തൃശൂർ: കുന്നംകുളം മക്കാലിക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട് പിന്നീട് പൊലീസ് കണ്ടെടുത്ത പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ച പശ്ചാത്തലത്തിൽ, പുതിയ വിഗ്രഹം നിർമ്മിച്ച് പുനഃപ്രതിഷ്ഠ നടത്താൻ ആലോചിച്ച് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ. കഴിഞ്ഞ ദിവസമാണ് മോഷണം പോയ വിഗ്രഹം പൊലീസ് കണ്ടെത്തിയത്.
പൊലീസ് കണ്ടെടുത്ത വിഗ്രഹം ക്ഷേത്ര ഭരണസമിതി അംഗങ്ങൾ നേരിട്ട് കണ്ട് പരിശോധിച്ചപ്പോഴാണ് ഇതിന്മേൽ കേടുപാടുകൾ ഉള്ളതായി വ്യക്തമായത്. അഷ്ടബന്ധത്തിൽ ഉറപ്പിച്ചിരുന്ന വിഗ്രഹം ഇളക്കി മാറ്റിയാണ് മോഷ്ടാവ് കൊണ്ടുപോയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കാലിന്റെ ഭാഗത്തും മറ്റുചില ഭാഗങ്ങളിലും വിഗ്രഹത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതായി കണ്ടെത്തി. വിഗ്രഹത്തിന് ചൈതന്യം നഷ്ടപ്പെട്ട
സാഹചര്യത്തിലാണ് പുതിയ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ച് പുനഃപ്രതിഷ്ഠ നടത്തുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്. നിലവിൽ വിഗ്രഹം കോടതി കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമപരമായ കോടതി നടപടികൾ പൂർത്തിയായ ശേഷം മാത്രമേ വിഗ്രഹം ക്ഷേത്രത്തിന് ഔദ്യോഗികമായി കൈമാറുകയുള്ളൂ. ഈ കേസിൽ കോടതി റിമാൻഡ് ചെയ്തിട്ടുള്ള പ്രതിയെ അടുത്ത ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
തുടർന്ന് തെളിവെടുപ്പിനായി പ്രതിയുമായി പൊലീസ് ക്ഷേത്രത്തിലെത്തുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

