മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ തൃശൂർ ജില്ലയിൽ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ പുലർച്ചെ മുതൽ തുടർന്ന മഴയിൽ തൃശൂർ നഗരത്തിലെ വിവിധ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
ഇതോടൊപ്പം ഗുരുവായൂർ, മമ്മിയൂർ ക്ഷേത്ര പരിസരങ്ങളിലും പാവറട്ടി മേഖലയിലും ചാവക്കാട് ടൗണിലും വെള്ളക്കെട്ടുണ്ടായി. ഈ പ്രദേശങ്ങളിൽ വ്യാപാര കേന്ദ്രങ്ങളിലും വെള്ളം കയറി.
ഗുരുവായൂർ നഗരത്തിൽ ക്ഷേത്രം തെക്കേ നടയിൽ ദേവസ്വം ഓഫിസിനു മുന്നിലുള്ള റോഡിൽ വെള്ളം കയറി പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകൾ മറിഞ്ഞു വീണു. തെക്കേ നടയിലെ കടകളുടെ മുന്നിലും വെള്ളക്കെട്ടായി.
മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലെ റോഡ് വെള്ളത്തിനടിയിലായി. വെള്ളത്തിലൂടെ വന്ന ബസ് റോഡിനു നടുവിൽ നിന്നു പോയതിനാൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ഗുരുവായൂർ –തൃശൂർ റോഡിൽ തൈക്കാട് ജംക്ഷൻ വെള്ളത്തിനടിയിലായി കടകളിലേക്ക് വെള്ളം കയറി ഷട്ടർ അടച്ചു. ഉച്ചവരെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
നെന്മിനിയിൽ 2 കാറുകൾ ഒഴുക്കിൽപെട്ടു. വെള്ളക്കെട്ട് ഒഴിവാക്കാൻ നെന്മിനി കൃഷിഭവൻ റോഡ് വഴി പോയ ബ്രഹ്മകുളം കഴുമല്ലൂർ പുലിക്കോട്ടിൽ ബീന ജോസഫും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഒഴുകി നീങ്ങാൻ തുടങ്ങിയതോടെ കാറിലുണ്ടായിരുന്നവർ ചാടിയിറങ്ങി രക്ഷപ്പെട്ടു.
അഗ്നിരക്ഷാസേന എത്തി കാർ കയർ കൊണ്ട് കെട്ടിയിട്ടു. പിന്നിലുണ്ടായിരുന്ന കരിക്കയിൽ സക്കീറിന്റെ കാർ തോട്ടിലേക്ക് ഒഴുകി നീങ്ങിയതോടെ സക്കീർ ഡോർ തുറന്നു രക്ഷപ്പെട്ടു.
കാർ തോട്ടിലേക്ക് തെന്നി വീണു താഴ്ന്നു. പടിഞ്ഞാറെനടയിൽ മുല്ലത്തറ അമ്പലത്തിനു സമീപം അപർണ ജിതേഷിന്റെ വീടിനു ചുറ്റും വെള്ളമായതോടെ അഗ്നിരക്ഷാസേന കുടുംബത്തെ ഒഴിപ്പിച്ചു.
കാരക്കാട് റോഡിൽ വെള്ളക്കെട്ടിൽ പെട്ടു പോയ ടെംപോ വാനിലെ 4 പേരെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. ഗുരുവായൂരിലെ അഗ്നിരക്ഷാസേനയുടെ ഓഫിസിലും വെള്ളം കയറി.
പെരുന്തട്ട ശിവക്ഷേത്രമുറ്റത്തും നാലമ്പലത്തിലും വെള്ളം കയറി.
ബ്രഹ്മകുളം, മാവിൻചുവട്–ചിറ്റ്യേനി റോഡ്, കാട്ടുപാടം റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി ഗതാഗതം നിലച്ചു. പുന്നയൂർക്കുളത്ത് കടൽക്ഷോഭം രൂക്ഷമായി.
പെരിയമ്പലത്തെ ചെമ്മീൻ ഹാച്ചറിയടക്കം കടലെടുത്തു. അണ്ടത്തോട് ലിങ്ക് റോഡും കടലേറ്റത്തിൽ തകർന്നു.
അതിതീവ്രമായ മഴയ്ക്കു സാധ്യതയുമായി ജില്ലയിൽ റെഡ് അലർട്ട് നിലവിലുണ്ടായിരുന്ന ഇന്നലെ ലഭിച്ചത് അതിശക്ത മഴയാണ്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ ചാലക്കുടി (70.4 മില്ലിമീറ്റർ), വെള്ളാനിക്കര (67.2), വടക്കാഞ്ചേരി (50), ഇരിങ്ങാലക്കുട
(46), കൊടുങ്ങല്ലൂർ (39) എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു. 8.30 മുതൽ വൈകിട്ട് മൂന്ന് വരെ വെള്ളാനിക്കര (90 മില്ലിമീറ്റർ), പീച്ചി (82) എന്നിവിടങ്ങളിലും വ്യാപക മഴയുണ്ടായി.
ശക്തമായ മഴ ലഭിച്ചെങ്കിലും ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയർന്നിട്ടില്ല. ചിമ്മിനിയിൽ (55%), മാത്രമാണ് പകുതിക്കു മുകളിൽ ജലനിരപ്പുള്ളത്.
വാഴാനിയിലും (32%) പീച്ചിയിലും (29%) ജലനിരപ്പു കുറവാണ്. എന്നാൽ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ വൈകിട്ട് 3ന് ഡാമിന്റെ സ്ലൂസ് ഗേറ്റ് തുറന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളം ഒഴുക്കി തുടങ്ങി.
റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചിരുന്നു. പതിവുപോലെ മഴയും ദുരിതവും ഒന്നിച്ചെത്തിയതോടെ നഗരവും പരിസര പ്രദേശങ്ങളും മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി.
ശക്തൻ നഗർ ബസ് സ്റ്റാൻഡ്, ടി.ബി റോഡ്, ഇക്കണ്ട വാരിയർ റോഡ്, വടക്കേ സ്റ്റാൻഡ്–അശ്വിനി ആശുപത്രി പരിസരം എന്നിവിടങ്ങൾ ഏറെ നേരം വെള്ളത്തിനടിയിലായി.
ശക്തൻ സ്റ്റാൻഡിലെ കടകളിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും വെള്ളം കയറി. സ്വരാജ് റൗണ്ട്, പോസ്റ്റ് ഓഫിസ് റോഡ്, റിങ് റോഡിനു സമീപമുള്ള ആർസിഎം ലെയ്ൻ, ചെട്ടിയങ്ങാടി റോഡ് തുടങ്ങിയ പ്രധാന റോഡുകളും വെള്ളക്കെട്ടിലായി.
ഇക്കണ്ട വാരിയർ റോഡിൽ ഡിവൈഡറിന് ഇരുവശത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.
ആശുപത്രിയുടെ അകത്തേക്കു വെള്ളമെത്തിയതോടെ അത്യാഹിത വിഭാഗം താൽക്കാലികമായി മുകളിലത്തെ നിലയിലേക്കു മാറ്റി. ആശുപത്രിക്കു പിന്നിലുള്ള പ്രദേശത്തെ വീടുകളും വെള്ളത്തിലായി.
മേയർ നിജി ജസ്റ്റിൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. വെള്ളക്കെട്ട് നിവാരണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പൂങ്കുന്നം ഡിവിഷനിലെ എകെജി നഗർ, കുറുവത്ത് ലെയ്ൻ, ജയപ്രകാശ് ലെയ്ൻ, മാസ്റ്റർ ലെയ്ൻ, രാംനഗർ, ലെനിൻ നഗർ, സീതാറാം മിൽ ലെയ്ൻ, കുട്ടൻകുളങ്ങര ഡിവിഷനിലെ ഹരിനഗർ എന്നിവിടങ്ങളിലും വെള്ളം കയറി. പൂങ്കുന്നം ഗവ.സ്കൂളിൽ താൽക്കാലിക ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചു.
കനത്ത മഴയും മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് സന്ദർശകരുടെ സുരക്ഷ മുൻനിർത്തി അതിരപ്പിള്ളി, വാഴച്ചാൽ വിനോദ കേന്ദ്രങ്ങൾ അടച്ചിട്ടു. തുമ്പൂർമുഴി ശലഭ പാർക്ക്, ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം വിനോദ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിച്ചില്ല.
വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാൻ സാധിക്കാത്ത സഞ്ചാരികൾ കൂട്ടംകൂടി വെറ്റിലപ്പാറ പാലത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇതേ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ അതിരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി പാലത്തിൽ പാർക്ക് ചെയ്ത വാഹനങ്ങൾ നീക്കം ചെയ്തു.
കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ മലയോര മേഖലകളിലേക്ക് രാത്രി 7 മുതൽ രാവിലെ 6 വരെയുള്ള യാത്രകൾ പൂർണമായും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. പൊലീസ്– മോട്ടർ വാഹന ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റുകളിലും പ്രധാന റോഡുകളിലും പരിശോധന നടത്തും.
ജില്ലയിലെ മലയോര മേഖലകൾ, വനപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ട്രെക്കിങ്, ക്യാംപ് ചെയ്യൽ എന്നിവ താൽക്കാലികമായി നിരോധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

