തിരുവനന്തപുരം ∙ മൂന്ന് ദിവസത്തെ ദേശീയ കാർഡിയോളജി സമ്മേളനത്തോടെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ (എസ്സിടിഐഎംഎസ്ടി) കാർഡിയോളജി വിഭാഗത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. സുവർണ ജൂബിലിയുടെ ഔപചാരിക ഉദ്ഘാടനം സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.
സഞ്ജയ് ബെഹാരി നിർവഹിച്ചു. കഴിഞ്ഞ 5 പതിറ്റാണ്ടായി രാജ്യത്ത് കാർഡിയോളജിയുടെ വളർച്ചയിൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ സംഭാവനകൾ കാർഡിയോളജി വിഭാഗം സീനിയർ പ്രഫസറും വകുപ്പ് മേധാവിയുമായ ഡോ.
എസ്.ഹരികൃഷ്ണൻ വിശദീകരിച്ചു.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണൻ, മുൻ ഡയറക്ടർമാരായ ഡോ. വി.കെ.അജിത് കുമാർ, ഡോ.
ജഗൻ മോഹൻ തരകൻ, കാർഡിയോളജി വിഭാഗം മുൻ മേധാവി ഡോ. കെ.ജി.ബാലകൃഷ്ണൻ, കാർഡിയോളജി വിഭാഗം പ്രഫസർ ഡോ.
കെ.കെ. നാരായണൻ നമ്പൂതിരി, കാർഡിയോളജി വിഭാഗത്തിലെ സീനിയർ പ്രഫസറും മുൻ മേധാവിയുമായ ഡോ.
കെ.എം.കൃഷ്ണമൂർത്തി, കാർഡിയോളജി മേധാവിയും സീനിയർ പ്രഫസറുമായ ഡോ. എസ്.ഹരികൃഷ്ണൻ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സെക്രട്ടറി പ്രഫ.
അഭയ് കരണ്ടികർ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
‘ബാക്ക് ടു ബേസിക്സ് – 2026’ എന്ന പേരിൽ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഹൃദയാഘാതം, വാൽവ് രോഗങ്ങൾ, നവജാതശിശുക്കൾ മുതൽ മുതിർന്നവരെ വരെ ബാധിക്കുന്ന ജന്മനാലുള്ള ഹൃദ്രോഗങ്ങൾ തുടങ്ങിയവയുടെ രോഗനിർണയത്തിൻറെയും നൂതനമായ ചികിത്സാരീതികളുടെയും പരിശീലനം സിമുലേറ്റർ മുഖേന സമ്മേളനത്തിൽ നടക്കുന്നുണ്ട്.
തുറന്നുള്ള ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കൽ, ലേസർ ആൻജിയോപ്ലാസ്റ്റി, കഠിനമായ ബ്ലോക്കുകൾ പൊടിച്ചു കളയുന്ന റോട്ടാബ്ലേഷൻ, സിടി ഇമേജിങ് അഡ്വാൻസ്ഡ് ഇൻട്രാകൊറോണറി ഇമേജിങ്, ഫിസിയോളജി അസസ്മെന്റ് എന്നിവയെക്കുറിച്ചുള്ള സിമുലേറ്റർ സെഷനുകളാണ് സമ്മേളനത്തിലെ പ്രധാന ആകർഷണങ്ങൾ.
സങ്കീർണതയേറിയ ചികിത്സകളിൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സജീവമായി നിർത്താൻ സഹായിക്കുന്ന ഉപകരണങ്ങളായ ഐഎബിപി, ഏക്മൊ, ഇംപെല്ല തുടങ്ങിയ ഉപകരണങ്ങളുടെ പരിശീലനവും നടക്കുന്നുണ്ട്. യുവ കാർഡിയോളജിസ്റ്റുകളും പിജി വിദ്യാർഥികളുമടക്കം 250ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തും നിന്നുമായി വിദഗ്ധ കാർഡിയോളജിസ്റ്റുകളാണ് ശാസ്ത്ര സെഷനുകൾ നയിക്കുന്നത്.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ വിദ്യാർഥികളുടെ മികച്ച സംഭാവനകൾക്കും യുവ ഗവേഷകരുടെ ഗവേഷണ നേട്ടങ്ങൾക്കും അംഗീകാരമായി അലുമ്നി അവാർഡുകളും തീസിസ് അവാർഡുകളും സമ്മാനിച്ചു. കഴിഞ്ഞ 5 പതിറ്റാണ്ടുകളിലെ കാർഡിയോളജി വിഭാഗത്തിന്റെ പ്രധാന നേട്ടങ്ങൾ അവതരിപ്പിക്കുന്ന ‘ഡൗൺ ദ മെമ്മറി ലെയിൻ’ എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

