ആലപ്പുഴ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരമുണ്ടെങ്കിലും എൽഡിഎഫിനു വലിയ മുന്നേറ്റമുണ്ടാകുമെന്നു മുൻമന്ത്രി ജി.സുധാകരൻ. കാലിൽ പൊട്ടലുണ്ടായതിനെ തുടർന്നു നടക്കാനാകില്ലെങ്കിലും വാക്കറിന്റെ സഹായത്തോടെ പറവൂർ ഗവ.
ഹൈസ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിന്നു അദ്ദേഹം. രാവിലെ 11.10നാണു പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ അദ്ദേഹം വോട്ടു ചെയ്തത്.
ശുചിമുറിയിൽ വീണാണു സുധാകരന്റെ കാലിനു പൊട്ടലുണ്ടായത്.
നിലത്തു കുത്താൻ വയ്യാത്ത കാലുമായി ഏറെ ബുദ്ധിമുട്ടിയാണു സുധാകരൻ പോളിങ് ബൂത്തിന് അകത്തേക്കു പ്രവേശിച്ചത്. റാംപിലൂടെ കയറിയ ഉടൻ കാൽ വേദന കൂടി കസേരയിൽ ഇരിക്കേണ്ടി വന്നു.
ഭാര്യ ജൂബിലി നവപ്രഭ ഒപ്പമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പിൽ പഞ്ചായത്ത്, ബ്ലോക്ക് എന്നിവിടങ്ങളിൽ എൽഡിഎഫിനു വലിയ വിജയമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ രണ്ടു മൂന്നിടത്ത് ഒഴിച്ചാൽ ബാക്കിയെല്ലായിടത്തും ഇടതുപക്ഷം വിജയിക്കും.
നഗരസഭകളിലും ഇടതു വിജയമുണ്ടാകും. ചിലയിടത്തു ബിജെപിക്കു സ്ഥാനാർഥികളില്ലെന്നതും ചിലയിടങ്ങളിൽ എൽഡിഎഫ്- ബിജെപി മത്സരമാണു നടക്കുന്നതെന്നതും എൽഡിഎഫിന് അനുകൂലമാണ്.
കോൺഗ്രസിന്റെ ദൗർബല്യവും കെട്ടുറപ്പില്ലായ്മയും അണികളിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. ശബരിമലയിൽ പാർട്ടിക്കു വീഴ്ചയുണ്ടായിട്ടില്ല.
എന്നാൽ പാർട്ടി ചുമതല ഏൽപിച്ച ഭാരവാഹികൾ വീഴ്ച വീഴ്ചവരുത്തിയെന്നതു വ്യക്തമാണ്. വീഴ്ചവരുത്തുന്ന ഭാരവാഹികളെ എന്തിനുവച്ചു എന്നതിനെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

