ദേശീയപാതയിൽ കുമളി 66-ാം മൈലിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. പത്തനംതിട്ട
മൈലപ്ര പുതിയിടത്തുവീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ സാലി തോമസ് (71) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ 6.50നാണ് ഈ ദുരന്തം ഉണ്ടായത്.
അപകടം നടന്നിട്ടും നിർത്താതെ പോയ ബസ് ഒരു കിലോമീറ്ററിലധികം മാറി ചോറ്റുപാറയിലാണ് നിർത്തിയത്. കുമ്പഴയിൽനിന്ന് വേളാങ്കണ്ണിയിലേക്കു പോയ അഞ്ചംഗ സംഘമാണ് കാറിൽ സഞ്ചരിച്ചിരുന്നത്.
കാർ ഓടിച്ചിരുന്ന കുമ്പഴ മൂലമുറി അലക്സാണ്ടറിന് മുഖത്ത് പരുക്കുകൾ ഏറ്റിട്ടുണ്ട്. അലക്സാണ്ടർ, ഭാര്യ മേഴ്സി, മകൾ ഏഞ്ചല, ബന്ധുക്കളായ മേഴ്സി, സാലി എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
കുമളിയിൽനിന്ന് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസ് വളവ് വീശിയെടുത്തപ്പോൾ ബസിന്റെ പിൻഭാഗം കാറിൽ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ കാറിന്റെ ഒരു വശം പൂർണ്ണമായും തകർന്നു.
കാറിന്റെ പിൻസീറ്റിൽ ഇരുന്ന സാലി സംഭവസ്ഥലത്തുതന്നെ ജീവൻ വെടിഞ്ഞു. ബസിന്റെ പിൻഭാഗത്തെ തകിട് കാറിന്റെ ചില്ലു തകർത്ത് സാലിയുടെ തലയിൽ തറച്ചു കയറുകയായിരുന്നു.
തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ചതിന് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അപകടകാരണത്തെക്കുറിച്ച് വിവിധ സംശയങ്ങളാണ് ഉയരുന്നത്. ബസിന്റെ ഡീസൽ ടാങ്ക് അടച്ചിരുന്നില്ലെന്നും, അതിനാൽ വളവ് വീശിയെടുത്തപ്പോൾ റോഡിലേക്കു വീണ ഡീസലിൽ കയറി പിന്നിലെ ടയർ തെന്നിമാറിയതാകാം അപകടത്തിനു കാരണമെന്നും പറയുന്നുണ്ട്.
കാറിൽ ഇടിച്ച ശേഷം ബസിന്റെ പിൻഭാഗം തെന്നി മാറുന്നത് സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. എന്നാൽ ഡീസൽ ടാങ്ക് അടച്ചിരുന്നില്ലെന്ന കാര്യം കെഎസ്ആർടിസി അധികൃതർ നിഷേധിച്ചു.
ഇക്കാര്യം പരിശോധിച്ചെന്നും റോഡിൽ ഡീസൽ വീണതിന്റെ തെളിവില്ലെന്നുമാണ് അവരുടെ നിലപാട്. എന്നാൽ റോഡിലാകെ ഡീസൽ പടർന്നിരിക്കുന്നത് ശ്രദ്ധയിൽപെട്ട
പൊലീസ് അഗ്നിരക്ഷാസേനയെ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ ഇവർ എത്തിയപ്പോഴേക്കും അപകടകരമായ സാഹചര്യം ഒഴിഞ്ഞിരുന്നു.
ബസ് കാറിൽ ഇടിച്ച വിവരം ഡ്രൈവർ അറിഞ്ഞില്ലെന്നാണ് അപകടശേഷം ബസ് നിർത്താതെ പോയതിന് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. ബസിന്റെ പിൻഭാഗത്തുനിന്ന് എന്തോ വലിയ ശബ്ദം കേട്ടതായി കണ്ടക്ടർ പറഞ്ഞപ്പോൾ ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് പിൻഭാഗത്ത് ഇടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടത് എന്നാണ് ഡ്രൈവർ നൽകിയ വിശദീകരണമെന്നും അധികൃതർ വ്യക്തമാക്കി.
മരണപ്പെട്ട സാലി തോമസിന്റെ സംസ്കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മൈലപ്ര സെന്റ് ജോർജ് വലിയ പള്ളിയിൽ നടക്കും.
മക്കൾ: ബിജോ തോമസ്, ബിനോയ് തോമസ് (ഇരുവരും ദുബായ്). മരുമക്കൾ: ജെബിൻ തോമസ്, അനു മാത്യൂസ്.

