സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പുകളിൽ ഭേദഗതി വരുത്തി. നേരത്തെ വയനാട്, കോഴിക്കോട് ജില്ലകളിൽ നിലനിന്നിരുന്ന റെഡ് അലർട്ട് പിൻവലിച്ചതായി അധികൃതർ അറിയിച്ചു.
പുതുക്കിയ പ്രവചനമനുസരിച്ച് ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്.
ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ജാഗ്രതാ നിർദേശങ്ങൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.
അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണം. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുന്നിൽ കണ്ട് മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ തങ്ങളുടെ മേഖലകളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും, പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും വേണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ റവന്യൂ അധികൃതരുമായോ ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ബലഹീനമായ മേൽക്കൂരകളുള്ള വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

