പോർച്ചുഗൽ ദേശീയ ടീമിനായി കളി തുടരാൻ തീരുമാനിച്ചതായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും, കരിയറിൽ 1,000 ഗോളുകൾ തികയ്ക്കുക, യുവേഫ നേഷൻസ് ലീഗ് കിരീടം ഒരിക്കൽ കൂടി സ്വന്തമാക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് 41-കാരനായ ഈ ഇതിഹാസ താരത്തെ മുന്നോട്ട് നയിക്കുന്നത്.
പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോയൻസ, പുതിയ പരിശീലകൻ ജോർജ്ജ് ജീസസ് എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് ടീമിൽ തുടരാൻ തീരുമാനിച്ചതെന്ന് റൊണാൾഡോ വ്യക്തമാക്കി. ലോകകപ്പിന് ശേഷം കളി നിർത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ തീരുമാനങ്ങളെക്കുറിച്ചും ഭാവികളെക്കുറിച്ചും ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ആലോചനകൾക്ക് ശേഷമാണ് ഞാൻ ഇവിടെ തുടരാൻ തീരുമാനിച്ചത്” എന്ന് റൊണാൾഡോ വ്യക്തമാക്കി.
പോർച്ചുഗൽ ടീമിന് ഇപ്പോഴും തന്റെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി റൊണാൾഡോ കൂട്ടിച്ചേർത്തു. ഗോളുകളിലൂടെ മാത്രമല്ല, കളിക്കളത്തിന് പുറത്തും ടീമിനെ പിന്തുണയ്ക്കാൻ തനിക്ക് സാധിക്കുമെന്ന് താരം വ്യക്തമാക്കി.
എന്നാൽ ടീമിന് താൻ ഒരു ഭാരമാണെന്നോ ആവശ്യമില്ലെന്നോ തോന്നുമ്പോൾ ആദ്യം പടിയിറങ്ങുന്നത് താനായിരിക്കുമെന്നും റൊണാൾഡോ തുറന്നുപറഞ്ഞു. കരിയറിൽ 1,000 ഗോളുകൾ തികയ്ക്കുക എന്നത് വലിയൊരു നേട്ടമാണെങ്കിലും അത് തനിക്കൊരു ഭ്രാന്തമായ പിടിവാശിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ 979 ഗോളുകൾ നേടിയ താരം, ചരിത്രനേട്ടത്തിലേക്ക് വെറും 21 ഗോളുകൾ മാത്രം അകലെയാണ്. ഈ നേട്ടം കൈവരിക്കാൻ സാധിച്ചാൽ അത് കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമായിരിക്കുമെന്ന് റൊണാൾഡോ വ്യക്തമാക്കി.
മുൻപ് സൗദി ക്ലബ്ബായ അൽ-നാസറിൽ തന്നെ പരിശീലിപ്പിച്ച ജോർജ്ജ് ജീസസ് പോർച്ചുഗലിന്റെ പുതിയ പരിശീലകനായി എത്തിയതിനെയും റൊണാൾഡോ പ്രശംസിച്ചു. റോബർട്ടോ മാർട്ടിനെസിന് പകരക്കാരനായി എത്തിയ ജീസസിന്റെ ആദ്യ മത്സരം നേഷൻസ് ലീഗിൽ വെയ്ൽസിനെതിരെയാണ്.
ഈ വർഷത്തോടെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച റൊണാൾഡോ, ഓരോ നിമിഷവും ആസ്വദിച്ചാണ് ഇപ്പോൾ കളിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

