുന്നതിനു പരിശീലനം നൽകും.
സ്കൂളുകളിൽ സുരക്ഷാ നിരീക്ഷണ സമിതി രൂപീകരിക്കണം
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ തലത്തിൽ സുരക്ഷാ നിരീക്ഷണ സമിതി രൂപീകരിക്കണം.
സ്കൂൾ മാനേജർ, പ്രധാനാധ്യാപകൻ, വാർഡ് പ്രതിനിധി, വനംവകുപ്പ് ഉദ്യോഗസ്ഥൻ, പിടിഎ, ആരോഗ്യ വൈദ്യുത ബോർഡ് പ്രതിനിധികൾ അംഗങ്ങളാകണം. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലും പതിവായി പരിശോധിച്ച് സുരക്ഷയുണ്ടെന്ന് ഉറപ്പാക്കാനായി സ്കൂൾ തലത്തിൽ ഉപസമിതി രൂപീകരിക്കണം.
അനിഷ്ട സംഭവങ്ങളുണ്ടായാൽ ബന്ധപ്പെട്ട
വകുപ്പുകളെ ഉപസമിതി ഉടൻ അറിയിക്കണം.എല്ലാ സ്കൂളുകളിലെ അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കണം. സ്കൂൾ പ്രവേശന കവാടങ്ങൾ ബാരിയർ ഫ്രീ ആക്കണം.
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് നിർബന്ധമാണ്.
സ്കൂൾ സുരക്ഷ സംബന്ധിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നിർദേശങ്ങൾ സ്കൂൾ അധികൃതർ പാലിക്കണം. തദ്ദേശ വകുപ്പിലെ എൻജിനീയർ സ്കൂളിലെത്തി ഘടനാപരമായ സ്ഥിരത ഉറപ്പു വരുത്തണം. അപകടാവസ്ഥയിലുള്ള മരങ്ങൾ മതിലുകൾ, മൺകൂനകൾ, കെട്ടിടങ്ങൾ വൈദ്യുതക്കാലുകൾ, കമാനങ്ങൾ, ഹോർഡിങ്ങുകൾ, ടവറുകൾ ഇല്ലെന്ന് ഉറപ്പു വരുത്തണം.
ട്രാൻസ്ഫോമറുകൾക്ക് വേലി കെട്ടണം. വൈദ്യുത വയറുകൾ അപകടകരമല്ലെന്ന് ഉറപ്പാക്കണം, കിണറുകൾക്ക് പാരപ്പറ്റ് ഉറപ്പാക്കുക, തുറന്ന കിണറുകൾ മൂടുക, തേനീച്ച കടന്നൽ കൂടുകൾ നീക്കം ചെയ്യുക എന്നിവയും നടപ്പാക്കണം.
സർക്കുലറിലെ കാര്യങ്ങൾ നടപ്പാക്കിയോ എന്ന് ഉറപ്പാക്കാൻ ജില്ലാതല ഉദ്യോഗസ്ഥർ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.
പാമ്പുകടി മരണങ്ങൾ 5 വർഷത്തിനുള്ളിൽ പൂജ്യമാക്കും
ബത്തേരി ∙ പാമ്പുകടിയേറ്റുള്ള മരണങ്ങൾ അടുത്ത 2 വർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കുന്നതിനും 5 വർഷത്തിനുള്ളിൽ പൂർണമായി ഇല്ലാതാക്കുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുകയും പദ്ധതി തയാറാക്കി അംഗീകരിക്കുകയും ചെയ്തു.താലൂക്ക് ആശുപത്രി മുതൽ എല്ലാ ആശുപത്രികളിലും ആന്റി സ്നേക്ക് വെനം ഉറപ്പാക്കും. പാമ്പു വിഷബാധയുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാതലത്തിൽ നോഡൽ ഓഫിസറെ നിയോഗിക്കും. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം പാമ്പുകടിയേറ്റ കേസുകളും വിഷബാധയും പ്രത്യേക രോഗമായി പ്രഖ്യാപിക്കാനുള്ള നിർദേശം 2024 നവംബർ 7ന് നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

