ആന്ധ്രാപ്രദേശിലെ അമരാവതിയിൽ ഗൃഹപാഠം പൂർത്തിയാക്കാത്തതിന്റെ പേരിൽ അധ്യാപികയുടെ മർദനത്തിനിരയായ ആറു വയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. അമരാവതിയിലെ വൺ ടൗൺ ഏരിയയിലുള്ള സ്വകാര്യ വിദ്യാലയത്തിലെ വിദ്യാർഥിയായ പ്രണയ് തേജയാണ് ദാരുണമായി മരണപ്പെട്ടത്.
കുട്ടി ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ അധ്യാപിക മുഖത്തടിച്ചതായും ഇതിനുപിന്നാലെ പ്രണയ് തേജ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. ഉടൻതന്നെ കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. ദുരന്തവിവരമറിഞ്ഞ് ആശുപത്രിയിൽ തടിച്ചുകൂടിയ കുടുംബാംഗങ്ങളും ബന്ധുക്കളും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ എഴുന്നേറ്റയുടൻ മകൻ സ്കൂളിൽ പോകണമെന്ന് നിർബന്ധം പിടിച്ചിരുന്നതായി കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
ആരോഗ്യവാനായ നിലയിലാണ് കുട്ടി വിദ്യാലയത്തിലേക്ക് പോയതെന്നും വീട്ടിൽ നിന്നിറങ്ങുമ്പോൾ അസാധാരണമായി യാതൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും കുടുംബം കൂട്ടിച്ചേർത്തു. എന്നാൽ, ഏതാനും മണിക്കൂറുകൾക്ക് ശേഷം തങ്ങളെ തേടിയെത്തിയത് ഞെട്ടിക്കുന്ന വിവരമായിരുന്നു.
തന്റെ മകന് എന്തോ അത്യാഹിതം സംഭവിച്ചുവെന്ന് ഉച്ചയോടെ ഭാര്യാസഹോദരന്റെ സ്ഥലത്തിന് സമീപം ജോലി ചെയ്തിരുന്ന പാചകക്കാർ ഫോണിലൂടെയാണ് അറിയിച്ചതെന്നും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വിവരവും ലഭിച്ചില്ലെന്നും പിതാവ് പറഞ്ഞു. കുഞ്ഞിനെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
തുടർന്ന് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഗൃഹപാഠം ചെയ്തില്ലെന്നാരോപിച്ച് അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കണ്ടതെന്ന് പിതാവ് വ്യക്തമാക്കി. മുഖത്തടിച്ചയുടൻ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തെ തുടർന്ന് റവന്യൂ ഡിവിഷണൽ ഓഫിസർ ദിലീപ് ചക്രവർത്തി ആശുപത്രി സന്ദർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട
മുഴുവൻ വിവരങ്ങളും സർക്കാർ വിഭാഗം ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

