സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിൽ ജില്ലയിലെ ഏറ്റവും ‘ഉന്നതമായ’ പൊൻമുടി ഗവ.യുപിഎസ് ബൂത്ത് കോടമഞ്ഞണിഞ്ഞാണ് വോട്ടിനൊരുങ്ങിയത്. പക്ഷേ, തണുപ്പ് വോട്ടിങ് യന്ത്രത്തിന് പറ്റിയില്ല.
തലേന്ന് പരീക്ഷണത്തിൽ വിജയിച്ച യന്ത്രം പണിമുടക്കി. 24 കിലോമീറ്റർ അകലെ വിതുരയിൽ ഇലക്ട്രൽ ഓഫിസറുടെ പക്കലുണ്ടായ കരുതൽ വോട്ടിങ് യന്ത്രം എത്തിയപ്പോൾ അതും തകരാറിൽ.
തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ 51 കിലോമീറ്റർ അകലെ പിരപ്പൻകോട്ടുനിന്ന് മൂന്നാമത്തെ യന്ത്രം എത്തിച്ച് 10.30ന് ആണ് വോട്ടിങ് തുടങ്ങിയത്. 204 വോട്ടർമാരുള്ള ബൂത്തിൽ വോട്ടിങ് മന്ദഗതിയിലായിരുന്നു.
ഒരു മണിയാകുമ്പോഴും പോൾ ചെയ്തത് 30 വോട്ടിൽ താഴെ മാത്രം. പൂർത്തിയായപ്പോൾ ആകെ ചെയ്തത് 104 വോട്ട്.
മൊബൈൽ റേഞ്ച് കുറവായതിനാൽ വോട്ടിങ് ഓൺലൈൻ അപ്ഡേഷന് പോളിങ് ഓഫിസർ പുറത്തിറങ്ങി റേഞ്ച് തേടി നടന്നു വലഞ്ഞു. തേയിലത്തോട്ടം തൊഴിലാളികളും കുടുംബാംഗങ്ങളും മാത്രം വോട്ടർമാരായുള്ള പെരിങ്ങമ്മല പഞ്ചായത്തിലെ പൊന്മുടി വാർഡിൽ സ്കൂളിലും പിഡബ്ല്യുഡി ക്യാംപ് ഷെഡിലുമായി 2 ബൂത്തുകൾ.
പുലി ഭീഷണി നേരിടുന്ന സ്കൂളാണിത്.
ലയങ്ങളിൽ താമസിക്കുന്നവരാണ് വോട്ടർമാരിൽ ഏറെയും. ഇവിടെനിന്ന് കല്യാണം കഴിച്ചും മറ്റും ദൂരെ സ്ഥലങ്ങളിലേക്ക് പോയവരും വോട്ടർമാരായുണ്ട്.
ഇങ്ങനെ തമിഴ്നാട്ടിൽ നിന്നടക്കം ഇന്നലെ വോട്ടർമാരെത്തി. രണ്ടാം ബൂത്തിലെ 452പേരിൽ 276 പേരാണ് വോട്ട് ചെയ്തത്. 90% വോട്ടർമാരും ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിതുര പഞ്ചായത്തിലെ മണലി വാർഡിലെ തിരഞ്ഞെടുപ്പ് നടന്ന തലതുത്തുക്കാവ് ഗവ.
ട്രൈബൽ എൽപിഎസ് ബൂത്ത് ഇവിടത്തെ വോട്ടർമാർ നേരിടുന്ന പ്രശ്നത്തിന്റെ നേർസാക്ഷ്യമാണ്. മതിലില്ല.
പണിതാലും ആനക്കൂട്ടം അതു തകർക്കും. കാട്ടാന മാത്രമല്ല.
വന്യമൃഗങ്ങളെല്ലാം ഇവിടെ വിഹരിക്കുന്നു. ഇവിടെ തിരഞ്ഞെടുപ്പു ഡ്യൂട്ടി കിട്ടിയവരിൽ 4 വനിതകളുണ്ട്.
ലേശം പേടിയോടെയാണ് രാത്രി കഴിഞ്ഞതെന്ന് ഇവർ പറഞ്ഞു.
ആകെ 986 വോട്ടർമാർ. ഇതിൽ 763പേർ വോട്ട് ചെയ്തു.
പട്ടികവർഗക്കാർ തിങ്ങിപ്പാർക്കുന്ന വാർഡാണെങ്കിലും ഇതു ജനറൽ സീറ്റാണ്. കൂവയില നിരത്തി നാട്ടുരുചിയുടെ ഊണ് വിളമ്പുന്നതിലൂടെ വൈറലായ പേപ്പാറ പട്ടൻകുളിച്ചപാറയിലെ ‘കാട്ടിലെ കട’ നടത്തുന്ന മണിയനും ശശി കുമാരിയും കടയിലെ തിരക്കിനിടയിലും ഒരു എൽഡിഎഫ് സ്ഥാനാർഥിയുടെയും ഒരു യുഡിഎഫ് സ്ഥാനാർഥിയുടെയും വിജയത്തിനായുള്ള പ്രാർഥനയിലായിരുന്നു. ഇവരുടെ മകൻ എം.രാജ്ലാൽ വിതുര വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി.
മകൾ സിന്ധു മാങ്കാല വാർഡിൽ സിപിഎം സ്ഥാനാർഥി. മക്കൾ മത്സരിക്കുമ്പോഴും വോട്ടെടുപ്പ് ദിനം കടയ്ക്ക് അവധിയില്ല.
വോട്ട് പേപ്പാറ വാർഡിലായതിനാൽ മക്കൾക്ക് 2 പേർക്കും വോട്ട് ചെയ്യാൻ ഇവർക്കായില്ല.
വോട്ട് ചെയ്യാൻ പോയവരുടെ കാർ കാട്ടാന ആക്രമിച്ചു
പാലോട്∙ പൊൻമുടി വാർഡിലെ പൊൻമുടി യുപിഎസ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ കാർ കാട്ടാന ആക്രമിച്ചു. പൊൻമുടി രണ്ടാം ഹെയർപിൻ വളവിൽ ഇന്നലെ രാവിലെ 7.30നാണ് സംഭവം.
പൊൻമുടി സ്വദേശി രാഹുലിന്റേതായിരുന്നു കാർ. ആന വരുന്നത് കണ്ട് കാറിലുള്ളവർ ഇറങ്ങിയോടി. തുടർന്ന് കാർ കുത്തിമറിച്ചിടാൻ ആന ശ്രമിച്ചു.
എന്നാൽ യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ, ആന പിന്മാറി റോഡിൽ തന്നെ നിലയുറപ്പിച്ചു. പിന്നീട് പൊലീസും വനപാലകരും എത്തിയാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്തിവിട്ടത്.
കാറിന്റെ ഡോറിനു കേടുപാട് സംഭവിച്ചു. പിന്നീട് ഇവർ വോട്ട് രേഖപ്പെടുത്തി.
കാട്ടാനയുടെ സാന്നിധ്യം അറിഞ്ഞ പലരും പൊൻമുടിയിലേക്കുള്ള യാത്ര ഒഴിവാക്കി. ഉച്ചയോടെ പാലോടു നിന്നുള്ള ആർആർടി സംഘവും കൂടുതൽ വനപാലകരും എത്തി സുരക്ഷയൊരുക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

