കൊല്ലം ∙ ജില്ലയിൽ ഇരട്ട വോട്ടും കള്ളവോട്ടും വ്യാപകം.
വോട്ടർ പട്ടികയിൽ നിന്നു വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതിനു പിന്നാലെയാണു കള്ളവോട്ടും അരങ്ങേറിയത്. പലയിടത്തും ഇതു വ്യാപക പരാതിക്ക് ഇടയാക്കി. ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവ് രണ്ടിടത്തു വോട്ട് ചെയ്തതായി പരാതി.
സിപിഎം നേതാവ് കെ.കലാദേവിയുടെ ഭർത്താവ് അജയകുമാറാണ് പടിഞ്ഞാറേകല്ലടയിൽ ഭാര്യയ്ക്കും കൊല്ലം നഗരത്തിൽ സഹോദരീ ഭർത്താവിനും വേണ്ടി വോട്ട് ചെയ്തതായി ആക്ഷേപം ഉയർന്നത്. അജയകുമാർ സ്വദേശമായ കൊല്ലം കോർപറേഷനിലെ കാവനാട് കന്നിമേൽ 56–ാം ഡിവിഷനിൽ വള്ളിക്കീഴ് ആദിത്യ വിലാസം എൽപിഎസിലെ ബൂത്തിൽ രാവിലെ വോട്ട് ചെയ്തു.
അജയകുമാറിന്റെ സഹോദരീ ഭർത്താവും സിപിഎം പ്രതിനിധിയുമായ പി.ജെ.രാജേന്ദ്രൻ ആണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി.
കയ്യിലെ മഷി അടയാളം മായ്ച്ച ശേഷം ഉച്ചയോടെ ഭാര്യയുടെ സ്വദേശമായ പടിഞ്ഞാറേകല്ലട കോതപുരം ഗവ.എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തി.
യുഡിഎഫ്, ബിജെപി പ്രവർത്തകർ ഇയാളെ തടഞ്ഞതു തർക്കത്തിലേക്ക് നയിച്ചു. തുടർന്നു ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ വോട്ട് ചെയ്യാൻ അനുവദിച്ചെങ്കിലും യുഡിഎഫും ബിജെപിയും വോട്ട് ചാലഞ്ച് ചെയ്തു.
ബോധപൂർവം ഇരട്ടവോട്ടുകൾ ചേർത്ത് സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുണ്ടെന്നാണ് പരാതി.
കൊല്ലം കോർപറേഷനിലെ താമരക്കുളം ഡിവിഷനിൽ റെഡ്യാർ സംഘം ഹാളിലെ ബൂത്തിൽ ഒരു കള്ളവോട്ട് നടന്നു. ആറ്റുകാൽ പുരയിടത്തിൽ ഫാത്തിമ നിസാമിന്റെ വോട്ടാണു കള്ളവോട്ട് ചെയ്തത്.
2.45നു വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് കള്ളവോട്ട് ചെയ്തതായി അറിഞ്ഞത്. തുടർന്നു ടെൻഡർ വോട്ട് ചെയ്തു. ഫാത്തിമയുടെ കുടുംബം കുറച്ചുകാലമായി താമരക്കുളം ഡിവിഷനിൽ അല്ല താമസം.
ഉളിയക്കോവിൽ, ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷനിൽ 2 ബൂത്തുകളിലായി 5 കള്ളവോട്ട് നടന്നു. ഉളിയക്കോവിൽ എൽപി സ്കൂളിൽ രമണൻ, സുബി, ഭാനുമതി വിഷ്ണു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തതെന്ന യുഡിഎഫും ബിജെപിയും ആരോപിച്ചു ഉളിയക്കോവിൽ ഈസ്റ്റ് ഡിവിഷനിലെ ടികെഡിഎം സ്കൂളിൽ പ്രവാസിയായ മോഹനന്റെ വോട്ടും ആരോ ചെയ്തു.
എല്ലാവരും ടെൻഡർ വോട്ട് രേഖപ്പെടുത്തി.
കുന്നത്തൂർ പഞ്ചായത്തിലെ 2വാർഡുകളിൽ യുഡിഎഫ് പ്രവർത്തകരുടെ വോട്ടുകൾ മറ്റുള്ളവർ ചെയ്തതായി പരാതി. കുന്നത്തൂർ കിഴക്ക് ആറ്റുകടവ് 14–ാം വാർഡിലെ ചരിവുതുണ്ടിൽ സുനിൽകുമാറിനാണ് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായത്.
കുന്നത്തൂർ കിഴക്ക് മണ്ണുവിള വീട്ടിൽ സുനിൽകുമാർ ആണ് വോട്ട് മാറി ചെയ്തത്. രാവിലെയുണ്ടായ തിരക്കിൽ ശ്രദ്ധിച്ചില്ലെന്നും വിരലിൽ മഷി പുരട്ടിയില്ലെന്നും പരാതിയുണ്ട്.
മാനാമ്പുഴ രണ്ടാം വാർഡിൽ യുഡിഎഫ് പ്രവർത്തകൻ സുരേഷ് കുമാറിനും സമാന അനുഭവമുണ്ടായി. തന്റെ പേരിലുള്ള വോട്ട് മറ്റൊരു സുനിൽകുമാർ ചെയ്തു.
രണ്ടിടത്തും യുഡിഎഫ് വോട്ട് ചാലഞ്ച് ചെയ്തു.
തൃക്കരുവ ഗ്രാമപ്പഞ്ചായത്തിലെ വന്മള 10-ാം വാർഡിലും കള്ളവോട്ട് നടന്നു. ഒന്നാം നമ്പർ ബൂത്തിലെ 979 ക്രമനമ്പറിൽപെട്ട
വോട്ടർ ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ കൊട്ടിയം ഈസ്റ്റ് വാർഡിലും വോട്ടു ചെയ്തു. ഈ വോട്ടർക്ക് രണ്ടിടത്തും വോട്ടുണ്ടായിരുന്നു.
കരട് വോട്ടർ പട്ടിക ഇറങ്ങിയ സമയത്തു തന്നെ ഇരട്ട വോട്ടിന് എതിരെ വന്മള വാർഡിൽ പരാതി ഉയർന്നിരുന്നു. 6 ഇരട്ട
വോട്ടുകളും വർഷങ്ങൾക്കുമുൻപ് താമസം മാറിപ്പോയ 114 പേരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീപ് വന്മള കലക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആരോപണം നിലനിൽക്കെയാണു കള്ളവോട്ട് പരാതി.
മയ്യനാട് പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നു. പണയവയൽ വീട്ടിൽ മുംതാസ് എന്ന വോട്ടർ ഉച്ചയ്ക്ക് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് രാവിലെ തന്നെ ഇവരുടെ വോട്ട് രേഖപ്പെടുത്തിയതായി കണ്ടത്.
ഇവരുടെ പേരിൽ മറ്റൊരു സ്ത്രീ രാവിലെ തന്നെ വോട്ട് ചെയ്തുവെന്നാണ് പോളിങ് ഉദ്യോഗസ്ഥർ പറയുന്നത്. പർദ ധരിച്ചിരുന്നതിനാൽ ആളുടെ മുഖം വ്യക്തമായില്ലെന്നാണ് പോളിങ് ഏജന്റുമാരും പറഞ്ഞത്.
യഥാർഥ വോട്ടറായ മുംതാസിന് പിന്നീട് ബാലറ്റ് പേപ്പർ വഴി ടെൻഡർ വോട്ട് ചെയ്യാനുള്ള സൗകര്യം നൽകി. കള്ള വോട്ടു നടന്നതായി കാണിച്ച് യുഡിഎഫ് സ്ഥാനാർഥി റിട്ടേണിങ് ഒാഫിസർക്ക് പരാതി നൽകി.
കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ നെല്ലിമൂട് വാർഡിലെ ഗവ.
യുപി സ്കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ നെല്ലിമൂട് ചാവരുകാവിൽ വീട്ടിൽ റെഫീക്കാ ബീവി, കുളത്തൂപ്പുഴ വാർഡിലെ ഗവ. തടി ഡിപ്പോ ഷേർലി ഓഡിറ്റോറിയത്തിൽ വോട്ടു ചെയ്യാനെത്തിയ കുമരംകരിക്കം കളത്തിങ്കൽ വീട്ടിൽ ബാബു എന്നിവരുടെ വോട്ടുകൾ മറ്റൊരാൾ ചെയ്തതായി കണ്ടെത്തി.
കള്ളവോട്ട് നടന്നതായി വോട്ടർമാരും ബന്ധുക്കളും പരാതിപ്പെട്ടു. പ്രിസൈഡിങ് ഒാഫിസർ ഇവർക്ക് ബാലറ്റ് (ടെൻഡർ വോട്ട്) പേപ്പറിൽ വോട്ടുകൾ ചെയ്യാൻ അനുമതി നൽകി.
ചാവരുകാവിൽ എന്ന വിലാസത്തിൽ നിരവധി വീടുകളും ഒരേ പേരിൽ നിരവധി വോട്ടർമാരും ഉണ്ടായതിനാലാണു വോട്ടു മാറി ചെയ്യാൻ കാരണമായതെന്നും തർക്കപരിഹാരത്തിനു ടെൻഡർ വോട്ടുകൾക്കാണു പരിഗണന നൽകുകയെന്നും കള്ളവോട്ടു നടന്നതായി പരാതി അടിസ്ഥാന രഹിതമാണെന്നും അധികൃതർ അറിയിച്ചു.
പരവൂർ നഗരസഭ വിനായകർ വാർഡിൽ വ്യാജ വോട്ട് നടന്നതായി ആരോപണം ഉയർന്നതോടെ ടെൻഡർ വോട്ട് നടത്തി.കുമ്മിൾ പഞ്ചായത്തിൽ തൃക്കണ്ണാപുരം സെന്റ് മിൽഡ്രസ് യുപിഎസിലെ ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥി സ്വന്തം ചെലവിൽ സിസി ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും ഇവിടെ കള്ളവോട്ട് നടന്നതായി പരാതി. യുഡിഎഫ് സ്ഥാനാർഥി അശ്വതിയാണ് പരാതി നൽകിയത്.
തൃക്കണ്ണാപുരം സ്വദേശി ക്രമ നമ്പർ 50 ലെ രാജമ്മ വോട്ട് ചെയ്യാൻ എത്തിയപ്പോൾ വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫിസർ അറിയിച്ചു. എന്നാൽ വോട്ട് ചെയ്തില്ലെന്നു രാജമ്മ അറിയിച്ചു.
തർക്കമായപ്പോൾ ടെൻഡർ വോട്ട് ചെയ്യിക്കാൻ പ്രിസൈഡിങ് ഓഫിസർ തയാറായി.
തൊടിയൂർ ഗ്രാമ പഞ്ചായത്ത് വെളുത്തമണൽ വാർഡിൽ കള്ളവോട്ട് നടന്നതായി പരാതി. തൊടിയൂർ മുഴങ്ങോടി സ്വദേശി അരുൺ വോട്ട് ചെയ്യാനായി പോളിങ് കേന്ദ്രമായ തൊടിയൂർ ഗവ.എൽപിഎസിൽ എത്തിയപ്പോഴാണ് ആരോ വോട്ട് ചെയ്തിരിക്കുന്നതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
താൻ വോട്ട് ചെയ്തിട്ടില്ലെന്നും തന്റെ വോട്ട് ആരാണു ചെയ്തതെന്നു അറിയണമെന്ന ആവശ്യവുമായി അരുൺ നിന്നു. ചാലഞ്ച് വോട്ട് ചെയ്യാമെന്ന നിർദേശത്തിനും അരുൺ വഴങ്ങിയില്ല.
തന്റെ വോട്ട് ആരാണു ചെയ്തെന്നറിയണമെന്ന് ആവശ്യപ്പെട്ട് പൊലീസിലും പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

