ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎയ്ക്കും പ്രാദേശിക നേതാവിനും എതിരെ നടപടിയുമായി പാർട്ടി നേതൃത്വം. സംഭവത്തിൽ രമ്യ ഹരിദാസ് എംഎല്‍എയ്ക്കും ജില്ലാ പഞ്ചായത്തംഗവും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ സജിത്ത് മുട്ടപ്പലത്തിനുമാണ് കെപിസിസി നേതൃത്വം താക്കീത് നൽകിയത്.
പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫ് ഇരുവരെയും നേരിട്ട് കെപിസിസി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് താക്കീത് നൽകിയത്. മുതിര്‍ന്ന നേതാവ് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി വിഷയം പരിശോധിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കേണ്ടതില്ലെന്ന് നേതൃത്വം രമ്യയെ അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഒട്ടും ആവർത്തിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കശനമായി നിർദ്ദേശം നൽകി.
വിഷയത്തിൽ പൊതുസ്ഥലത്ത് പ്രതികരണങ്ങൾ നടത്തരുതെന്നും ഇരുവിഭാഗവും പരസ്പരം നൽകിയ കേസുകൾ പിൻവലിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. സംഘർഷത്തെ തുടർന്ന് രമ്യയുടെ സഹായിയും കെപിസിസി അംഗവുമായ പാളയം പ്രദീപ്, കയ്യാങ്കളി നടന്ന വീടിന്റെ ഉടമയും ചിറയിന്‍കീഴ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയുമായ എസ്.സജാദ് എന്നിവരെ നേരത്തെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഈ നടപടികൾക്ക് ശേഷം പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് നടത്തിയ നീക്കങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിനെ സജാദ് പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്തതാണ് പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചത്.
തുടർന്ന് സജാദിന്റെ വീട്ടിലെത്തിയ രമ്യയും പ്രദീപും സംസാരിക്കുന്നതിനിടയിൽ തർക്കമുണ്ടാവുകയും, സജിത്ത് ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഇടപെടുകയുമായിരുന്നു. ഇതിന്റെ തുടർച്ചയായി ഇരുകൂട്ടരും പൊലീസിൽ പരാതി നൽകുകയായിരുന്നു.
രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സജാദിനെതിരെ ഉൾപ്പെടെ പൊലീസ് കേസെടുത്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

