കെഎഎസ് നിയമനം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവോണ ദിനത്തിൽ രാവിലെ സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ പ്രതിഷേധ സമരവുമായി രംഗത്ത്. 2025ൽ നടന്ന കെഎഎസ് രണ്ടാംഘട്ട
പരീക്ഷയിൽ ഉന്നത വിജയം നേടി, സർക്കാർ അറിയിക്കുകയും പിഎസ്സി നോട്ടിഫൈ ചെയ്യുകയും ചെയ്ത 31 വേക്കൻസികളിലേക്ക് നിയമന ശുപാർശ കാത്തിരിക്കുന്നവരാണ് കുടുംബത്തോടൊപ്പം തിരുവോണമാഘോഷിക്കാതെ തലസ്ഥാനത്ത് സമരവുമായി എത്തിയത്. നിലവിലുള്ള കെഎഎസ് റാങ്ക് പട്ടിക റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഉദ്യോഗാർഥികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
കേന്ദ്ര സിവിൽ സർവീസ് മാതൃകയിൽ 30 ശതമാനം ഡെപ്യൂട്ടേഷൻ റിസർവ് സൃഷ്ടിച്ചുകൊണ്ട് അർധ സർക്കാർ സ്ഥാപനങ്ങളിലേക്ക് കെഎഎസ് നിയമനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് റിക്രൂട്ട്മെന്റ് പൂർത്തിയാക്കിയത്. എന്നാൽ ഇതിന് സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന പ്രചാരണങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.
റിസർവ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നിയമപ്രശ്നങ്ങളും നിലവിലില്ലെന്നും ഒരു എക്സിക്യൂട്ടീവ് ഉത്തരവ് മാത്രമാണ് ഇതിനായി ആവശ്യമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സർക്കാരിന് മുൻകൂട്ടി റിപ്പോർട്ട് നൽകിയിരുന്നതാണ്. മാത്രമല്ല, സമാന രീതിയിൽ പതിനാറോളം ഉദ്യോഗസ്ഥർ നിലവിൽ സർവീസിൽ ജോലി ചെയ്തുവരുന്നുണ്ട്.
ഒരു വർഷക്കാലാവധിയുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏഴുമാസം പിന്നിട്ടിട്ടും നിയമനങ്ങൾ വൈകുന്ന സാഹചര്യത്തിൽ ഉദ്യോഗാർഥികൾ നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ ആശങ്കകൾ ബോധിപ്പിച്ചിരുന്നു. തുടർന്ന് എത്രയും പെട്ടെന്ന് നിയമനം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നുവെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കുന്നു.
എന്നാൽ, സമീപകാലത്തുണ്ടായ സംഭവവികാസങ്ങളും വാർത്തകളും ഇവരിൽ വീണ്ടും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നോട്ടിഫൈ ചെയ്ത 31 ഒഴിവുകളിൽ ഒന്നാം റാങ്ക് ജേതാവിന് മാത്രം അഡ്വൈസ് മെമ്മോ അയച്ച നടപടിയും ഉദ്യോഗാർഥികളുടെ ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായി ഉദ്യോഗസ്ഥ തലത്തിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന ശക്തമായ സംശയമാണ് ഇവർ ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

