നിരവധി പദ്ധതികളുടെ വിഭാവനത്തിനും പൂർത്തീകരണത്തിനുമാണ് ഈ വർഷം കേരളം സാക്ഷിയായത്. വിഴിഞ്ഞം തുറമുഖം മുതൽ തിരുവനന്തപുരം മെട്രോ വരെ അതിൽ ഉൾപ്പെടുന്നു.
കോട്ടയത്തുനിന്നും കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയെ വേഗത്തിലാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് കോട്ടയം–കൊച്ചി ദേശീയപാത. മലയോര മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്ന പദ്ധതിയാണ് അങ്കമാലി–ശബരി റെയിൽവേ.
ആലുവയിൽ നിന്നു കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ സർവീസ് നീട്ടുന്നതാണ് എറണാകുളത്തെ പ്രധാന നേട്ടം. രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാതയാണ് ആലപ്പുഴ ജില്ലയിലെ അരൂർ– തുറവൂർ ഉയരപ്പാത.
എന്നാൽ, ദേശീയപാത 66 ന്റെ അശാസ്ത്രീയ നിർമാണവും അരൂർ– തുറവൂർ ഉയരപ്പാതയിലെ അപകടവുമെല്ലാം വെല്ലുവിളികള്‍ ഉയർത്തുന്നതാണ്. 2025 കടന്നുപോകുമ്പോൾ കേരളത്തിൽ നടപ്പിലാക്കിയ, നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ചില പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം…
വിഴിഞ്ഞം തുറമുഖം
കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം.
ഇന്ത്യയിൽ ഏറ്റവും വേഗം 10 ലക്ഷം ടിഇയു ചരക്കു കൈകാര്യം ചെയ്ത രാജ്യാന്തര തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്. ഇതുവരെ 13.2 ലക്ഷം ടിഇയു കൈകാര്യം ചെയ്ത വിഴിഞ്ഞത്ത് 615 ചരക്കുകപ്പലുകൾ എത്തി.
399 മീറ്ററിലധികം നീളമുള്ള 41 അൾട്രാ ലാർജ് കണ്ടെയ്നർ വെസൽ (യുഎൽസിവി) അടക്കമുള്ള വമ്പൻ കപ്പലുകൾ ഇക്കൂട്ടത്തിലുണ്ട്. 300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലും 16 മീറ്ററിൽ കൂടുതൽ ആഴമുള്ള 45 കപ്പലുകളും ഇതിൽപെടുന്നു.
17.1 മീറ്റർ ആഴമുള്ള എംഎസ്സി വെറോണ എത്തിയതോടെ ദക്ഷിണേന്ത്യയിൽ കൈകാര്യം ചെയ്തതിൽ ഏറ്റവും ആഴമുള്ള കപ്പൽ എത്തിയെന്ന റെക്കോർഡും വിഴിഞ്ഞത്തിനു സ്വന്തമാക്കാനായി. ഇമിഗ്രേഷൻ ചെക് പോസ്റ്റ് അനുമതിയും ലഭിച്ചു.
ഒരു വർഷത്തോളമായി വിഴിഞ്ഞത്തെ വാണിജ്യ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.
.
ദേശീയപാത 66
ദേശീയപാത നവീകരണമാണ് മറ്റൊരു പ്രധാന പദ്ധതി. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് ദേശീയപാത 66.
എന്നാൽ, അശാസ്ത്രീയ നിർമിതിമൂലം പല ഭാഗങ്ങളും ദുർബലമായ അവസ്ഥയിലാണ്. ഇത് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഇപ്പോൾ പുരോഗമിക്കുന്ന ജോലികൾക്കൊപ്പം പരിഹാരനടപടികൾ കൂടി സ്വീകരിച്ച് നിർമാണം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചത്. .
അരൂർ– തുറവൂർ ഉയരപ്പാത
കൊച്ചി മെട്രോയ്ക്കു സമാനമായി റോഡിനു മധ്യത്തിലെ ഒറ്റത്തൂണുകളിലൂടെയുള്ള, രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാതയാണ് അരൂർ– തുറവൂർ ഉയരപ്പാത.
24.5 മീറ്റർ വീതിയിൽ നിർമിക്കുന്ന ഉയരപ്പാതയ്ക്ക് 13.15 കിലോമീറ്റർ നീളമാണുള്ളത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപ്പാതയ്ക്കായി ആകെ അര ഏക്കറോളം സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വന്നത്.
6 വരി ഉയരപ്പാതയ്ക്കു പുറമേ ചേർത്തല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് വെണ്ടുരുത്തി പാലത്തിലേക്ക് ഇറങ്ങാനായി ഒരു റാംപും നിർമിക്കുന്നുണ്ട്. 1,675 കോടി രൂപയുടേതാണ് നിർമാണ കരാർ.
ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാന നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ (യൂട്ടിലിറ്റി കോറിഡോർ) സൈക്കിൾ പാതയുടെ നിർമാണം നടക്കുന്നുണ്ട്.
തിരുവനന്തപുരം മെട്രോ
തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് മെട്രോ റെയില്‍. പദ്ധതിയുടെ നിര്‍മാണം രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു.
8,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഇതിന്റെ 20% സംസ്ഥാന സര്‍ക്കാരും 20% കേന്ദ്രസര്‍ക്കാരും വഹിക്കും.
ബാക്കി 60% വായ്പ എടുക്കും. കൊച്ചി മെട്രോ മാതൃകയില്‍ നിര്‍മിക്കാൻ പദ്ധതിയിടുന്ന മെട്രോ റെയിൽ പാത ആറ്റിങ്ങല്‍ വരെയും നെയ്യാറ്റിന്‍കര വരെയും വികസിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് വിഭാനവനം ചെയ്തിരിക്കുന്നത്.
ആദ്യഘട്ട അലൈന്മെന്റിനു മുഖ്യമന്ത്രി പിണറായി വിജയന് അംഗീകാരം നല്കി കഴിഞ്ഞു.
കോട്ടയം – കൊച്ചി ദേശീയപാത
ദേശീയപാത 183നെയും ദേശീയപാത 66നെയും ബന്ധിപ്പിച്ച് വിഭാവനം ചെയ്യുന്ന ദേശീയപാതയാണ് കോട്ടയം – കൊച്ചി ദേശീയപാത.
ദേശീയപാത 183ൽ കോട്ടയം മുളങ്കുഴ ജംക്ഷനിൽനിന്ന് ആരംഭിക്കുന്ന ഇടനാഴി തൃപ്പൂണിത്തുറയിൽ അങ്കമാലി– കുണ്ടന്നൂർ ബൈപാസിൽ അവസാനിക്കുന്ന വിധമാണ് നിർദേശിക്കപ്പെടുന്നത്. 60 കിലോമീറ്ററാണ് നീളം.
കോട്ടയം– കാഞ്ഞിരം– കുമരകം– കവണാറ്റിൻകര– കൈപ്പുഴമുട്ട്– തലയാഴം– വല്ലകം– കാട്ടിക്കുന്ന്– പൂത്തോട്ട– നടക്കാവ് വഴി തൃപ്പൂണിത്തുറയിലേക്ക് പൂർണമായും പുതിയ റോഡാണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ പാടശേഖരങ്ങളിലും മറ്റു തണ്ണീർത്തടങ്ങളിലും ഉയരപ്പാതയാണ് നിർമിക്കുക.
കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട ജില്ലകൾക്കു പ്രയോജനപ്പെടുന്ന റോഡ് മധ്യകേരളത്തിലെ ഗതാഗത, വ്യാപാര, വ്യവസായ മേഖലയ്ക്കും സഹായമാകും.
കോട്ടയത്തുനിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താനും സഹായിക്കും. കേന്ദ്ര സംഘം ഉടൻ തന്നെ പഠനം ആരംഭിക്കുമെന്നും എംപി അറിയിച്ചു.
അങ്കമാലി – ശബരി റെയിൽവേ
അങ്കമാലി – ശബരി റെയിൽവേ മരവിപ്പിച്ച നടപടി കേന്ദ്ര സർക്കാർ പിൻവലിച്ചതോടെ വലിയ പ്രതീക്ഷയിലാണ് മലയോര മേഖല.
ശബരിമല തീർഥാടന കേന്ദ്രത്തിന്റെ കവാടമായ എരുമേലി വരെ റെയിൽവേ എത്തുമെന്ന പ്രതീക്ഷയിലാണ് ജനം. ഇനി നടക്കേണ്ടത് ഭൂമി ഏറ്റെടുക്കൽ നടപടികളാണ്.
ഭൂമി ഏറ്റെടുത്തു നൽകിയാൽ ഉടൻ നിർമാണം ആരംഭിക്കാമെന്നാണു റെയിൽവേ മന്ത്രാലയം പറയുന്നത്. പദ്ധതിയുടെ പകുതി പണം കേന്ദ്രവും പകുതി പണം സംസ്ഥാനവും വഹിക്കുമെന്നാണ് ഇതുവരെയുള്ള ധാരണ.
3810 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. കൊച്ചി മെട്രോ വിപുലീകരണം
കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടാൻ പദ്ധതിയിട്ട് സർക്കാർ.
ആലുവയിൽ നിന്നു കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കു മെട്രോ സർവീസ് നീട്ടാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ മാർക്കിങ് ആരംഭിച്ചു.
മൂന്നാംഘട്ട പാതയുടെ വിശദ പദ്ധതി രേഖ തയാറാക്കുന്നതിന്റെ ഭാഗമായി അങ്കമാലി പഴയ പൊലീസ് ക്വാർട്ടേഴ്സിനു സമീപം ദേശീയപാതയോരത്താണ് മാർക്കിങ് നടത്തിയത്.
ഹരിയാന ആസ്ഥാനമായുള്ള കമ്പനിയാണ് മാർക്കിങ് നടത്തുന്നത്. വിശദ പദ്ധതിരേഖ 6 മാസത്തിനുള്ളിൽ തയാറാക്കാനാണു ലക്ഷ്യമിടുന്നത്.
ശബരിമല വിമാനത്താവളം
ശബരിമല വിമാനത്താവളത്തിന് വൈകാതെ കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നൽകിയേക്കുമെന്ന് സൂചനയാണ് ലഭിക്കുന്നത്.
കഴിഞ്ഞ മാസമാണ് വിശദ പദ്ധതിരേഖ (ഡിപിആർ) സംസ്ഥാനം സമർപ്പിച്ചത്. സൈറ്റ് ക്ലിയറൻസ്, പ്രതിരോധ ക്ലിയറൻസ് തുടങ്ങിയവ മുൻപ് ലഭിച്ചിരുന്നു.
7047 കോടി രൂപയാണു നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതിനും പുനരധിവാസത്തിനും വേണ്ടി വരുന്ന ചെലവ് ഉൾപ്പെടെയാണിത്.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നവീകരണം
സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനിൽ ഒന്നായ ഷൊർണൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷൻ നവീകരിച്ചു.
ഇനി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് സ്ഥല പരിമിതികളോ, വാഹന പാർക്കിങ് പ്രശ്നങ്ങളോ അനുഭവിക്കേണ്ടി വരില്ല. റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിനായി അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 12.94 കോടിയുടെ നവീകരണമാണ് സ്റ്റേഷനിൽ പ്രാവർത്തികമാക്കിയത്.
കൂടുതൽ വിശാലമായ സ്ഥല സൗകര്യങ്ങളോടു കൂടിയുള്ള കവാടത്തിൽ വാഹനങ്ങൾക്കു പ്രത്യേക ട്രാക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെർക്കള മേൽപാലം
ചെങ്കള പഞ്ചായത്ത് ഓഫിസിനു സമീപം മുതൽ വികെ പാറ വരെയുള്ള മേൽപാലമാണ് ചെർക്കള മേൽപാലം.
പാലത്തിന്റെ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിച്ചു. മേഘ കമ്പനി നിർമാണം നടത്തുന്ന ചെങ്കള– നീലേശ്വരം പാതയിൽ തുറക്കുന്ന ആദ്യ മേൽപാലവും തലപ്പാടി – ചെർക്കള ദേശീയപാതയിലെ മൂന്നാമത്തെ മേൽപാലവുമാണ് ചെർക്കളയിലേത്.
വികെ പാറയ്ക്കു സമീപം വരെയുള്ള രണ്ടാമത്തെ മേൽപാലത്തിന്റെയും ചെർക്കള–എടനീർ–കല്ലട്ക്ക പാതയുമായി ബന്ധപ്പെടുത്തുന്ന 900 മീറ്റർ നീളത്തിലുള്ള പാലത്തിന്റെയും നിർമാണം പുരോഗമിക്കുകയാണ്. 650 മീറ്റർ ആണ് മേൽപാലത്തിന്റെ നീളം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

