പുത്തൻചിറ ∙ ‘ബെംഗളൂരുവിൽ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. ഈ വിജയം അത്രയ്ക്ക് പ്രതീക്ഷകളാണ് നൽകിയത്’.
പ്രതിസന്ധികളെ മറികടന്ന് സിഎ പരീക്ഷയിൽ മിന്നുന്ന വിജയം നേടിയ പി.ആർ.ശ്രീകുമാർ തന്റെ സന്തത സഹചാരിയായ വീൽചെയറിലിരുന്ന് ഇങ്ങനെ പറഞ്ഞു. പരീക്ഷാഫലത്തിനു പിന്നാലെ ഐസിഎഐയുടെ ക്യാംപസ് പ്ലേസ്മെന്റ് എത്തിയതിന്റെ സന്തോഷത്തിലാണ് ശ്രീകുമാർ. ഐസിഎഐക്കു പുറമേ ഒട്ടേറെ സ്ഥാപനങ്ങളിൽ നിന്നുള്ള വിളികളും ശ്രീകുമാറിനെത്തേടി എത്തുകയാണ്.
പുത്തൻചിറ പനമ്പിള്ളി രാജന്റെയും മിനിയുടെയും രണ്ടാമത്തെ മകനാണ് ഇരുപത്തേഴുകാരനായ ശ്രീകുമാർ. ജന്മനാ പിന്തുടരുന്ന ചലനപരിമിതിയെ തോൽപിച്ചാണ് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ മികച്ച വിജയം നേടിയത്.
വീൽചെയറിലെ കൈപ്പിടിയിൽ നിന്ന് താഴേക്ക് ഊർന്നിറങ്ങുന്ന കൈകൾ ഉയർത്തി വയ്ക്കാൻ ശ്രീകുമാറിന് പരസഹായം വേണം.
എന്നാൽ, സിഎ പാസാകണമെന്ന ആഗ്രഹം ഒരു വെല്ലുവിളിപോലെ ഏറ്റെടുക്കാൻ ശ്രീകുമാറിന് അതൊന്നും തടസ്സമായില്ല. സെപ്റ്റംബറിൽ നടത്തിയ പരീക്ഷയുടെ ഫലം കഴിഞ്ഞ 3നാണ് പ്രസിദ്ധീകരിച്ചത്. വിജയാഘോഷത്തിനൊപ്പം ക്യാംപസ് പ്ലേസ്മെന്റും എത്തിയതോടെ ശ്രീകുമാറിന്റെ സ്വപ്നങ്ങൾക്കു ചിറകു വിടർന്നു. നാലാമത്തെ ശ്രമത്തിലാണ് ശ്രീകുമാർ മിന്നുന്ന വിജയം നേടിയത്.
2020ലാണ് പഠനമാരംഭിച്ചത്.
കൈകൾകൊണ്ട് പുസ്തക താളുകൾ മറിക്കാൻ സാധിക്കാത്തതിനാൽ മൊബൈലിലും ലാപ്ടോപ്പിലും വായിക്കാനാകുന്ന വിധം പാഠ്യഭാഗങ്ങൾ അമ്മ മിനി പിഡിഎഫ് ആക്കി നൽകി. യുട്യൂബിനെയും ആശ്രയിച്ചു.
സഹോദരൻ കൃഷ്ണസാഗറും സഹായത്തിനെത്തി. ദിവസവും 7 മണിക്കൂർ പഠനത്തിനായി മാറ്റിവച്ചു.
ചാർട്ടേഡ് അക്കൗണ്ടന്റായ ടി.ഡി.ജോൺസന്റെ കീഴിൽ 3 വർഷം ആർട്ടിക്കിൾഷിപ് ചെയ്തു. നാലുവർഷത്തെ കഠിന പരിശ്രമത്താലാണ് ലക്ഷ്യത്തിലെത്തിയത്.
വലിയച്ഛന്റെ മകൻ അനന്തകൃഷ്ണനാണ് പരീക്ഷയ്ക്ക് സ്ക്രൈബായി എത്തിയത്. കൂട്ടുകാരും പിന്തുണച്ചു.
വീടിനു സമീപമുള്ള സ്കൂളുകളിലായിരുന്നു ശ്രീകുമാറിന്റെ പഠനം.
അക്കാലത്ത് അച്ഛൻ ശ്രീകുമാറിനെ എടുത്താണ് സ്കൂളിലേക്ക് കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്തിരുന്നത്. വരുമാന മാർഗമായ ചായക്കട
അടച്ചിട്ടാണ് അച്ഛൻ രാജൻ ഇതിനുള്ള സമയം കണ്ടെത്തിയിരുന്നത്. ക്രൈസ്റ്റ് കോളജിൽ ബികോം ഫിനാൻസിൽ പഠിക്കുമ്പോൾ ശ്രീകുമാറിനു വീൽചെയറിൽ സഞ്ചരിക്കാനായി റാംപുകൾ നിർമിച്ചിരുന്നു.
ശ്രീകുമാറിനെ വിജയ വാർത്തയറിഞ്ഞ് ഒട്ടേറെ പേർ അഭിനന്ദനങ്ങളുമായി വീട്ടിലെത്തുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

