ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് നിലവിൽ 28 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഇവിടെ 1328 പേരെയാണ് സുരക്ഷിതമായി മാറ്റി താമസിപ്പിച്ചിരിക്കുന്നത്.
വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ താലൂക്കുകളിലായി വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഭീഷണിയുള്ള പ്രദേശങ്ങളിൽ കഴിയുന്നവരെയാണ് മാറ്റിപ്പാർപ്പിച്ചത്. ആകെ 414 കുടുംബങ്ങളെയാണ് വിവിധ ക്യാംപുകളിലേക്ക് മാറ്റിയത്.
ഇതിൽ 465 പുരുഷന്മാരും 533 സ്ത്രീകളും 330 കുട്ടികളും 73 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗർഭിണികളും ഉൾപ്പെടുന്നു. നിലവിൽ വൈത്തിരി താലൂക്കിൽ 15 ഉം മാനന്തവാടി താലൂക്കിൽ പത്തും സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്നും ക്യാംപുകളാണ് പ്രവർത്തിക്കുന്നത്.
വൈത്തിരി താലൂക്കിലെ കാപ്പുവയൽ ജിഎൽപി സ്കൂൾ, സുഗന്ധഗിരി ഗവ യുപി സ്കൂൾ, മുട്ടിൽ ഡബ്ല്യുഎംഒ കോളജ്, മുട്ടിൽ ഡബ്ല്യുഎംഒ ഓർഫനേജ് യുപി സ്കൂൾ, ചുണ്ടേൽ എച്ച്ഐഎം സ്കൂൾ, ഇടിയംവയൽ കമ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂൾ, മുണ്ടേരി ജിവിഎച്ച്എസ് സ്കൂൾ, അച്ചൂരാനം ജിഎൽപി സ്കൂൾ, തെക്കുംതറ എയുപി സ്കൂൾ, കരിങ്കുറ്റി ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പരളിക്കുന്ന് ഗവ യുപി സ്കൂൾ, പരിയാരം ഗവ ഹൈസ്കൂൾ, തെക്കുംതറ അമ്മ സഹായം യുപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ തുറന്നിട്ടുള്ളത്. മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ ഗവ.
ഹൈസ്കൂൾ, മക്കിയാട് ഹോളി ഫെയ്സ് സ്കൂൾ, പേരിയ ജിയുപി സ്കൂൾ, തലപ്പുഴ ഗവ. യുപി സ്കൂൾ, കൈതകൊല്ലി ഗവ.
യുപി സ്കൂൾ, കുഞ്ഞോം എയുപി സ്കൂൾ, വരടിമൂല അങ്കണവാടി, ഇല്ലത്തുവയൽ അങ്കണവാടി, തിരുനെല്ലി എസ്എയുപിഎസ്, വള്ളിയൂർക്കാവ് എൻഎംയുപിഎസ് എന്നിവിടങ്ങളിലും ക്യാംപുകൾ പ്രവർത്തിക്കുന്നു. ബത്തേരി താലൂക്കിൽ ശ്രേയസ്, കല്ലിങ്കര ജിയുപി സ്കൂൾ, നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലുമാണ് ക്യാംപുകൾ സജ്ജീകരിച്ചിരിക്കുന്നത്.
സുൽത്താനിലെ അവലോകന യോഗം
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ സുൽത്താൻ ബത്തേരിയിൽ പ്രത്യേക അവലോകന യോഗം ചേർന്നു. അപകട
ഭീഷണിയുള്ള പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതകളും ഭൂവിള്ളലുകളും പരിശോധിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോട് ശുപാർശ ചെയ്യാൻ യോഗത്തിൽ തീരുമാനമായി. അപകട
സാധ്യത നേരിടുന്ന കുടുംബങ്ങളെ അനുയോജ്യമായ പുനരധിവാസ പദ്ധതികളിൽ ഉൾപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എംഎൽഎ നിർദേശം നൽകി.
ക്യാംപുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിരക്ഷ, ശുചിത്വം എന്നിവയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനാണ് പ്രഥമ പരിഗണനയെന്നും അപകട
മേഖലകളിൽ കഴിയുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയാറാകണമെന്നും എംഎൽഎ വ്യക്തമാക്കി. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.
ദിലീപ് കുമാർ, തഹസിൽദാർ വി. ആർ ജയപ്രകാശ്, ഡിവൈഎസ്പി.
എൻ. രാജേഷ് കുമാർ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ, റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർമാർ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ബദൽ യാത്രാ ക്രമീകരണങ്ങൾ
കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളെ തുടർന്ന് പാൽച്ചുരം റോഡ് പൂർണമായും അടച്ച പശ്ചാത്തലത്തിൽ വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിനെത്തുടർന്ന് അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് നെടുംപൊയിൽ ചുരം റോഡ് നിലവിൽ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
നെടുംപൊയിൽ വഴിയുള്ള വാഹനസഞ്ചാരം തുടരുന്നുണ്ടെങ്കിലും, തടസ്സങ്ങൾ ഉണ്ടായാൽ ഉപയോഗിക്കുന്നതിനായി രണ്ട് ബദൽ പാതകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. കണ്ണൂർ ഭാഗത്തുനിന്നും എത്തുന്നവർക്ക് കണ്ണവം – ചെറുവാഞ്ചേരി – നാദാപുരം – കുറ്റ്യാടി ചുരം റോഡ് വഴി മാനന്തവാടിയിലേക്ക് സഞ്ചരിക്കാം.
തലശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക് പള്ളൂർ – നാദാപുരം – കുറ്റ്യാടി – മാനന്തവാടി റോഡും ഉപയോഗപ്പെടുത്താവുന്നതാണ്. എങ്കിലും, പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വയനാട്ടിലേക്കുള്ള യാത്രകൾ ജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

