ന്യൂഡൽഹി: രാജ്യവ്യാപകമായി ഇന്ന് മുതൽ 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം താൽക്കാലികമായി മാറ്റിവച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം പിൻവലിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.
ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് സമരം ഒഴിവാക്കാനുള്ള തീരുമാനം ഉണ്ടായത്. ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ വിഷയത്തിന് പരിഹാരം കാണാൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും. മറ്റ് പ്രധാന ആവശ്യങ്ങളും വേഗത്തിൽ പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് യൂണിയൻ വ്യക്തമാക്കി.
സമരം പിൻവലിച്ചതോടെ ഇന്ന് രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസ്സങ്ങളില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കും. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിച്ചിരുന്നു.
ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ ഏർപ്പെടുത്തുക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ഇതിനുപുറമേ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഈ ആവശ്യങ്ങൾ തത്വത്തിൽ അംഗീകരിച്ച് സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ഇതുവരെ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

