കോവളം ∙ ലൈറ്റ് ഹൗസ് ബീച്ചിൽ വിദേശ വിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു. റഷ്യയിൽ നിന്നുള്ള പൗളിന(32)യ്ക്കാണ് ഇന്നലെ സന്ധ്യയ്ക്ക് വലതു കണങ്കാലിൽ കടിയേറ്റത്.
ഒറ്റയ്ക്കു നടന്നു വരുമ്പോൾ പ്രകോപനമില്ലാതെയാണ് നായ ആക്രമിച്ചതെന്നു സമീപത്തെ റസ്റ്ററന്റ് അധികൃതർ പറഞ്ഞു. കാലിൽ ആഴത്തിൽ മുറിവേറ്റ പൗളിനയെ ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ജനറൽ ആശുപത്രിയിലും എത്തിച്ചു.
കറുപ്പു നിറമുള്ള ഈ തെരുവു നായ ആക്രമണകാരിയാണെന്നും മുൻപ് മൂന്നു പേർക്ക് ഇതേ നായയുടെ കടിയേറ്റിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
കോവളത്ത് തെരുവ്നായ് സീസൺ; ഭയന്ന് സഞ്ചാരികൾ
കോവളം ∙സീസൺ നാളുകളാരംഭിച്ച കോവളത്ത് തെരുവു നായ്ക്കൾ വലിയ ഭീഷണി. തെരുവു നായ്ക്കളെ ഷെൽറ്ററിൽ അടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവു വന്നു അടുത്ത ദിവസം കോവളത്ത് സഞ്ചാരിക്കു നായയുടെ കടിയേറ്റ സംഭവം ഞെട്ടിക്കുന്നതായി.
കോവളം കാണാനെത്തിയ റഷ്യൻ സഞ്ചാരി പൗളിനയ്ക്ക് ദിവസങ്ങൾ നീളുന്ന ചികിത്സയ്ക്കു വിധേയമാകേണ്ട സ്ഥിതിയാണിപ്പോൾ.
കോവളത്ത് വിദേശ സഞ്ചാരികൾ, കുട്ടികളുൾപ്പെടെ തദ്ദേശീയർ, ലൈഫ് ഗാർഡുകൾ എന്നിവർക്കെല്ലാം കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടെ നായയുടെ ആക്രമണമുണ്ടായിട്ടുണ്ട്. സീസൺ കാലത്ത് വിദേശിക്കു നായയുടെ കടിയേറ്റ സംഭവം വിനോദസഞ്ചാരത്തെ ദോഷകരമായി ബാധിക്കും. ബീച്ചുകളിലും പരിസരത്തുമായി നൂറു കണക്കിനു തെരുവു നായ്ക്കളുണ്ട്. പ്രകോപനമില്ലാതെ ആക്രമിക്കുന്ന സ്വഭാവമുള്ളവയും ഏറെയാണ്. അത്തരമൊരു നായയാണ് ഇന്നലെ വിദേശ വനിതയെ ആക്രമിച്ചത്.
ബീച്ചിലെ പ്രഭാത സവാരിക്കാർ ഉൾപ്പെടെ നായയുടെ ആക്രമണ ഭീഷണി നേരിടുകയാണ്. ബീച്ചിൽ ഇന്നലെ വൈകിട്ടും സഞ്ചാരികളെ തെരുവു നായ ഓടിക്കുന്ന കാഴ്ച കാണാമായിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലെങ്കിലും ഇവയെ ഇവിടെ നിന്നു നീക്കം ചെയ്തു സഞ്ചാരികളുൾപ്പെടെയുള്ളവർക്ക് സധൈര്യം ബീച്ചിൽ എത്താനുള്ള സാഹചര്യമൊരുക്കണമെന്നു ആവശ്യമുയർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

