ചിറങ്ങര ∙ ദേശീയപാതയിൽ അടിപ്പാതയുടെ അനുബന്ധ റോഡ് നിർമിക്കുന്നതിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ മാറ്റാത്തതിനെത്തുടർന്ന് ഈ ഭാഗത്തെ നിർമാണം നിലച്ചു. ആർഐ വാൾ നിർമിച്ചു ഉൾവശത്തു മണ്ണു നിറച്ചുയർത്തിയുള്ള അനുബന്ധ റോഡ് നിർമാണമാണ് തടസ്സപ്പെട്ടത്. വൈദ്യുത ലൈൻ ഉള്ളതിനാൽ മണ്ണു നിറച്ച ലോറികൾക്ക് ഇവിടേക്കു പോകാൻ കഴിയാത്തതാണു പ്രശ്നം.
വൈദ്യുത ലൈൻ മാറ്റാനായി സൂപ്പർവിഷൻ ചാർജ് മാത്രമാണ് കരാർ കമ്പനി അടച്ചതെന്നും ലൈൻ മാറ്റി സ്ഥാപിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും കെഎസ്ഇബി അറിയിച്ചു. കരാർ കമ്പനി ഇക്കാര്യത്തിനു തൃശൂർ ആസ്ഥാനമായുള്ള കമ്പനിക്ക് ഉപകരാർ നൽകിയിട്ടുണ്ട്.
മെറ്റീരിയൽ ലഭിക്കാത്തതാണു ലൈൻ മാറ്റുന്നതിനു തടസ്സമായതെന്നാണു സൂചന.ദേശീയപാതയുടെ ഒരു വശത്തുള്ള ട്രാൻസ്ഫോമർ മറുഭാഗത്തേക്കു മാറ്റണം.
ഇതിനായി പോസ്റ്റുകൾ മറുഭാഗത്ത് നേരത്തെ സ്ഥാപിച്ചിരുന്നു. ഭൂഗർഭ കേബിളിങ് ജോലികളും നടത്തി. കരാറുകാർ മുൻകൂട്ടി അറിയിച്ചാൽ പണിക്കു മേൽനോട്ടം വഹിക്കുമെന്നു കെഎസ്ഇബി പറയുന്നു.
മണ്ണു നിറയ്ക്കുന്നതു പൂർത്തിയായശേഷമാണ് ആ ഭാഗം ബലപ്പെടുത്തി മെറ്റൽ വിരിച്ചു ടാറിങ് ജോലികൾ നടത്താനാകുക. മീഡിയൻ നിർമാണം, ക്രാഷ് ബാരിയർ നിർമാണം, തെരുവു വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികളും നടത്തണം. കഴിഞ്ഞ വർഷം മാർച്ചിൽ നിർമാണ കരാറിന്റെ കാലാവധി അവസാനിച്ചെങ്കിലും ഡിസംബർ വരെ നീട്ടിനൽകിയിരുന്നു.
എന്നാൽ ആ കാലാവധിയും കടന്നുപോയിട്ടും നിർമാണം പൂർത്തിയാക്കാനായിട്ടില്ല. നിർമാണ സ്ഥലത്തു മാത്രമല്ല, കിലോമീറ്ററുകളോളം തുടരുന്ന ഗതാഗതക്കുരുക്ക് ഒരു വർഷത്തിലേറെയായി ജനത്തിനു തീരാദുരിതമായിട്ടും നിർമാണത്തിലെ മെല്ലെപ്പോക്ക് തുടരുന്നതിൽ പ്രതിഷേധം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

