തിരുവനന്തപുരം∙ മ്യൂസിയം-മൃഗശാല വളപ്പിൽ പ്രഭാതസവാരിക്ക് എത്തിയ 5 പേരെ പേപ്പട്ടി കടിച്ചു. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണു നായയ്ക്കു പേവിഷബാധ സ്ഥീകരിച്ചത്.
ഇന്നലെ രാവിലെ എട്ടിന് മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്ക് എത്തിയവർക്കു നേരെയായിരുന്നു തെരുവുനായ ആക്രമണം. പെട്ടെന്ന് അക്രമാസക്തനായ നായയെക്കണ്ട് ആളുകൾ ഓടിമാറാൻ ശ്രമിച്ചെങ്കിലും നായ കാലുകളിൽ കടിച്ചുപിടിച്ചു.
തുടർന്ന് കൂടുതൽ പേരെത്തി നായയെ അടിച്ചോടിച്ചു. 5 പേർക്കും കയ്യിലും കാലിലും കടിയേറ്റു.
ഒരാൾക്ക് ആഴത്തിലും മുറിവേറ്റിട്ടുണ്ട്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
തെരുവുനായ നിയന്ത്രണത്തിൽ നഗരസഭ പൂർണവിജയമെന്ന് സ്ഥാപിക്കുമ്പോഴും നഗരവാസികൾക്കു കടിയേൽകുന്നതിനു കുറവില്ല
മൃഗശാല വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ അടിയന്തിര സംഘം രൂപീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. പിന്നീട്, ചത്ത നിലയിൽ മ്യൂസിയം പരിസരത്തു നിന്നാണ് നായയെ കണ്ടെത്തിയത്.
തുടർന്ന് നായയെ പാലോട് വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തി പേവിഷബാധ സ്ഥിരീകരിച്ചു. സംഭവം വിവാദമായതോടെ മൃഗശാല അധികൃതർ അറിയിച്ചതനുസരിച്ച് കോർപറേഷൻ ജീവനക്കാർ എത്തി നാല് തെരുവുനായ്ക്കളെ വളപ്പിൽനിന്ന് പിടികൂടി.
പ്രഭാത നടത്തത്തിനിടെ പല സമയങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ മ്യൂസിയം മൃഗശാല അധികൃതരെ അറിയിച്ചിരുന്നു.
രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നൂറോളം പേരാണ് ദിവസവും പ്രഭാത നടത്തത്തിനും വ്യായാമം ചെയ്യുന്നതിനും മ്യൂസിയം മൃഗശാല വളപ്പിലെത്തുന്നത്. പലതവണ പരാതി പറഞ്ഞിട്ടും ഇതിൽ കൃത്യമായ നടപടി കോർപറേഷൻ, മൃഗശാല അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.കഴിഞ്ഞദിവസം ഉത്തരേന്ത്യയിൽനിന്നു വന്ന വിനോദസഞ്ചാരികളുടെ കൂട്ടത്തിലെ ഒരു കുട്ടിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു.കുട്ടിയെ രക്ഷിക്കുന്നതിനിടെ നിലത്തുവീണ കുട്ടിയുടെ അമ്മയ്ക്ക് കൈക്ക് പരിക്കേറ്റിരുന്നു.
മൃഗശാലയ്ക്കുള്ളിൽ പട്ടി, പൂച്ച, എലി, മരപ്പട്ടി തുടങ്ങി ഒരു ജീവികളുടെയും സാന്നിധ്യം പാടില്ലെന്നാണു വ്യവസ്ഥ. എന്നാൽ നായയെയും പൂച്ചയും ഇവിടെ സ്വര്യവിഹാരം നടത്തുന്നു. ചിലർ ഭക്ഷണം നൽകാറുണ്ടെന്നും ആരോപണവുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

