സൗഹൃദത്തിന്റെ ആഴം പ്രകടിപ്പിക്കാൻ ഓരോരുത്തരും വ്യത്യസ്തമായ വഴികളാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ഉറ്റസുഹൃത്തിന്റെ വിവാഹ ചടങ്ങിനിടയിൽ വരന്റെയും വധുവിന്റെയും മുഖങ്ങൾ സ്വന്തം നെഞ്ചിൽ പച്ച കുത്തി കൗതുകമുണർത്തിയിരിക്കുകയാണ് ഒരു യുവാവ്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. വിവാഹ വേദിയിലെത്തിയ സുഹൃത്ത് നവദമ്പതികൾക്ക് പ്രത്യേക സമ്മാനമായി ഒരു പെയിന്റിങ് നൽകുന്നതോടെയാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്.
തുടർന്ന് ഷർട്ട് ഊരിമാറ്റി നവദമ്പതികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തയാറെടുക്കുന്നതിനിടയിലാണ് നെഞ്ചിൽ തീർത്ത ചിത്രങ്ങൾ അതിഥികളുടെയും നവദമ്പതികളുടെയും ശ്രദ്ധയിൽ പെടുന്നത്. ഇത് കണ്ട് അമ്പരന്നവരാണ് ഏറെയും.
അടുത്ത സുഹൃത്തിനോടുള്ള ആത്മബന്ധവും സ്നേഹവും പ്രകടിപ്പിക്കാനാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്നാണ് വിവരം. ‘Next Door Indian’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
എന്നാൽ, സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
വിവാഹം എവിടെയാണ് നടന്നതെന്നോ ആരുടേതാണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സുഹൃത്തിന്റെയും വധുവിന്റെയും മുഖങ്ങൾ നെഞ്ചിൽ ടാറ്റൂ ചെയ്തത് അതിരുകടന്ന സൗഹൃദപ്രകടനമാണെന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.
വീഡിയോയുടെ ഒടുവിൽ യുവാവ് വരനെയും വധുവിനെയും ചുമലിലേറ്റുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ ചിലർ ഇതിനെ പരിഹസിച്ചും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യുവാവിന്റെ പ്രവൃത്തിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ഇത് തികച്ചും വ്യത്യസ്തമായ ഒരു സൗഹൃദ മാതൃകയാണെന്നും, സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയാത്തവരാണ് വിമർശിക്കുന്നതെന്നും അനുകൂലിക്കുന്നവർ കുറിക്കുന്നു. ഒരാളുടെ ശരീരത്തിൽ എന്ത് ടാറ്റൂ ചെയ്യണം എന്നത് പൂർണ്ണമായും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അതിനെ അനാവശ്യമായി വിമർശിക്കേണ്ടതില്ലെന്നുമാണ് മറ്റ് ചിലരുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

