ഹരിപ്പാട് ∙ ചാംപ്യൻസ് ബോട്ട് ലീഗിലെ തുടർച്ചയായ ആറാം മത്സരത്തിലും കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനു വിജയം. കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം ചുണ്ടനെ മൈക്രോ സെക്കൻഡുകൾക്കു പിന്തള്ളിയാണു വീയപുരത്തിന്റെ നേട്ടം.
കഴിഞ്ഞയാഴ്ച നടന്ന പുളിങ്കുന്ന് വള്ളംകളിയുടെ തനിയാവർത്തനമായിരുന്നു ഇന്നലെ കരുവാറ്റയിൽ കണ്ടത്. 60 പോയിന്റാണു സീസണിൽ വീയപുരത്തിനുള്ളത്. 6 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി മേൽപാടം ചുണ്ടനാണു രണ്ടാമത്.
വീയപുരം ചുണ്ടനു തൊട്ടുപിന്നിലായാണു (4.00.107) മേൽപാടം ചുണ്ടൻ (4.00.717) ഫിനിഷിങ് ലൈൻ കടന്നത്.
പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (4.06.831) മൂന്നാം സ്ഥാനവും നേടി. നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ (4.17.761) നാലാമതും ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലേപറമ്പൻ ചുണ്ടൻ (4.17.815) അഞ്ചാമതും കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ (4.31.702) ആറാമതുമെത്തി.
കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടൻ (4.38.820), മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടൻ (4.40.673), ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ (4.58.032) എന്നിവർ യഥാക്രമം 7 മുതൽ 9 വരെയുള്ള സ്ഥാനത്ത് എത്തി. മന്ത്രി പി.പ്രസാദ് വള്ളംകളി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു അധ്യക്ഷത വഹിച്ചു.
കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ്.സനൽ കുമാർ മാസ്ഡ്രിൽ ഫ്ലാഗ്ഓഫ് ചെയ്തു. എസ്.ഗോപാലകൃഷ്ണൻ മാസ്ഡ്രിൽ നയിച്ചു.
സിബിഎൽ ടെക്നിക്കൽ കമ്മിറ്റി ചീഫ് കോഓർഡിനേറ്റർ ആർ.കെ.കുറുപ്പ് സമ്മാനങ്ങൾ നൽകി. ജലോത്സവ സമിതി സെക്രട്ടറി എം.എം.അനസ് അലി, സിബിഎൽ സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി അംഗം കെ.കെ.ഷാജു, പി.ബി.ബിജു, സുനിൽ കുമാർ, കെ.രംഗനാഥക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
ആറാം വിജയം ചരിത്രം
സിബിഎലിന്റെ ചരിത്രത്തിൽ ആദ്യ 6 വള്ളംകളികളും വിജയിക്കുന്ന ആദ്യ ടീമായി കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ.
60 പോയിന്റായി. സിബിഎൽ പ്രഥമ സീസണായ 2019ൽ നടുഭാഗം ചുണ്ടനിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് 12 വള്ളംകളികളിൽ 11 എണ്ണവും വിജയിച്ചിരുന്നെങ്കിലും മറൈൻ ഡ്രൈവിലെ മത്സരത്തിൽ ഒന്നാം സ്ഥാനം കൈവിട്ടിരുന്നു.
പിന്നീടുള്ള വർഷങ്ങളിൽ ഇത്രയും മത്സരങ്ങളിൽ തുടർ വിജയം നേടാൻ ടീമുകൾക്കു കഴിഞ്ഞിരുന്നില്ല.
കരുവാറ്റയും കീഴടക്കി
ഇതുവരെ കീഴടക്കാനാകാത്ത കരുവാറ്റയിലെ നെട്ടായവും വീയപുരം– കൈനകരി വില്ലേജ് ബോട്ട് ക്ലബ് കൂട്ടുകെട്ടിനു മുൻപിൽ തലകുനിച്ചു. സിബിഎലിലെ കഴിഞ്ഞ നാലു സീസണുകളിലും കരുവാറ്റയിൽ വിജയിക്കാൻ വീയപുരത്തിനായിരുന്നില്ല. 2023ൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞു വീയപുരം ചുണ്ടൻ സിബിഎൽ ടൈറ്റിൽ വിജയികളായെങ്കിലും കരുവാറ്റയിൽ വിജയിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം കൈനകരി വില്ലേജ് ബോട്ട് ക്ലബ് തന്നെയാണു വീയപുരത്തിൽ തുഴഞ്ഞതെങ്കിലും കരുവാറ്റയിൽ രണ്ടാം സ്ഥാനമാണു ലഭിച്ചത്. കരുവാറ്റയിലെ അഞ്ചാം മത്സരത്തിലാണു വീയപുരത്തിന്റെ കിരീടധാരണം.
സിബിഎലിന്റെ ഈ സീസണിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വീയപുരം ചുണ്ടൻ വിജയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

