സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ വളപ്പുകളിലും പരിസരങ്ങളിലുമായി വർഷങ്ങളായി അനാഥമായി കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി സർക്കാർ പുതിയ കർമ്മപദ്ധതിക്ക് രൂപം നൽകി. ‘സ്പേസ്’ (SPACE) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി, ‘റീക്ലെയിം, റിന്യൂ, റിവൈവ്’ എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്.
പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും പരിസരങ്ങളിലും വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് പൊതുജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. നിലവിൽ വാഹനങ്ങൾ ലേലം ചെയ്യുന്ന രീതി നിലവിലുണ്ടെങ്കിലും അതൊരു ശാശ്വത പരിഹാരമായിരുന്നില്ലെന്ന് അധികൃതർ വിലയിരുത്തുന്നു.
പദ്ധതിയുടെ പ്രവർത്തനം
പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (KPHCC) നേതൃത്വത്തിലാണ് ഈ നടപടികൾ ഏകോപിപ്പിക്കുന്നത്. ഇതിനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സീറോയുമായി (CERO) സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി ചെയർമാനായും കെപിഎച്ച്സിസി മാനേജിങ് ഡയറക്ടർ അംഗമായും ഉൾപ്പെടുന്ന സമിതിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. പൊലീസ് സ്റ്റേഷനുകളിൽ അനാഥമായി കിടക്കുന്ന വാഹനങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തി, നിശ്ചിത സമയപരിധിക്കുള്ളിൽ അവ നീക്കം ചെയ്യാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതിലൂടെ സ്റ്റേഷൻ വളപ്പുകൾ ശുചിയാക്കാനും അവിടത്തെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട
വിശദമായ റിപ്പോർട്ട് ചെയർമാന്റെ നേതൃത്വത്തിൽ ഉടൻ തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

