വേനലവധിക്കാലത്ത് പ്രകൃതിയുടെ തണുപ്പും സൗന്ദര്യവും തേടുന്നവർക്ക് മികച്ച യാത്രാനുഭവമായി പാലോട് മങ്കയവും ബ്രൈമൂറും മാറുന്നു. പശ്ചിമഘട്ട
മലനിരകളുടെ ഭാഗമായ ഈ പ്രദേശങ്ങൾ കോടമഞ്ഞിന്റെ പുതപ്പണിഞ്ഞും പച്ചപ്പിന്റെ വശ്യതയിലും സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. പെരിങ്ങമ്മല പഞ്ചായത്തിലെ മങ്കയം ഇക്കോ ടൂറിസമാണ് ഇവിടുത്തെ ആദ്യ ആകർഷണം.
മലമടക്കുകളിൽനിന്ന് ഒഴുകിയെത്തുന്ന കാട്ടരുവികൾ വേനൽക്കാലത്ത് ശാന്തമായ നീർച്ചാലുകളായും കുളിക്കാനുള്ള ഇടങ്ങളായും മാറുന്നു. നിലവിൽ മരങ്ങൾ പൂത്തുനിൽക്കുന്ന കാലമായതിനാൽ, വഴിനീളെ കാണുന്ന വാകമരങ്ങളുടെ ചുവപ്പും മലനിരകളുടെ പച്ചപ്പും കണ്ണിന് കുളിർമയേകും.
മങ്കയം കടന്ന് ബ്രൈമൂറിലേക്കെത്തിയാൽ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തേയിലത്തോട്ടങ്ങൾ, പഴമ വിളിച്ചോതുന്ന ബ്രിട്ടിഷ് നിർമിത ബംഗ്ലാവുകൾ, കുതിരപ്പാത, ഹെലിപ്പാഡ് എന്നിവ ബ്രൈമൂറിന്റെ ചരിത്രപരമായ പ്രത്യേകതകളാണ്.
തേയില ഫാക്ടറിയും കൃഷിത്തോട്ടങ്ങളും സന്ദർശിക്കാൻ ഇവിടെ അവസരമുണ്ട്. ഒരു ദിവസത്തെ യാത്രാ പ്ലാൻ ഉള്ളവർക്ക് മികച്ചൊരു ലൊക്കേഷനാണിത്.
പാലോട് – പെരിങ്ങമ്മല – ഇടിഞ്ഞാർ വഴിയാണ് മങ്കയത്തേക്കും ബ്രൈമൂറിലേക്കും എത്തിച്ചേരേണ്ടത്. നഗരത്തിലെ ചൂടിൽനിന്ന് മാറി ശുദ്ധവായുവും ശാന്തതയും ആഗ്രഹിക്കുന്നവർക്ക് ഈ അവധിക്കാലത്ത് മങ്കയവും ബ്രൈമൂറും മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

