കൊച്ചി/ തൃശൂർ ∙ ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ തളിക്കുളം സ്വദേശിനി സുനിതയെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണ കൊടുംക്രിമിനലും തട്ടിപ്പുകാരനുമെന്നു വിവരം. 2017ൽ ദുബായിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത ശേഷം ദീപക് വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്കു കടക്കുകയായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചു.
കൊച്ചി വൈറ്റില പൊന്നുരുന്നിയിലുള്ള വെറ്ററിനറി ആശുപത്രിയിൽ അക്രമം നടത്തിയതിനും 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞതിനും ദീപക്കിന് എതിരെ കേസുണ്ട്. ഇതിനു പുറമെ ലഹരി ഇടപാടുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തും കേസുണ്ട്.
ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക് 2011 ലാണു ദുബായിൽ തട്ടിപ്പുകൾക്കു തുടക്കമിട്ടത്.
താൻ 2 വർഷത്തിനിടയിൽ ജോലി ഉപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിലേക്കു കടക്കുകയാണെന്നാണ് ഇയാൾ സഹപ്രവർത്തകരെ അറിയിച്ചത്. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരുമകനാണെന്നു പറഞ്ഞ് ഇരകളുടെ വിശ്വാസമാർജിച്ചു.
ഒട്ടേറെപ്പേരിൽനിന്നു നിക്ഷേപവും വാങ്ങി. എന്നാൽ 3 വർഷത്തിനു ശേഷം ബിസിനസ് ലാഭകരമല്ലെന്ന വാദവുമായെത്തി.
നിക്ഷേപം 3 മാസത്തിനുള്ളിൽ തിരിച്ചുകൊടുക്കുമെന്നും വാഗ്ദാനം നൽകി. എന്നാൽ, ഇരകളുടെ അന്വേഷണത്തിൽ ദീപക്കിന്റെ പേരിൽ കമ്പനിയേ ഇല്ല എന്നു വ്യക്തമായതോടെ കേസായി.
4 കേസുകളിൽ ശിക്ഷിക്കപ്പെട്ടു, 6 മാസം ജയിലിൽ കിടന്നശേഷം പുറത്തിറങ്ങി 2017ൽ വ്യാജ പാസ്പോർട്ടിൽ കേരളത്തിലേക്കു കടന്നു. പിന്നീട് ദീപക്കിനെ കാണുന്നത് കേരളത്തിൽ ഒട്ടേറെ പ്രമുഖർ അണിനിരന്ന ഒരു ടെലിവിഷൻ ചാനലിന്റെ ലോഞ്ചിങ് ചടങ്ങിലാണ്.
നായകളെ സംരക്ഷിക്കുന്നതിനു പണം ആവശ്യപ്പെട്ടും ദീപക് തട്ടിപ്പുകൾ നടത്തിയതായി വിവരമുണ്ട്.
പ്രതിക്കെതിരെ ആരോപണവുമായി മൃഗസ്നേഹി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഇത്തരത്തിൽ പണം തട്ടിയെടുത്തതായാണു വിവരം.
രാജ്യത്തെ വിവിധ നഗരങ്ങളിൽ തെരുവുനായകളെ മുൻനിർത്തിയായിരുന്നു പ്രതിയുടെ ഇടപാടുകളെല്ലാം. കൊച്ചിയിൽ തെരുവുനായകളുടെ സംരക്ഷകനായി വിലസുന്നതിനിടെ ഒട്ടേറെ സ്ത്രീകളോടു ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവും പലരും സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിട്ടുണ്ട്.
2024 ഒക്ടോബറിലാണു പൊന്നുരുന്നിയിലെ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടു നായകളെ ഡിസ്ചാർജ് ചെയ്യാൻ ബിൽ അടയ്ക്കാൻ നിർദേശിച്ച ജീവനക്കാരിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവിടെ വച്ച് 500 രൂപയുടെ 9 നോട്ടുകൾ കീറിയെറിഞ്ഞതിനും കേസെടുത്തു.
തിരുവനന്തപുരം തമ്പാനൂർ പൊലീസ് ലഹരി ഇടപാടു കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

