തൃശൂർ നഗരത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി പീച്ചിയിൽ നിന്നുള്ള പുതിയ ജലവിതരണ ലൈനിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് 2.0-ൽ ഉൾപ്പെടുത്തി 76 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
ഇതിനോടകം തന്നെ നിർമാണ ജോലികളുടെ 98 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. മണ്ണുത്തിയിൽ ദേശീയപാതയ്ക്കു കുറുകെ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
നിലവിൽ പീച്ചിയിലെ 20 എംഎൽഡി (മില്യൻ ലീറ്റർ പെർ ഡേ) ശേഷിയുള്ള സംഭരണിയിൽ നിന്ന് തേക്കിൻകാട് മൈതാനിയിലെ 20 ലക്ഷം ലീറ്റർ ഉൾക്കൊള്ളുന്ന നാലു സംഭരണികളിലേക്ക് 600 മില്ലിമീറ്റർ വ്യാസമുള്ള പൈപ്പിലൂടെയാണ് കുടിവെള്ളമെത്തുന്നത്. ഇതിനുപകരമായാണ് കൂടുതൽ ശേഷിയുള്ള 800 മില്ലിമീറ്റർ വ്യാസമുള്ള പുതിയ ലൈനിന്റെ പണികൾ പുരോഗമിക്കുന്നത്.
മണ്ണുത്തിയിലെ ദേശീയപാത ഭാഗം ഒഴികെയുള്ള 18.5 കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഇനി തേക്കിൻകാട് മൈതാനിയിലെയും പീച്ചിയിലെയും പ്രധാന സംഭരണികളുമായി ഇവ ബന്ധിപ്പിക്കുന്ന ജോലികൾ മാത്രമാണ് ബാക്കിയുള്ളത്.
ഈ പ്രവൃത്തികൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. 1961-ൽ കമ്മീഷൻ ചെയ്തതാണ് നിലവിലുള്ള പഴയ പൈപ്ലൈൻ.
പുതിയ 800 എംഎം ലൈൻ യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലേക്ക് ദിവസേനയെത്തുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയായി വർധിക്കും. കൂടാതെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തുന്നില്ലെന്ന ജനങ്ങളുടെ പരാതിക്കും ഇതിലൂടെ പരിഹാരമാകും.
പുതിയതായി സ്ഥാപിക്കുന്ന ഡക്ടൈൽ അയേൺ (ഡിഐ) പൈപ്പുകൾക്ക് 50 വർഷത്തെ ആയുസ്സാണുള്ളത്. ഇതുമൂലം പൈപ്പുകൾ പൊട്ടുന്നതും നിരന്തരമായ അറ്റകുറ്റപ്പണികളും വലിയ തോതിൽ കുറയ്ക്കാൻ കഴിയും.
ഒപ്പം ജലവിതരണത്തിനിടയിൽ 25 മുതൽ 30 ശതമാനം വരെ വെള്ളം പാഴായിപ്പോകുന്നത് തടയാനും സാധിക്കും. പീച്ചിയിൽ നിന്ന് ഗുരുത്വാകർഷണബലത്തിലൂടെ (ഗ്രാവിറ്റി ഫ്ലോ) വെള്ളമെത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് പുതിയ ലൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതിലൂടെ കേവലം 3 മണിക്കൂറിനുള്ളിൽ നാല് ടാങ്കുകളും നിറയ്ക്കാൻ സാധിക്കും. നഗരത്തിലെ കുടിവെള്ള വിതരണം യാതൊരു തടസ്സവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ഈ പദ്ധതി ഏറെ സഹായകരമാകും.
മണ്ണുത്തിയിലെ പൈപ്പിടൽ കടമ്പ നഗരത്തിലേക്കുള്ള പുതിയ ജലവിതരണ ലൈനിനു വേണ്ടി മണ്ണുത്തിയിൽ ദേശീയപാതയ്ക്കു കുറുകെ പൈപ്പിടുക എന്നതാണ് നിലവിലുള്ള പ്രധാന വെല്ലുവിളി. ഈ പദ്ധതിയുടെ പ്രാധാന്യം ദേശീയപാത അതോറിറ്റിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
പൈപ്പിടുന്നതിനായി എൻഎച്ച്എഐ തയാറാക്കി നൽകിയ അടങ്കൽ തുക ഓൺലൈനായി ഒടുക്കിയിട്ടുമുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതരുമായി പ്രത്യേക ചർച്ചകളും നടത്തിയിട്ടുണ്ട്.
പദ്ധതിയുടെ പണികൾ വേഗത്തിലാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കത്ത് നൽകിയിട്ടുണ്ടെന്ന് മേയർ നിജി ജസ്റ്റിൻ വ്യക്തമാക്കി. പൈപ്പിന്റെ വ്യാസം കുറച്ചെന്ന ആക്ഷേപം പീച്ചിയിൽ നിന്ന് പുറപ്പെടുന്ന കുടിവെള്ളം തേക്കിൻകാട് മൈതാനിയിലെ ജലസംഭരണ ടാങ്കിന് സമീപമെത്തുമ്പോൾ 800 എംഎം പൈപ്പിന്റെ വ്യാസം വീണ്ടും 600 എംഎം ആയി കുറച്ചിട്ടുണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇത് പദ്ധതിയുടെ പൂർണ്ണമായ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നതിന് തടസ്സമാകുമെന്നാണ് പ്രധാന വിമർശനം. 1961-ൽ വലിയ ദീർഘവീക്ഷണത്തോടെയാണ് അന്നത്തെ എൻജിനീയർമാർ 600 എംഎം വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ചത്.
പീച്ചിയിൽ 40 എംഎൽഡി ശേഷിയുള്ള ടാങ്ക് നിർമിക്കുമ്പോൾ അതിന് അനുയോജ്യമായ മാറ്റങ്ങൾ തേക്കിൻകാട്ടിലെ സംഭരണിയിലും വരുത്തേണ്ടതുണ്ട്. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ വെള്ളം സംഭരിക്കാൻ ഉതകുന്ന ആധുനിക സാങ്കേതിക വിദ്യകളാണ് ഇവിടെ പ്രയോജനപ്പെടുത്തേണ്ടതെന്ന് റിട്ട.
എൻജിനീയർ നന്ദകുമാർ അഭിപ്രായപ്പെട്ടു. എന്നാൽ, തേക്കിൻകാട്ടിലെ ജലസംഭരണിക്ക് സമീപത്തുവച്ച് പൈപ്പിന്റെ വ്യാസം കുറയുന്നത് വെള്ളത്തിന്റെ അളവിനെയോ മർദത്തെയോ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് കരാറുകാരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

