വടക്കാഞ്ചേരി ∙ കെഎസ്യു–എസ്എഫ്ഐ സംഘട്ടനത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത 3 കെഎസ്യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങുകളും അണിയിച്ചു കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്യു ജില്ലാ കമ്മിറ്റി പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പു ചുമത്തി 5 പേരെ അറസ്റ്റ് ചെയ്തു.
ഗതാഗത തടസ്സം സൃഷ്ടിച്ചതിന് അറുപതോളം പേർക്കെതിരെ കേസെടുത്തു.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദ്, ജില്ലാ ഭാരവാഹികളായ അജ്മൽ, നിഹാൽ റഹിമാൻ, മുഹമ്മദ് അൻസാർ എന്നിവർക്കെതിരെയാണു പിഡിപിപി നിയമം അനുസരിച്ചു കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
പൊലീസുമായുണ്ടായ ഉന്തിലും തള്ളിലും പരുക്കേറ്റ സംസ്ഥാന സെക്രട്ടറി മിവ ജോളി, ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.എൻ.വൈശാഖ് എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച മാർച്ച് കനറാ ബാങ്കിനു മുൻവശം പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മാർച്ച് ഉദ്ഘാടനം ചെയ്തു.
രാജാവിനെക്കാൾ വലിയ രാജഭക്തിയുള്ള പൊലീസുകാർ കരുതിയിരിക്കണമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ.അജിത്കുമാർ, നഗരസഭ കൗൺസിലർ പി.എൻ.വൈശാഖ്, സംസ്ഥാന ഭാരവാഹികളായ സച്ചിൻ ടി.പ്രദീപ്, ആസിഫ് മുഹമ്മദ്, അനുഷ റോബി എന്നിവർ പ്രസംഗിച്ചു.
പ്രസംഗത്തിലുടനീളം മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ രൂക്ഷമായ ഭാഷയാണ് കെഎസ്യു നേതാക്കൾ ഉപയോഗിച്ചത്.
എസ്എച്ച്ഒ ഷാജഹാനെ പേരെടുത്തു പറഞ്ഞും വെല്ലുവിളിച്ചു.ഉദ്ഘാടന യോഗത്തിനു ശേഷം പ്രകോപിതരായ കെഎസ്യു പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും ശ്രമിച്ചതോടെ പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീർവാതകവും പ്രയോഗിച്ചു. അലോഷ്യസ് സേവ്യറിനെ പൊലീസ് ബാരിക്കേഡിനു മുകളിലേക്കു തള്ളിയിട്ടത് പ്രവർത്തകരെ കൂടുതൽ പ്രകോപിപ്പിച്ചു.
സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമം നേതാക്കൾ തടഞ്ഞതും സ്ഥിതി കൂടുതൽ വഷളാക്കി. പൊലീസ് സംയമനം പാലിച്ചതിനാൽ കൂടുതൽ അനിഷ്ട
സംഭവങ്ങൾ ഉണ്ടായില്ല.
സമരക്കാരെ അറസ്റ്റ് ചെയ്തു കയറ്റിയ പൊലീസ് വാഹനത്തിനു മുകളിൽ കയറി സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റും പൊലീസിനും വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനും എതിരെ മുദ്രാവാക്യം മുഴക്കി. കുന്നംകുളം എസിപി സന്തോഷ് സ്ഥലത്തെത്തിയാണു സമരക്കാരെ അറസ്റ്റ് ചെയ്തു വാഹനത്തിൽ കയറ്റിയത്.
പൊലീസ് ബലപ്രയോഗത്തിൽ പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. മാർച്ച് മൂലം ടൗണിൽ ഒന്നര മണിക്കൂറോളം ഗതാഗതം പൂർണമായും സ്തംഭിച്ചു.
കെഎസ്യു നേതാക്കളെ പൊലീസ് സ്റ്റേഷനിൽ സന്ദർശിച്ച് സണ്ണി ജോസഫും എം.എം.ഹസനും
എരുമപ്പെട്ടി∙ പൊലീസിന്റെ അതിക്രമങ്ങളെയും പൗരാവകാശ ധ്വംസനങ്ങളെയും എതിർത്ത് തോൽപ്പിച്ച് കേരളത്തിലെ കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
പിണറായി വിജയന്റെ പൊലീസ് നയത്തിന്റെ ഭീകരത കോൺഗ്രസ് ജനാധിപത്യപരമായും നിയമപരമായും നേരിടും. പൊലീസിനെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ പ്രസ്ഥാനങ്ങളെയും കോൺഗ്രസിനെയും തകർക്കാമെന്നോ ദുർബലപ്പെടുത്താമെന്നോ ആഭ്യന്തരവകുപ്പ് കരുതേണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ പങ്കെടുത്ത കെഎസ്യു സംസ്ഥാന നേതാക്കളടക്കമുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്ത് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഇവരെ സന്ദർശിക്കാനെത്തിയതായിരുന്നു സണ്ണി ജോസഫും എം.എം.ഹസൻ, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
കോൺഗ്രസ് ജില്ലാ, ബ്ലോക്ക് ഭാരവാഹികളും സംസ്ഥാന പ്രസിഡന്റിനൊപ്പം സ്റ്റേഷനിലെത്തിയിരുന്നു.
തൃശൂർ ∙ ഇടിമുറിയിലെ അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങളിൽ സിപിഐയും ഒപ്പം ചേരണമെന്നു എം.എം.ഹസൻ. വിയ്യൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കെഎസ്യു നേതാക്കളായ ഗണേഷ് ആറ്റൂർ, അൽഅമീൻ, കെ.എ.അസ്ലം എന്നിവരെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയും പൊറുതിമുട്ടിയിരിക്കുന്നു. സിപിഐ സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രതിനിധികളെ പൊലീസ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ചതോടെ സിപിഐക്കാരെയും പിണറായി വിജയനു വിശ്വാസമില്ലെന്നു തെളിഞ്ഞു. സിപിഎം അടിമയായ പൊലീസ് സഖാവാണു വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാൻ.
സുജിത്തിനെ കുന്നംകുളത്തു ക്രൂരമായി മർദിച്ച സമയത്തും ഷാജഹാൻ ആയിരുന്നു എസ്എച്ച്ഒ. അയാളെ കാക്കിയൂരിച്ചു കയ്യാമം വയ്പിച്ചു കോടതിയിൽ ഹാജരാക്കി ജയിലലടയ്ക്കുന്നതു വരെ നിയമപോരാട്ടം തുടരുമെന്നും ഹസൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

